Advertisment

നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട കേസ്; രണ്ട് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

തകഴി കുന്നുമ്മയിലാണ് നവജാതശിശുവിനെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ദുരൂഹതകള്‍ ഏറെയുള്ള സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

New Update
alappy child accuse two persons

ആലപ്പുഴ: നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട കേസില്‍ രണ്ട് പ്രതികളെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. യുവതിയുടെ സുഹൃത്തും രണ്ടാം പ്രതിയുമായ തോമസ് ജോസഫ്, ഇയാളുടെ കൂട്ടാളി മൂന്നാം പ്രതി അശോക് ജോസഫ് എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. ഒന്നാം പ്രതിയായ കുഞ്ഞിന്റെ അമ്മ പൂച്ചാക്കല്‍ സ്വദേശിനി കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ്.

Advertisment

തകഴി കുന്നുമ്മയിലാണ് നവജാതശിശുവിനെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ദുരൂഹതകള്‍ ഏറെയുള്ള സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. അമ്മയും ആണ്‍സുഹൃത്തും ചേര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയതാണോ, അമ്മ കുഞ്ഞിനെ കൊന്ന് കാമുകന് നല്‍കിയതാണോ തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് ഉത്തരം കണ്ടെത്തേണ്ടത്. രാജസ്ഥാനില്‍ പഠിക്കുമ്പോഴാണ് യുവതിയും ആണ്‍സുഹൃത്തും തമ്മില്‍ അടുപ്പത്തിലായത്.

ഈ മാസം ആറാം തീയതി പുലര്‍ച്ചെയാണ് യുവതിയുടെ പ്രസവം നടന്നത്. മൃതദേഹം മറവ് ചെയ്തത് ഏഴാം തീയതിയാണെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. നവജാത ശിശുവിന്റെ ദുരൂഹ മരണം പുറം ലോകത്തെത്തുന്നതില്‍ നിര്‍ണായകമായത് ഡോക്ടറുടെ സംശയമാണ്. വയറുവേദനയെ തുടര്‍ന്ന് യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

സംശയം തോന്നിയ ആശുപത്രി അധികൃതര്‍ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ മാത്രമേ ചികിത്സ നല്‍കാനാകൂ എന്നറിയിച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിയതോടെയാണ് യുവതിയുടെ പ്രസവം നടന്ന വിവരം പുറത്തറിയുന്നത്. കുഞ്ഞിനെക്കുറിച്ച് ചോദിച്ചപ്പോള്‍ യുവാവിന്റെ കൈവശം അമ്മത്തൊട്ടിലില്‍ നല്‍കാനായി ഏല്‍പ്പിച്ചെന്നാണ് അറിയിച്ചതെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. പിന്നാലെയായിരുന്നു കുഞ്ഞിനെ കുഴിച്ച് മൂടിയതാണെന്ന യുവതിയുടെ കുറ്റസമ്മതം.

Advertisment