കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് റോഡില്‍ കാറുമായി മരണപ്പാച്ചില്‍ നടത്തിയ വിദ്യാര്‍ഥിക്കെതിരെ പോലീസ് കേസെടുത്തു. വിദ്യാര്‍ഥി മദ്യലഹരിയിലായിരുന്നു എന്നും മദ്യക്കുപ്പി വഹാനത്തില്‍ നിന്നും കണ്ടെടുത്തു എന്നും പോലീസ് പറഞ്ഞു. കാര്‍ ഓടിച്ച സിഎംഎസ് കോളജ് വിദ്യാര്‍ഥിയും പള്ളിക്കത്തോട് സ്വദേശിയുമായ ജൂബിന്‍ ജേക്കബിനെതിരെയാണ് പോലീസ് കേസെടുത്ത്.
മദ്യപിച്ചു വാഹനം ഓടിച്ചു അപകടം ഉണ്ടാക്കിയതിനാണ് കേസെടുത്തിരിക്കുന്നത്. സിഎംഎസ് കോളജിന് സമീപത്തു വച്ച് യാത്ര തുടര്‍ന്ന കാര്‍ കുടമാളൂര്‍ കോട്ടക്കുന്ന് വരെയാണ് അപകടകരമായി പാഞ്ഞത്. ചുങ്കം മുതല്‍ നിരവധി വാഹനങ്ങളില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു.
നിര്‍ത്താതെ പോയ വാഹനത്തെ നാട്ടുകാര്‍ പിന്തുടരുകയായിരുന്നു. ഒടുവില്‍ കുടമാളൂരിന് സമീപം റോഡ് വശത്തെ മരത്തിലടിച്ചാണ് യുവാവ് ഓടിച്ച കാര്‍ നിന്നത്.
കാറോടിച്ച് നടത്തിയ പരാക്രമത്തില്‍ ഇടിച്ചുതെറിപ്പിച്ചത് ഏഴ് വാഹനങ്ങളാണ്. കോട്ടയത്ത് വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം.
കോട്ടയം സിഎംഎസ് കോളജ് റോഡിലൂടെ അമിതവേഗത്തില്‍ ഓടിച്ച കാര്‍ മുന്‍പില്‍പോയതും എതിരേവന്നതുമായ വാഹനങ്ങളില്‍ ഇടിച്ചു. വീണ്ടും നിര്‍ത്താതെ വാഹനം ഓടിച്ചുപോയ വിദ്യാര്‍ഥി ചുങ്കത്തും ചാലുകുന്നിലും കുടയംപടിയിലും കുടമാളൂരിലും വാഹനങ്ങളെ ഇടിച്ചെങ്കിലും വാഹനം നിര്‍ത്തിയില്ല.
ഇതോടെ നാട്ടുകാര്‍ കാര്‍ പിന്തുടര്‍ന്നു. പാഞ്ഞുപോയ കാര്‍ പനമ്പാലത്ത് നിയന്ത്രണംവിട്ട് റോഡരികിലെ മരത്തില്‍ ഇടിച്ചുകയറി. നാട്ടുകാര്‍ ഡ്രൈവറെ പുറത്തിറക്കിയപ്പോഴാണ് വിദ്യാര്‍ഥിയാണെന്നും അര്‍ധബോധാവസ്ഥയിലാണെന്നും കണ്ടെത്തിയത്.
വിദ്യാര്‍ഥി ലഹരിയിലാണ് കാറോടിച്ചിരുന്നതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ പറഞ്ഞു. വിവരമറിഞ്ഞ് ഗാന്ധിനഗര്‍, കോട്ടയം വെസ്റ്റ് എന്നിവിടങ്ങളില്‍നിന്ന് പോലീസും സ്ഥലത്തെത്തി. മരത്തിലിടിച്ച കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
യുവാവ് ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഇപ്പോഴുള്ളത്. വിദ്യാര്‍ഥിയുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് ഇടപെടണമെന്നാണ് ആവശ്യം. ഭാഗ്യം കൊണ്ടു മാത്രമാണ് ആർക്കും ജീവഹാനി ഉണ്ടാകാതിരുന്നതെന്നും നാട്ടുകാര്‍ പറയുന്നു.