/sathyam/media/media_files/2025/12/27/n-subramanyan-pinarai-vijayan-unnkirishnan-potty-2025-12-27-21-16-42.jpg)
തിരുവനന്തപുരം: സ്വർണക്കടത്ത് പ്രതി പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ ചിത്രം ഫേസ്ബുക്കിൽ ഇട്ടതിന് കോൺഗ്രസ് നേതാവ് എൻ. സുബ്രഹമണ്യനെതിരേ കലാപാഹ്വാനത്തിന് കേസെടുത്തത് കോടതിയിൽ നിലനിൽക്കാൻ ഇടയില്ല.
മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വീഡിയോയിൽ നിന്നെടുത്ത ചിത്രമാണിതെന്നാണ് സുബ്ഹമണ്യന്റെ വാദം.
ശബരിമലയിൽ സേവനത്തിനുള്ള ആംബുലൻസ് കൈമാറുന്ന ചടങ്ങിൽ പങ്കെടുത്ത പോറ്റി, മുഖ്യമന്ത്രിയുടെ ചെവിയിൽ സ്വകാര്യം പറഞ്ഞതായി കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചടങ്ങിന്റെ വീഡിയോ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടത്.
മുഖ്യമന്ത്രിയുടെയും സോണിയയുടെയുമൊക്കെ ചിത്രങ്ങൾ പുറത്തുവിട്ട് കോടാനുകോടികളുടെ സ്വർണക്കൊള്ള വഴിതിരിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
ഇതിന്റെ ഭാഗമായാണ് സുബ്രഹ്മണ്യനെ അതിരാവിലെ വീട്ടിലെത്തി പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചത്. കോൺഗ്രസ് പ്രവർത്തകരുടെ അതിരൂക്ഷമായ പ്രതിഷേധത്തെ തുടർന്ന് സുബ്രഹ്മണ്യനെ വിട്ടയയ്ക്കുകയായിരുന്നു.
അതേസമയം, കലാപാഹ്വാനത്തിനുള്ള വകുപ്പ് കേരളത്തിൽ വൻതോതിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്.
മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ രഹസ്യ മൊഴിക്കുപിന്നിൽ ഗൂഢാലോചനയുണ്ടെന്നും, കലാപമുണ്ടാക്കാനുള്ള ശ്രമമാണെന്നുമുള്ള മുൻ മന്ത്രി കെ.ടി.ജലീലിന്റെ പരാതിയിൽ സ്വപ്നയെയും പി.സി.ജോർജിനെയും പ്രതികളാക്കി കേസെടുത്തിരുന്നു. ഐ.പി.സി 153 (കലാപത്തിനുള്ള ആഹ്വാനം), 120-ബി (ഗൂഢാലോചന) വകുപ്പുകൾ ചുമത്തിയാണ് കേസ്.
കലാപത്തിനുള്ള ആഹ്വാനം നടത്തിയതിനുള്ള ഐ.പി.സി 153 ചുമത്തുന്നത് കരുതലോടെ വേണമെന്ന് അരുൺ പുരി കേസിൽ സുപ്രീംകോടതി ഉത്തരവുണ്ട്. ഒരു അക്രമമോ പ്രത്യേക സംഭവമോ (ആക്ട്) അതേത്തുടർന്നുള്ള അക്രമ പരമ്പരകളോ ഉണ്ടെങ്കിൽ മാത്രമേ ഈ വകുപ്പ് നിലനിൽക്കൂ.
സ്വപ്നയും പി.സി.ജോർജ്ജും രഹസ്യമൊഴിയുടെ വിവരങ്ങൾ പുറത്തുവിട്ടത് ആസൂത്രിതമായ കലാപത്തിനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നും യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കുകയും പൊലീസിനെ ആക്രമിക്കുകയും, അതുവഴി നാട്ടിലാകെ സംഘർഷം വ്യാപിപ്പിക്കാനുമാണ് നീക്കമെന്നുമായിരുന്നു കെ.ടി.ജലീലിന്റെ പരാതി.
കേരളത്തിൽ ബോധപൂർവം കലാപം അഴിച്ചുവിടാനുള്ള ഗൂഢാലോചനയാണിതെന്നും പരാതിയിലുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗൂഢാലോചനയ്ക്കും കലാപ ആഹ്വാനത്തിനും ഇരുവർക്കുമെതിരേ കേസെടുത്തത്.
കലാപമുണ്ടാക്കാനുള്ള ശ്രമത്തിന് ഗൂഢാലോചന നടത്തിയതിനാണ് ഐ.പി.സി 120 (ബി) പ്രകാരം ഗൂഢാലോചന കുറ്റം ചുമത്തിയത്. എന്നാൽ കലാപ ആഹ്വാനത്തിനുള്ള ഐ.പി.സി 153 നിലനിൽക്കുന്നതല്ലെങ്കിൽ ഗൂഢാലോചനക്കുറ്റത്തിന് പ്രസക്തിയില്ലാതാവും.
ആദ്യകുറ്റം റദ്ദായാൽ ഗൂഢാലോചക്കുറ്റം സ്വാഭാവികമായി റദ്ദാകും. സി.ആർ.പി.സി 164പ്രകാരമുള്ള രഹസ്യമൊഴിയിൽ കുറ്റസമ്മതമൊഴിയായോ സാക്ഷിമൊഴിയായോ എന്തും പറയാം. ബാഹ്യസമ്മർദ്ദങ്ങളില്ലാതെ മജിസ്ട്രേറ്റിനു മുന്നിൽ രേഖപ്പെടുത്തുന്ന മൊഴിയാണിത്.
എന്നാൽ വിചാരണ വേളയിൽ, രഹസ്യമൊഴിയിലേത് തെറ്റായ വിവരങ്ങളാണെന്ന് തെളിയിക്കാനായാൽ ഐ.പി.സി 193പ്രകാരം വ്യാജ തെളിവു നൽകിയതിന് കേസെടുക്കാനാവും.
തനിക്കെതിരെ വ്യാജമൊഴി നൽകിയെന്ന് സി.ആർ.പി.സി 341പ്രകാരം മുഖ്യമന്ത്രിക്ക് കോടതിയിൽ ഹർജി നൽകാം. എന്നാൽ ഇത് വിചാരണ വേളയിൽ മാത്രമാവും പരിഗണിക്കപ്പെടുക.
അതേസമയം, മുഖ്യമന്ത്രിയും പോറ്റിയും തമ്മിലുള്ള ഫോട്ടോ വ്യാജമല്ലെന്നാണ് സുബ്രഹ്മണ്യൻ പറയുന്നത്. വീഡിയോയിൽ നിന്നെടുത്ത ചിത്രമാണത്. എ.ഐ ചിത്രമല്ലെന്നും അദ്ദേഹം പറയുന്നു. ഈ സ്ഥിതിക്ക് കലാപാഹ്വാനത്തിനെടുത്ത കേസിൽ തുടർ നടപടികൾ അസാദ്ധ്യമായിരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us