/sathyam/media/media_files/CKIG1sheXU7muJ4dnGgj.jpg)
കൊച്ചി: അശ്ലീല വീഡിയോ കാസെറ്റുകൾ കടയിൽ നിന്ന് പിടിച്ചെടുത്ത കേസിൽ ശിക്ഷിക്കപ്പെട്ട കോട്ടയം കൂരോപ്പട സ്വദേശി 28 വര്‍ഷത്തിന് ശേഷം കുറ്റവിമുക്തന്‍. വില്‍ക്കാനായി അശ്ലീല കാസറ്റുകള്‍ സൂക്ഷിച്ചുവെന്ന കുറ്റത്തിനാണ് കൂരോപ്പട സ്വദേശിയെ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.
തെളിവായി കോടതിയില്‍ ഹാജരാക്കിയ കാസറ്റുകള്‍ മജിസ്ട്രേറ്റ് സ്വമേധയാ പരിശോധിച്ചുറപ്പുവരുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് പ്രതിയോ കുറ്റവിമുക്തനാക്കിയത്. 1997ലാണ് ഇയാളുടെ ഉടമസ്ഥതതയിലുണ്ടായിരുന്ന കടയില്‍ നിന്ന് പോലീസ് 10 കാസറ്റുകള്‍ കസ്റ്റഡിയിലെടുത്തത്.
ഇവയില്‍ അശ്ലീല ദൃശ്യങ്ങളുണ്ടെന്ന് പറഞ്ഞ് ഐപിസി 292 വകുപ്പ് പ്രകാരം കേസെടുത്തു. കേസില്‍ കോട്ടയം മജിസ്ട്രേറ്റ് കോടതി പ്രതിക്ക് രണ്ടുവര്‍ഷം തടവും 2000 രൂപ പിഴയും വിധിച്ചു. ഇതിനെതിരെ ഇയാള്‍ സെഷന്‍സ് കോടതിയെ സമീപിച്ചതോടെ ശിക്ഷ ഒരുവര്‍ഷമായും പിഴത്തുക 1000 രൂപയായും കുറഞ്ഞു.
സെഷന്‍സ് കോടതി വിധിക്കെതിരെ ഇയാള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പിടിച്ചെടുത്ത വീഡിയോ കാസെറ്റിൽ അശ്ലീല ദൃശ്യങ്ങൾ ഉണ്ടോയെന്ന് കേസ് കേട്ട മജിസ്ട്രേറ്റ് സ്വമേധയാ കണ്ട് ബോധ്യപ്പെട്ടില്ലെന്ന് ഹർജിക്കാർ ഹൈക്കോടതിയിൽ വാദിച്ചു.
ഇത് കോടതി അംഗീകരിക്കുകയായിരുന്നു. സാക്ഷിമൊഴികൾ എത്രയുണ്ടെങ്കിലും തന്റെ മുമ്പാകെ ഹാജരാക്കിയ തെളിവു നേരിട്ടു പരിശോധിച്ച് ഉറപ്പാക്കുകയെന്നത് മജിസ്ട്രേറ്റ് ചെയ്യേണ്ട കാര്യമായിരുന്നുവെന്ന് കോടതി വ്യക്തമാക്കി.