/sathyam/media/media_files/2024/12/03/9HuxK3JEOcfOCWBRdTkY.webp)
ആലപ്പുഴ: പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്ന കായംകുളത്തെ ജില്ലാ പഞ്ചായത്ത് അംഗത്തിന് പണി കൊടുക്കാൻ ഉറച്ച് സി.പി.എം. ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ ജില്ലാ പഞ്ചായത്തംഗവും മുൻ ഏരിയ കമ്മിറ്റി അംഗവുമായ ബിപിൻ.സി.ബാബുവിനെതിരായ ഗാർഹിക പീഡന പരാതി പൊടി തട്ടിയെടുത്താണ് സി.പി.എമ്മിൻെറ പ്രതികാരം.
ബിപിൻ.സി.ബാബുവിൻെറ ഭാര്യയും പാർട്ടി ലോക്കൽ കമ്മിറ്റി അംഗവുമായ മിനിസാ ജബ്ബാർ പാർട്ടിക്ക് നൽകിയ ഗാർഹിക പീഡന പരാതി പൊലിസിന് കൈമാറിയാണ് രാഷ്ട്രീയ ശത്രുക്കളുടെ പാളയത്തിലേക്ക് കൂറുമാറിയ പഴയ നേതാവിന് സി.പി.എം ചെക്ക് പറഞ്ഞിരിക്കുന്നത്.
പരാതി ലഭിച്ചതോടെ ബിപിൻ സി.ബാബുവിനെതിരെ കായംകുളം പൊലീസ് ഗാർഹിക പീഡന വിരുദ്ധ നിയമ പ്രകാരം കേസെടുത്തു. ബിപിൻ.സി.ബാബുവിൻെറ അമ്മ പ്രസന്നകുമാരിയും കേസിൽ പ്രതിയാണ്. പ്രസന്നകുമാരി ഇപ്പോഴും സി.പി.എം കായംകുളം ഏരിയാ കമ്മിറ്റി അംഗമാണ്.
പണി ബിപിൻ.സി.ബാബുവിനെ ലക്ഷ്യം വെച്ചുളളതാണെങ്കിലും ഏരിയ കമ്മിറ്റി അംഗമായ അമ്മയേയും കേസിൽ കുടുക്കുകയാണ് സി.പി.എം ചെയ്തിരിക്കുന്നത്. ബിപിൻ.സി.ബാബുവിനെ ഏരിയാ കമ്മിറ്റിയിൽ തരംതാഴ്ത്തിയത് മുതൽ പ്രസന്നകുമാരി പാർട്ടി പ്രവർത്തനങ്ങളിൽ സജീവമല്ല.
ഒരുവർഷം മുൻപാണ് കായംകുളം ഏരിയാ കമ്മിറ്റി അംഗം ആയിരുന്ന ബിപിൻ.സി.ബാബുവിനെതിരെ ഭാര്യ പാർട്ടിക്ക് പരാതി നൽകിയത്.
പരസ്ത്രീ ബന്ധമുണ്ടെന്നും അത് ചോദ്യം ചെയ്തതിൻെറ പേരിൽ തന്നെ പീഡിപ്പിക്കുകയാണെന്നുമായിരുന്നു ലോക്കൽ കമ്മിറ്റി അംഗം കൂടിയായ ഭാര്യ മിനിസ ജബ്ബാർ ഏരിയ നേതൃത്വത്തിന് പരാതി നൽകിയത്. പരാതിക്ക് പിന്നാലെ ബിപിൻ.സി.ബാബുവിനെ സി.പി.എമ്മിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
ലോകസഭാ തിരഞ്ഞെടുപ്പ് കാലത്ത് തിരിച്ചെടുത്തെങ്കിലും ബ്രാഞ്ച് അംഗമായി നിലനിർത്തുകയാണ് ചെയ്തത്. ഇതിൽ നേതൃത്വത്തോട് കലഹിച്ചാണ് ബിപിൻ.സി.ബാബു പാർട്ടി വിടുന്നത്.
കൃഷ്ണപുരം ഡിവിഷനിൽ നിന്നുളള ജില്ലാ പഞ്ചായത്തംഗമായ ബിപിൻ.സി.ബാബു പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നത് സി.പി.എമ്മിനെ വലിയ തോതിൽ പ്രകോപിപ്പിച്ചിട്ടുണ്ട്.അതാണ് ബിപിൻ.സി.ബാബു പാർട്ടി വിട്ടതിന് പിന്നാലെ കേക്ക് മുറിച്ച് ആഘോഷവും മറ്റും സംഘടിപ്പിച്ചത്.
ബിപിൻെറ ബിജെപിയിലേക്കുളള പോക്ക് പ്രദേശത്തെ സി.പി.എമ്മിനെ ഒരുതരത്തിലും ബാധിക്കില്ലെന്ന പ്രതീതി സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് കേക്ക് മുറിക്കൽ ആഘോഷം നടത്തിയത്. കായംകുളത്ത് നടന്ന ഒരു കേക്ക് മുറി ആഘോഷത്തിൽ ബിപിൻെറ ഭാര്യ മിനിസയും പങ്കെടുത്തിരുന്നു.
പാർട്ടിയുടെ ഭാരം ഒഴിഞ്ഞെന്ന് വിളിച്ചുപറഞ്ഞുകൊണ്ടുളള ആഘോഷത്തിന് പിന്നാലെ പാർട്ടിയുടെ പക്കലുളള ഗാർഹിക പീഡന പരാതി പൊലീസിന് കൈമാറിയതിലൂടെ ബിപിൻ.സി.ബാബുവിനെ കേസിൽ പെടുത്തുക എന്ന ലക്ഷ്യം കൂടിയാണ് നിറവേറ്റപ്പെട്ടിരിക്കുന്നത്.