കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടിനു ചങ്ങനാശേരി അതിരൂപതയുടെ പ്രൗഡോജ്ജ്വല സ്വീകരണം. വേദിയില്‍ വികാരഭരിതനായി കര്‍ദിനാള്‍. പറഞ്ഞു തീര്‍ക്കാവുന്നതില്‍ ഉപരി നന്ദിനിറഞ്ഞ മനസോടെയാണു നിങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്നതെന്ന് മാര്‍ കൂവക്കാട്

New Update
H

ചങ്ങനാശേരി: പറഞ്ഞു തീര്‍ക്കാവുന്നതില്‍ ഉപരി നന്ദിനിറഞ്ഞ മനസോടെയാണു ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ വ്യാപരിക്കുന്നതെന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്.

Advertisment

ചൊല്ലി ഉരുട്ടുന്ന ജപമണികളോട് ചേര്‍ത്ത് എന്നെ ദൈവ സന്നിധിയില്‍ സമര്‍പ്പിക്കുന്ന വിറയാര്‍ന്ന കരങ്ങളോടൊക്കെ എപ്രകാരണാണ് എനിക്കു നന്ദിപറയുവാന്‍ സാധിക്കുക.


പറയുന്ന വാക്കുകളേക്കാള്‍ എന്റെ ഹൃദയത്തിന്റെ നന്ദിയും വികാരവും ഒപ്പിയെടുക്കുവന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു എന്നും വികാരഭരിതമായ വാക്കുകളാല്‍ അദ്ദേഹം പറഞ്ഞു.


ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ എസ്.ബി കോളജ് മാര്‍ മാത്യു കാവുകാട്ട് ഹാളില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ഒരു വലിയ ചരിത്രത്തിന്റെ ഭാഗമായാണ് അങ്ങേയറ്റം വീനീതനായി ഞാന്‍ ഇന്നു ഇവിടെ നലില്‍ക്കുന്നത്. തന്നു വീട്ടാവുന്നതിലേറെ കടങ്ങള്‍ ഉണ്ടെന്നും വിനയപൂര്‍വം ഞാന്‍ ഏറ്റുപറയുന്നു.


എന്റെ ആദ്യ ബിരുദം  എസ്.ബി. കോളജില്‍ നിന്നായിരുന്നു. അതിനുപരി ജീവിതത്തിന് ഒരു രസതന്ത്രം ഉണ്ടെന്നും അതു സ്‌നേഹത്തിന്റെ രസതന്ത്രമാണെന്നു കൂടി എന്നെ ഈ കലാലയം പഠിപ്പിച്ചു.


മാതൃ കുടുംബവും മാതൃ ഇടവകയും മാതൃകലായവും മാതൃ രൂപതയും എനിക്കു വേണ്ടിപാകിയ അടിത്തറയുടെ ശിലകള്‍ ഭദ്രമാണെന്നു ഞാന്‍ കരുതുന്നു.

ഹൃദയത്തിന്റെ ഭാഷ സംസാരിക്കുന്ന പരിശുദ്ധ ഫ്രാന്‍സിസ് പാപ്പായോട് ചേര്‍ന്നുള്ള എന്റെ വിനീതമായ ശുശ്രൂഷയ്ക്കു വേണ്ടി നിങ്ങളുടെ പ്രാര്‍ഥനയും അനുഗ്രഹവും ചോദിക്കുന്നു. 

കുറവുകള്‍ ഏറെ ഉണ്ടായിരുട്ടും അതെല്ലാം ശക്തിയായി എന്നില്‍ പരിവര്‍ത്തനം ചെയ്യുന്ന കാരുണ്യവാനായ ദൈവത്തിനു മുന്നില്‍ ഞാന്‍ എന്റെ കരങ്ങള്‍ കൂപ്പുന്നു.


ഫ്രാന്‍സിസ് പാപ്പായോടൊപ്പം നടന്ന അവസാന യാത്രകളില്‍ ഒന്ന് ഈസ്റ്റ് തിമോര്‍ എന്നു രാജ്യത്തായിരുന്നു. അവിടെ അനാഥരായ കുട്ടികളെ സന്ദര്‍ശിക്കാന്‍ പാപ്പാ എത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയതു രണ്ടു കരങ്ങളും ഇല്ലാത്ത 'ആല്‍ദോ' എന്നു പറയുന്ന ഒരു ഏഴുവയസുകാരനായിരുന്നു.


ജന്മനാ അവനു കരങ്ങള്‍ ഇല്ലെന്നു മനസിലാക്കിയ അവന്റെ അമ്മ അവനെ ചവിറ്റുകുപ്പയില്‍ ഉപേക്ഷിച്ചു. സിസറ്റര്‍മാര്‍ അവനെ എടുത്തു വളര്‍ത്തി. അവിനിന്ന് ഏഴുവയസുണ്ട്.

