തിരുവനന്തപുരം: കൊച്ചി ആസ്ഥാനമായുളള ഐടി ഡെവലപ്പര്‍ കമ്പനിയായ കാസ്പിയന്‍ ടെക് പാര്‍ക്ക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ടെക്നോപാര്‍ക്ക് ഫേസ് വണ്‍ കാമ്പസിലെ 81.42 സെന്‍റ് സ്ഥലത്ത് ആധുനിക നിര്‍മ്മാണ സാങ്കേതികവിദ്യ ഉപയോഗിച്ച് ഐടി കെട്ടിടം നിര്‍മ്മിക്കും.
ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവുവിന്‍റെ സാന്നിധ്യത്തില്‍ സെക്രട്ടറിയേറ്റിലെ ചേംബറില്‍ വച്ച് നിര്‍മ്മാണ പദ്ധതിക്കായുള്ള ലെറ്റര്‍ ഓഫ് ഇന്‍റന്‍റ് ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) കാസ്പിയന്‍ ടെക് പാര്‍ക്ക്സ് ഇന്ത്യയുടെ എംഡി തോമസ് ചാക്കോയ്ക്ക് കൈമാറി.
81.42 സെന്‍റ് സ്ഥലത്ത് ഓഫീസ് സ്പേസും കോ-വര്‍ക്കിംഗ് സ്പേസും നിര്‍മ്മിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനാണ് കരാര്‍.
തലസ്ഥാന നഗരിയിലെ ഐടി മേഖലയിലേയ്ക്ക് പ്രവേശിക്കുന്ന കമ്പനിയ്ക്ക് ടെക്നോപാര്‍ക്ക് ഫേസ് 4 ലെ വരാനിരിക്കുന്ന അവസരങ്ങളും പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്ന് കമ്പനിയെ സ്വാഗതം ചെയ്തുകൊണ്ട് സീറാം സാംബശിവ റാവു പറഞ്ഞു.
ഇന്‍ഫോപാര്‍ക്കിലും കൊച്ചിയിലെ സ്മാര്‍ട്ട്സിറ്റിയിലും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നടപ്പാക്കിയ പദ്ധതികള്‍ പരിഗണിച്ചാണ് കമ്പനിയെ തെരഞ്ഞെടുത്തതെന്ന് കേണല്‍ സഞ്ജീവ് നായര്‍ പറഞ്ഞു. ഈ മേഖലയിലെ കമ്പനിയുടെ വൈദഗ്ധ്യവും പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള കഴിവും ഈ നിര്‍മ്മാണത്തിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടെക്നോപാര്‍ക്കിന്‍റെ ആവശ്യാനുസരണം നിര്‍മ്മിക്കുന്ന കെട്ടിടത്തിന്‍റെ രൂപരേഖ ഒരു മാസത്തിനുള്ളില്‍ സമര്‍പ്പിക്കുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കുമെന്നും കാസ്പിയന്‍ ടെക് പാര്‍ക്ക്സ് ഇന്ത്യയുടെ എംഡി തോമസ് ചാക്കോ പറഞ്ഞു.
ടെക്നോപാര്‍ക്ക് സിടിഒ മാധവന്‍ പ്രവീണ്‍, ടെക്നോപാര്‍ക്ക് മാര്‍ക്കറ്റിംഗ് ആന്‍ഡ് കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ് വസന്ത് വരദ, സിഎഫ്ഒ വിപിന്‍ കുമാര്‍ എസ്, സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ജോര്‍ജ് ജേക്കബ്, കാസ്പിയന്‍ ടെക് പാര്‍ക്ക്സ് ഡയറക്ടര്‍ ഉണ്ണിയമ്മ തോമസ്, അഡ്മിന്‍ ആന്‍ഡ് പിആര്‍ ജനറല്‍ മാനേജര്‍ റെജി കെ തോമസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.