കോഴിക്കോട്: വടകരയിൽ കാരവാനിൽ യുവാക്കൾ മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തലുമായി വിദഗ്ധ സംഘം. യുവാക്കൾ മരിച്ചത് കാർബൺ മോണോക്സൈഡ് ശ്വസിച്ചെന്നാണ് എൻഐടി സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞത്.
കാരവനിലെ ജനറേറ്ററിൽ നിന്നു വിഷ വാതകം പ്ലാറ്റ്ഫോം ദ്വാരം വഴി അകത്തേക്ക് വമിച്ചു. രണ്ട് മണിക്കൂറിനിടെ 957 പിപിഎം അളവ് കാർബൺ മോണോക്സൈഡാണ് അകത്ത് പടർന്നതെന്നും പരിശോധനയിൽ വ്യക്തമായി.
കഴിഞ്ഞ മാസം 23 നായിരുന്നു അപകടം. പോലീസിനൊപ്പം ഫോറൻസിക് വിഭാഗവും, വാഹനം നിർമ്മിച്ച ബെൻസ് കമ്പനിയുടെ സാങ്കേതിക വിദഗ്ധരും എൻഐടിയിലെ വിദഗ്ധ സംഘത്തിന്റെ പരിശോധനയുടെ ഭാഗമായിരുന്നു.
മലപ്പുറം വണ്ടൂർ സ്വദേശിയായ മനോജും, കാസറഗോഡ് വെള്ളരിക്കുണ്ട് സ്വദേശി ജോയലുമാണ് മരിച്ചത്. വടകരയിൽ ദേശീയ പാതയോരത്ത് നഗര മധ്യത്തിൽ ഒരു രാത്രിയും ഒരു പകലുമാണ് യുവാക്കൾ മരിച്ചുകിടന്നത്.
വിവാഹ സംഘത്തോടൊപ്പം എത്തിയതായിരുന്നു യുവാക്കൾ. വടകര കരിമ്പനപാലത്തിനടുത്ത് വാഹനം നിർത്തി. എസി ഓൺ ചെയ്ത് വിശ്രമിച്ചതായിരുന്നു.
വാടകയ്ക്ക് എടുത്ത കാരവാൻ തിരിച്ചെത്താതെ വന്നതോടെ വാഹനത്തിന്റെ ഉടമകളാണ് ആദ്യം അന്വേഷിച്ച് ഇറങ്ങിയത്. പിന്നാലെ വാഹനം കണ്ടെത്തി. തുറന്ന് നോക്കിയപ്പോഴാണ് അകത്ത് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്.