കാന്‍ ചലച്ചിത്ര മേളയില്‍ ഗ്രാന്‍ പ്രി പുരസ്‌കാരം നേടിയ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' (പ്രഭയായ് നിനച്ചതെല്ലാം) ഒടിടിയിലേക്ക്.
ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിനാണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്. 2025 ജനുവരി 3ന് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കും.
29-ാമത് ഐഎഫ്എഫ്കെയിലും ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് പ്രദര്‍ശിപ്പിച്ചിരുന്നു. പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രം നവംബര്‍ 22ന് തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു.
റാണ ദഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ഇന്ത്യയില്‍ വിതരണം ചെയ്തത്. ഫ്രാന്‍സിലെയും ഇറ്റലിയിലെയും ചലച്ചിത്രോത്സവങ്ങളില്‍ പ്രശംസ പിടിച്ചുപറ്റിയതിനും അവിടുത്തെ വിശാലമായ തിയറ്റര്‍ റിലീസിനും ശേഷമാണ് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' ഇന്ത്യയില്‍ റിലീസ് ചെയ്തത്.
ഗ്രാന്‍ഡ് പ്രിക്സ് പുരസ്‌കാരം
കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂണ്‍, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. 77-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പ്രിക്സ് പുരസ്‌കാരം നേടിയിരുന്നു ചിത്രം.
ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രവുമാണ് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'. ലോകമെമ്പാടും നിരൂപക പ്രശംസ നേടിയ ഈ ചിത്രം, ടെല്ലുരൈഡ് ഫിലിം ഫെസ്റ്റിവല്‍, ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവല്‍, സാന്‍ സെബാസ്റ്റ്യന്‍ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയ പ്രശസ്ത ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഇന്ത്യ- ഫ്രാന്‍സ് ഔദ്യോഗിക സഹനിര്‍മ്മാണ സംരംഭമായി ഒരുങ്ങിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഫ്രാന്‍സിലെ പെറ്റിറ്റ് കായോസ്, ഇന്ത്യയില്‍ നിന്നുള്ള ചാക്ക് & ചീസ്, അനതര്‍ ബര്‍ത്ത് എന്നീ ബാനറുകള്‍ ചേര്‍ന്നാണ്.
ഇന്ത്യയില്‍ എല്ലാ പ്രധാന നഗരങ്ങളിലും സ്പിരിറ്റ് മീഡിയയാണ് ചിത്രം വിതരണം ചെയ്യുന്നത്.