ദേശീയ പാതയോരത്ത് 500 കോടി വിലയുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഭൂമി സ്വകാര്യ ഏജൻസികൾക്ക് തീറെഴുതുന്നു. വമ്പൻ കൊള്ളയ്ക്കുള്ള നീക്കം ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കാനെന്ന വ്യാജേന. സർവകലാശാലയ്ക്ക് സ്വന്തമായി സ്റ്റേഡിയവും മികച്ച കായിക സൗകര്യങ്ങളുമുള്ളപ്പോൾ പുതിയ സ്റ്റേഡിയത്തിന്റെ പേരിൽ ഭൂമി തട്ടിപ്പ്. കേരള യൂണിവേഴ്സിറ്റിയുടെ 37ഏക്കർ ഭൂമി ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് കൈമാറിയിട്ട് പാട്ടക്കുടിശിക 87 കോടി. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് വമ്പൻ കടുംവെട്ടുമായി സർക്കാർ

New Update
CalicutUniversity

തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയുടെ 42ഏക്കർ ഭൂമി ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കാനെന്ന വ്യാജേന സ്വകാര്യ ഏജൻസികൾക്ക് കൈമാറാനുള്ള നീക്കം തടയണമെന്ന് ഗവർണർക്ക് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പരാതി നൽകി. ദേശീയ പാതയോട് ചേർന്ന 500കോടി രൂപ വിലമതിക്കുന്ന ഭൂമിയാണ് കൈമാറുന്നത്.

Advertisment

സർവകലാശാല ഭൂമിയിൽ സ്റ്റേഡിയം നിർമ്മാണം ഏറ്റെടുക്കുന്നതിന് പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയ സംഘമാണെന്നാണ് പരാതി. 'കേരള' യിലെ ഗ്രീൻഫീഡ് സ്റ്റേഡിയം തട്ടിപ്പിന് സമാനമായി സർവകലാശാലാ ഭൂമി സ്വകാര്യ  ഏജൻസികൾക്ക്  കൈമാറാൻ നീക്കം നടക്കുന്നതായി ആക്ഷേപം.


സ്റ്റേഡിയം നിർമ്മാണവുമായി ബന്ധപ്പെട്ട പദ്ധതിരേഖയോ കരാർ വ്യവസ്ഥകളോ ഇതുവരെ സർവകലാശാലയ്ക്ക് ലഭിച്ചിട്ടില്ല. 700കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന സ്റ്റേഡിയ നിർമ്മാണത്തിന് 125കോടി കിഫ്ബിയിൽ നിന്ന് അനുവദിച്ചതല്ലാതെ ബാക്കി തുക എങ്ങനെ കണ്ടെത്തുമെന്ന് വ്യക്തതയില്ല. സർവകലാശാലാ ഭൂമിയിലും ബാറുകളും വൻകിട ഹോട്ടലുകളും ഉൾപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ നിർമ്മിക്കാനാണ് സ്വകാര്യ ഏജൻസികൾ ലക്ഷ്യമിടുന്നതെന്നാണ് പരാതി.

സർവകലാശാലയ്ക്ക് സ്വന്തമായി സ്റ്റേഡിയവും മികച്ച കായിക സൗകര്യങ്ങളുമുള്ളപ്പോൾ പുതിയ  സ്റ്റേഡിയത്തിന്റെ പേരിൽ ഭൂമി വിട്ടുനൽകുന്നത് സർവകലാശാലയുടെ ഭാവി വികസനത്തെ ദോഷകരമായി ബാധിക്കുമെന്നും പരാതിയിലുണ്ട്. സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് മുൻപ് ഇതിനായുള്ള കരാറുകളിൽ  ഒപ്പുവയ്ക്കാനാണ് ശ്രമം.

കേരള സർവകലാശാലയുടെ 37ഏക്കർ ഭൂമി നേരത്തേ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് വിട്ടുകൊടുത്തിരുന്നു. സർവകലാശാലയുടെ ഭൂമിയിൽ പണിത സ്റ്റേഡിയം  ഇപ്പോൾ പൂർണമായി സ്വകാര്യ ഏജൻസികളുടെ കൈവശമാണ്.

പാട്ടതുക ഇനത്തിൽ 87 കോടി രൂപ കേരള സർവകലാശാലയ്ക്ക് കിട്ടാനുണ്ട്. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ സിനിമാ തിയേറ്ററുകൾ,  വിവാഹ മണ്ഡപങ്ങൾ, കോൺഫറൻസ് ഹാളുകൾ റെസ്റ്റോറന്റുകൾ, ബാറുകൾ, ഐടി കമ്പനികൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്. എന്നിട്ടും യൂണിവേഴ്സിറ്റിക്ക് നൽകാനുള്ള പാട്ടത്തുക സ്റ്റേഡിയം നടത്തിപ്പ് ഏജൻസി നൽകുന്നില്ല.

Advertisment