സഹകരണവകുപ്പ് - കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ് - പുതുവത്സര വിപണിക്കു തുടക്കം. സഹകരണ മേഖലയുടേത് സാമൂഹിക പ്രതിബദ്ധതയാര്‍ന്ന പ്രവര്‍ത്തനങ്ങളെന്ന് മന്ത്രി വി.എന്‍. വാസവന്‍

സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കണ്‍സ്യൂമര്‍ഫെഡ് സംഘടിപ്പിക്കുന്ന ക്രിസ്മസ്-പുതുവത്സരവിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ഏറ്റുമാനൂര്‍ ത്രിവേണി അങ്കണത്തില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

New Update
consumerfed cake cutting 19.12.2024

സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കണ്‍സ്യൂമര്‍ഫെഡ് സംഘടിപ്പിക്കുന്ന ക്രിസ്മസ്-പുതുവത്സരവിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം ഏറ്റുമാനൂര്‍ ത്രിവേണി അങ്കണത്തില്‍ നിര്‍വഹിച്ച സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ചപ്പോള്‍.

കോട്ടയം: സഹകരണമേഖലയുടേത് സാമൂഹിക പ്രതിബദ്ധതയാര്‍ന്ന പ്രവര്‍ത്തനങ്ങളാണെന്നും അതിന്റെ ഭാഗമായാണ് സഹകരണവകുപ്പ് കണ്‍സ്യൂമര്‍ഫെഡ് വഴി സബ്സിഡി നിരക്കില്‍ ജനങ്ങള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുന്നതെന്നും സഹകരണ - തുറമുഖ - ദേവസ്വം വകുപ്പു മന്ത്രി വി.എന്‍. വാസവന്‍. 

Advertisment

സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കണ്‍സ്യൂമര്‍ഫെഡ് സംഘടിപ്പിക്കുന്ന ക്രിസ്മസ്-പുതുവത്സരവിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ഏറ്റുമാനൂര്‍ ത്രിവേണി അങ്കണത്തില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.


ഓണം, ക്രിസ്മസ്, റംസാന്‍ തുടങ്ങി ആഘോഷകാലയളവുകളില്‍ പൊതുവിപണിയിലെ വിലവര്‍ധന തടയാന്‍ ഇടപെടുന്ന സഹകരണ സ്ഥാപനമാണ് കണ്‍സ്യൂമര്‍ഫെഡ്. സഹകരണവകുപ്പ് കണ്‍സ്യൂമര്‍ഫെഡ് വഴി 13 നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി വിലയില്‍ നല്‍കുന്നു. 


1601 രൂപയുടെ കിറ്റ് 1082 രൂപയ്ക്ക് നല്‍കുന്നു. സാധാരണക്കാര്‍ക്ക് ആശ്വാസം പകരാനും പൊതുവിപണിയിലെ വില നിയന്ത്രിക്കാനുമുള്ള സര്‍ക്കാരിന്റെ നടപടികളുടെ ഭാഗമായാണ് സബ്സിഡി നിരക്കില്‍ സാധനങ്ങള്‍ ലഭ്യമാക്കുന്നത്. 

കോവിഡ് കാലത്ത് പള്‍സ് ഓക്സിമീറ്റര്‍ 950 രൂപയ്ക്ക് കണ്‍സ്യൂമര്‍ ഫെഡ് നല്‍കിയിരുന്നു. 3000 രൂപ പൊതുവിപണിയില്‍ വിലയുള്ള സമയത്താണിത്. ആരോഗ്യമേഖലയിലും സഹകരണസ്ഥാപനങ്ങള്‍ സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നു. 


ഗുണമേന്മയേറിയ സാധനങ്ങള്‍ വിലക്കുറവില്‍ ലഭ്യമാക്കുകയാണ് കണ്‍സ്യൂമര്‍ ഫെഡ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. വേദിയില്‍ കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷത്തിലും മന്ത്രി പങ്കെടുത്തു.  


13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കിലും മറ്റ് ഉല്‍പ്പന്നങ്ങള്‍ 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവിലും വിപണിയിലൂടെ ലഭിക്കും.

ഏറ്റുമാനൂര്‍ നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ് പടിയറ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യാതിഥിയായി. കണ്‍സ്യൂമര്‍ഫെഡ് മാനേജിങ് ഡയറക്ടര്‍ എം. സലീം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

നഗരസഭാംഗങ്ങളായ ഇ.എസ്. ബിജു, രശ്മി ശ്യാം, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ കെ.വി. സുധീര്‍, കണ്‍സ്യൂമര്‍ ഫെഡ് കോട്ടയം ഡയറക്ടര്‍ പ്രമോദ് ചന്ദ്രന്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ ഉണ്ണിക്കൃഷ്ണന്‍ നായര്‍, ജില്ലാ സഹകരണ ആശുപത്രി വൈസ് ചെയര്‍മാന്‍ കെ.എന്‍. വേണുഗോപാല്‍, ഏറ്റുമാനൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് ബിജു ജോസഫ് കൂമ്പിക്കല്‍, റീജണല്‍ മാനേജര്‍ പി.എന്‍. മനോജ്, രാഷ്ട്രീയകക്ഷി പ്രതിനിധി ബാബു ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

Advertisment