അവരുടെ അടുത്തായിരിക്കുമ്പോള്‍ പരിശുദ്ധ പിതാവ് പറഞ്ഞത് ''അന്ന്യരില്‍ ദൈവ സാദന്നിധ്യം കണ്ട് അന്ന്യരില്‍ നിന്നു കൃപ സ്വീകരിക്കാ''മെന്നായിരുന്നു.

പരിശുദ്ധ പിതാവ് അത് പഠിപ്പിച്ചപ്പോള്‍ ഞാന്‍ അടുത്തു നില്‍പ്പുണ്ടായിരുന്നു. ആ കൃപയുടെ സ്വര്‍ഗീയമായ കൈയൊപ്പെന്ന നിലയിലാണു ഞാന്‍ നിങ്ങളുടെ മുന്‍പില്‍ നില്‍ക്കുന്നതെന്നും നന്ദിപ്രസംഗത്തില്‍ മാര്‍ കൂവക്കാട്ട് പറഞ്ഞു.


സ്വീകരണ സമ്മേളനം ഹൈദരാബാദ് രൂപത ആര്‍ച്ച് ബിഷപ്പ് ആന്റണി പൂള ഉദ്ഘാടനം ചെയ്തു.


സഭയോട് കാണിച്ച അചഞ്ചലമായ പ്രതിബദ്ധതയ്‌ക്കൊപ്പം നയതന്ത്ര മികവും സംഘടനാ പാടവവും സൂക്ഷ്മമായ ആസൂത്രണവുമാണ് അദ്ദേഹത്തെ കര്‍ദിനാള്‍ പദവിക്ക് അര്‍ഹനാക്കിയത്.

മാര്‍ ജോര്‍ജ് കൂവക്കാടിനു ലഭിച്ച കര്‍ദ്ദിനാള്‍ പദവി സാര്‍വത്രിക സഭയ്ക്ക് ലഭിച്ച അംഗീകാരം കൂടിയാണെന്ന് ആര്‍ച്ച് ബിഷപ്പ് ആന്റണി പൂള ഉദ്ഘാടന സമ്മേളനത്തില്‍ പറഞ്ഞു.

അതിരൂപതാ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ സ്വാഗതം പറഞ്ഞു. സീറോമലബാര്‍ സഭയുടെ മുന്‍ മേജര്‍ ആര്‍ച്ചു ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു.

മാനവികതയും ദൈവികതയും ഒന്നു ചേരുന്ന സുവിശേഷമാണു ദൈവം നല്‍കുന്നത്. സ്‌നേഹിക്കുകയെന്നതാണു നമ്മുടെ ഉത്തരവാദിത്വം. മനുഷ്യവര്‍ഗത്തെ താദാത്മ്യ ഭാവത്തോടെ കണ്ട ദൈവത്തിന്റെ പ്രതിഫലനമാണു വിശ്വാസ സമൂഹത്തിലും കാണേണ്ടത്.


പാവപ്പെട്ടവനോടുള്ള പ്രതിബദ്ധതയില്‍ ക്രിസ്തുവിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കണമെന്നും ക്രിസ്മസ് യഥാര്‍ത്ഥ ക്രിസ്മസ് ആകണമെങ്കില്‍ നമ്മുടെ ലാളിത്യം പുല്‍ക്കൂടിന്റെ ലാളിത്യമായിരിക്കണമെന്നും അധ്യക്ഷ പ്രസംഗത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.


അതിരൂപതാ മുന്‍ മെത്രാപ്പോലീത്താ ആര്‍ച്ചു ബിഷപ് മാര്‍.ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണം നടത്തി. മന്ത്രി റോഷി അഗസ്റ്റിന്‍ അനുമോദന പ്രസംഗം നടത്തി.

ഐകരാഷ്ടസഭാ മുന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ ശശി തരൂര്‍ എ.പി മുഖ്യപ്രഭാഷണം നടത്തി. ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസ്, ശ്രീനാരായണ ധര്‍മ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,

പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി, മാര്‍ ജോര്‍ജ് കോച്ചേരി, കൊടിക്കുന്നില്‍ സുരേഷ് എം.പി, ജോബ് മൈക്കിള്‍ എം.എല്‍.എ, ചങ്ങനാശേരി നഗരസഭ ചെയര്‍പേഴ്‌സന്‍ കൃഷ്ണകുമാരി രാജശേഖരന്‍, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി രേഖ മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു.

എം.പി ഡീന്‍ കുര്യാക്കോസ്, എം.എല്‍.എ മാരായ പി.പി ചിത്തരഞ്ജന്‍, മാത്യു കുഴല്‍നാടന്‍, മാണി സി. കാപ്പന്‍ ,മോന്‍സ് ജോസഫ്, ചാണ്ടി ഉമ്മന്‍, മുന്‍ എം.എല്‍.എ കെ.സി ജോസഫ് തുടങ്ങി രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരും അതിരൂപത വിശ്വാസി സമൂഹവും പങ്കെടുത്തു.