കാരവാന്‍ ടൂറിസത്തിന്‍റെ ഭാഗമായി ക്യാമ്പര്‍ വാനുകള്‍; സബ്സിഡിയ്ക്കും അര്‍ഹത

New Update
CARAVAN TURISM.jpg
തിരുവനന്തപുരം: സംസ്ഥാനത്തെ കാരവാന്‍ ടൂറിസത്തിന് കുതിപ്പ് നല്കുന്നതിനായുള്ള ' കാരവാന്‍  കേരള' പദ്ധതിയില്‍ ക്യാമ്പര്‍വാനുകളെ ഉള്‍പ്പെടുത്താന്‍ സര്‍ക്കാറിന്‍റെ ഭരണാനുമതി. ഇതിന്‍റെ ഭാഗമായി കാരവാന്‍ സംരംഭകര്‍ക്കുള്ള സബ്സിഡി ക്യാമ്പര്‍വാനുകള്‍ക്കും ലഭ്യമാകും.

ടൂറിസം മേഖലയുടെ നവീകരണവും പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയും ഉറപ്പാക്കുന്നതിനായി കാരവാന്‍ ടൂറിസം പദ്ധതിയില്‍ ക്യാമ്പര്‍ വാനുകളെ ഉള്‍പ്പെടുത്താന്‍ സംസ്ഥാന ടൂറിസം വകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് കാരവാന്‍ ടൂറിസം നയം പരിഷ്കരിച്ച് ഉത്തരവ് ഇറക്കിയത്.

സംസ്ഥാനത്തുടനീളമുള്ള വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട ക്യാമ്പര്‍ വാന്‍ ഓപ്പറേറ്റര്‍മാര്‍ക്കും പ്രാദേശിക സംരംഭകര്‍ക്കും ഇതിലൂടെ ധാരാളം അവസരങ്ങള്‍ തുറന്ന് കിട്ടുമെന്ന് ടൂറിസം മന്ത്രി പി എ. മുഹമ്മദ് റിയാസ് പറഞ്ഞു. വിനോദസഞ്ചാരികളുടെ ചെറു സംഘങ്ങള്‍ക്കും കുടുംബമായെത്തുന്നവര്‍ക്കും ബഡ്ജറ്റ് സൗഹൃദപരവും സുഖകരവുമായ യാത്രാനുഭവം സമ്മാനിക്കാന്‍ ക്യാമ്പര്‍ വാനുകള്‍ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിനോദസഞ്ചാരികള്‍ക്ക് മികച്ച യാത്രാനുഭവം നല്‍കാനും കാരവാന്‍ ഓപ്പറേറ്റര്‍മാരെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് കാരവാന്‍ ടൂറിസം പദ്ധതി വിഭാവനം ചെയ്തത്. കാരവാന്‍ ടൂറിസത്തിന്‍റെ സമഗ്ര വികസനത്തിനും പ്രചാരണത്തിനുമുള്ള ബൃഹത്തായ ചട്ടക്കൂട് ഒരുക്കുന്നതിന് കാരവാന്‍ ടൂറിസം നയവും രൂപീകരിച്ചിരുന്നു.
Advertisment
Advertisment