Advertisment

കോഴിക്കോട് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയാ പിഴവ്: ശസ്ത്രക്രിയ നടത്തിയ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സണിനെതിരെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ സസ്പെൻഷൻ നടപടി. വിശദമായ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രിയുടെ നിർദ്ദേശം. സസ്പെൻഷനെ എതിർത്ത് സർക്കാർ ഡോക്ടർമാരുടെ സംഘടന കെ.ജി.എം.സി.ടി.എ. നടപടി വസ്തുതകൾ അന്വേഷിക്കാതെയും ധൃതി പിടിച്ചുളളതെന്നും കെ.ജി.എം.സി.ടി.എ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
H

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിയ്ക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതിയില്‍ അടിയന്തിര നടപടിയുമായി ആരോഗ്യ വകുപ്പ്. കുട്ടിക്ക് ശസ്ത്ര ക്രിയ നടത്തിയ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സണെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

Advertisment

സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് നടപടി. വിശദമായ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നൽകി.


ആശുപത്രികള്‍ പ്രോട്ടോകോളുകള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി. എന്നാൽ സസ്പെൻഷനെതിരെ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ രംഗത്തെത്തി. വസ്തുതകൾ അന്വേഷിക്കാതെയും കൃത്യമായ അന്വേഷണം നടത്താതെയും ധൃതി പിടിച്ചു നടത്തിയ സസ്പെൻഷൻ നിർഭാഗ്യകരമാണെന്നാണ് കെ.ജി.എം.സി.ടി.എയുടെ പ്രതികരണം.


പ്രതികൂലമായ സാഹചര്യങ്ങളിലും സ്തുത്യർഹമായ സേവനം നൽകുന്ന മെഡിക്കൽ കോളേജ് ടീച്ചർമാരുടെ ആത്മവീര്യം തകർക്കുന്നതാകരുത് ഇത്തരം നടപടികളെന്നും കെ.ജി.എം.സി.ടി.എ വാർത്താകുറിപ്പിൽ പറഞ്ഞു. എന്നാൽ മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ പിഴവിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് പൊലീസാണ് കേസെടുത്തത്. പൊലീസ് കേസ് എടുത്തിട്ടും ശസ്ത്രക്രിയയിൽ പിഴവില്ലെന്നാണ് കെ.ജി.എം.സി.ടി.എയുടെ നിലപാട്.

മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ ചെയ്തെന്ന വാർത്ത തെറ്റിദ്ധാരണാജനകമാണെന്നും കെ.ജി.എം.സി.ടി.എ പറയുന്നു. മെഡിക്കൽ കോളേജിൽ ആറാം വിരൽ നീക്കം ചെയ്യേണ്ട ശസ്ത്രക്രിയക്ക് എത്തിയ കുട്ടിക്ക് നാക്കിന്നടിയിലായി കെട്ട് ശ്രദ്ധയിൽ പെടുകയായിരുന്നു. നാക്കിനടിയിലെ ചെറിയ വൈകല്യം ആയതിനാൽ ഇത് രക്ഷിതാക്കളുടെ ശ്രദ്ധയിൽ പെടാറില്ല.


നാവിലെ കെട്ട് അഴിച്ചു കൊടുക്കാതെ ഇരുന്നാൽ ഇപ്പോൾ പ്രതൃക്ഷപ്രശ്നങ്ങൾ ഇല്ലെങ്കിലും ഭാവിയിൽ അത് സംസാര വൈകല്യത്തിന് കാരണമാകാം എന്നുള്ളതിനാലും സംസാരം പൂർണ്ണമായി വികസിച്ചു കഴിഞ്ഞാൽ സംസാര വൈകല്യം ചികിത്സിച്ചു ഭേദമാക്കാൻ ബുദ്ധിമുട്ടായതിനാലും ഇതിന് പ്രഥമ പരിഗണന നൽകി കുട്ടിയെ ആ ശസ്ത്രക്രിയക്ക് പോസ്റ്റ് ചെയ്യുക ആയിരുന്നു.


നാവിന് കെട്ടില്ലാത്ത ഇല്ലാത്ത കുട്ടികളിൽ ഈ ശസ്ത്രക്രിയ സാധ്യമല്ല എന്നുള്ളതും ശ്രദ്ധേയമാണ്. എന്നാൽ ശസ്ത്രക്രിയക്ക് ശേഷം ആറാം വിരലിൻ്റെ ശസ്ത്രക്രിയ ഇപ്പോൾ തന്നെ ചെയ്യണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടതിനാൽ അതും അപ്പോൾ തന്നെ ചെയ്യുകയായിരുന്നു . നാക്കിൻ്റെ താഴെ പാട പോലെ കാണുന്നതാണ് നാക്കിലെ കെട്ട്. ഇതാണ് ശസ്ത്രക്രിയ ചെയ്തു മാറ്റിയത്. ഇത് ശസ്ത്രക്രിയക്ക് ശേഷം കുട്ടിയുടെ മാതാപിതാക്കളെ പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു. ഇതല്ലാതെ നാക്കിൻ്റെ അറ്റം മുറിച്ചു എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കെ.ജി.എം.സി.ടി.എ വാർത്താകുറിപ്പിൽ പറഞ്ഞു.

വസ്തുതകൾ അന്വേഷിക്കാതെയും കൃത്യമായ അന്വേഷണം നടത്താതെയും ധൃതി പിടിച്ചു നടത്തിയ സസ്പെൻഷൻ നിർഭാഗ്യകരമാണ്. പ്രതികൂലമായ സാഹചര്യങ്ങളിലും സ്തുത്യർഹമായ സേവനം നൽകുന്ന മെഡിക്കൽ കോളേജ് ടീചർമാരുടെ ആത്മവീര്യം തകർക്കുന്നതാകരുത് ഇത്തരം നടപടികൾ.ഒരു പാട് നിരാലംബരായ രോഗികളുടെ അത്താണിയായ സ്ഥാപനത്തിൻ്റെ സത്പേരിന് കളങ്കം സൃഷ്ടിക്കുന്ന പ്രചാരണങ്ങളിൽ നിന്നും മാധ്യമങ്ങൾ വിട്ടു നിൽക്കണമെന്ന് കെ.ജി.എം.സി.ടി.എ അഭ്യർത്ഥിച്ചു.

Advertisment