കത്തോലിക്കാ കോൺഗ്രസ് അവകാശ സംരക്ഷണ യാത്രക്ക് സെക്രട്ടറിയേറ്റ് മാർച്ചോടും ധർണ്ണയോടും കൂടി സമാപനം

New Update
Catholic Congress
തിരുവനന്തപുരം/ കോട്ടയം  : കത്തോലിക്ക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ വിവിധ ജനകീയ ആവശ്യങ്ങൾ ഉന്നയിച്ച് ഒക്ടോബർ 13 നു കാസർകോഡ് തുടങ്ങിയ  'അവകാശ സംരക്ഷണ യാത്ര'  ഇന്ന് രാവിലെ 10 മണിക്ക്  തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി   മണ്ഡപത്തിൽ നിന്നും ആരംഭിക്കുന്ന ആയിരങ്ങൾ അണിനിരക്കുന്ന സെക്രട്ടറിയേറ്റ് മാർച്ചോടെയും , തുടർന്ന് സെക്രട്ടറിയേറ്റിനു മുൻപിൽ നടക്കുന്ന ധർണ്ണയോടെയും സമാപിക്കും .  
കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ  അദ്ധ്യക്ഷത വഹിക്കുന്ന യോഗം , ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത ആർച്ച്ബിഷപ് മാർ തോമസ് തറയിൽ ഉദ്ഘാടനം  ചെയ്യും .ബിഷപ്പ് ലഗേറ്റ് മാർ റെമിജിയുസ് ഇഞ്ചനാനിയിൽ അനുഗ്രഹ പ്രഭാഷണം നടത്തും .  തുടർന്ന് കത്തോലിക്ക കോൺഗ്രസ് അവകാശ പത്രിക പ്രഖ്യാപനവും സമർപ്പണവും നടക്കും .  സമുദായ - സാമൂഹ്യ നേതാക്കന്മാർ , വിവിധ രൂപതകളിൽ നിന്നുള്ള സമുദായ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

സർക്കാരുകളും - രാഷ്ട്രീയ പാർട്ടികളും മുഖം തിരിച്ച് നിൽക്കുന്ന വിവിധ ജനകീയ - സാമുദായിക വിഷയങ്ങൾ ചൂണ്ടി കാട്ടിയാണ് കേരളത്തിലെ 14 ജില്ലകളിലൂടെയും  ജാഥ അവകാശ സംരക്ഷണ യാത്ര കടന്നു പോന്നത് .  സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, ആർച്ച് ബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോസഫ് പാംപ്ലാനി , മാർ തോമസ് തറയിൽ ബിഷപ്പുമായ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ പോളി കണ്ണൂകാടൻ,മാർ ജോസ് പുളിക്കൽ,മാർ അലക്സ് താരാമംഗലം,മാർ പീറ്റർ കൊച്ചുപുരയ്ക്കൽ,മാർ ടോണി നീലങ്കാവിൽ,മാർ ജോൺ നെല്ലിക്കുന്നേൽ,  മാർ  ജോസഫ് പണ്ടാരശ്ശേരിൽ  എന്നിവർ വിവിധ കേന്ദ്രങ്ങളിൽ അഭിസംബോധന ചെയ്തു സംസാരിച്ചു .
വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കൊപ്പം ചിറ്റാരിക്കൽ,പേരാവൂർ, മാനന്തവാടി, തിരുവമ്പാടി, മണ്ണാർക്കാട്,തൃശൂർ,ഇരിങ്ങാലക്കുട, അങ്കമാലി , കോതമംഗലം, കട്ടപ്പന, കാഞ്ഞിരപ്പള്ളി, പാലാ,കുട്ടനാട്,ചങ്ങനാശ്ശേരി,തിരുവനന്തപുരം എന്നിവിടങ്ങളിൽ സമുദായ - സാമൂഹ്യ നേതാക്കന്മാർ, സമുദായ അംഗങ്ങൾ  തുടങ്ങിയവർ പങ്കെടുത്ത ജനകീയ മഹാ സമ്മേളനങ്ങൾ സംഘടിപ്പിച്ചു .

നീതി ഔദാര്യമല്ല അവകാശമാണ്' എന്ന മുദ്രാവാക്യവുമായി മതേതരത്വവും രാജ്യത്തിന്റെ ഭരണഘടനയും സംരക്ഷിക്കുക,ജസ്റ്റിസ്'ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ച് നടപ്പിലാക്കുക,വന്യമൃഗ ശല്യവും ഭൂപ്രശ്നങ്ങളും അവസാനിപ്പിക്കുക,റബ്ബർ,നെല്ല് ഉൾപ്പെടെ കാർഷിക ഉൽപന്നങ്ങളുടെ വില തകർച്ചയ്ക്ക് പരിഹാരം കാണുക,വിദ്യാഭ്യാസ - ന്യൂനപക്ഷ രംഗങ്ങളിലെ അവഗണനകൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യാത്ര നടത്തിയത് .
ഭിന്നശേഷി സംവരണത്തിന്റെ പേരിൽ അധ്യാപക നിയമന നിരോധനം,ഈ ഡബ്ല്യൂ എസ് സംവരണം,തെരുവ് നായ ആക്രമണങ്ങൾ,ഭൂപതിവ് ചട്ട ഭേദഗതി,മുനമ്പം പ്രശ്നത്തിലെ രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകൾ, ന്യൂനപക്ഷ ആക്രമണങ്ങൾ തുടങ്ങിയവയും ജാഥയുടെ പ്രധാന വിഷയങ്ങൾ ആയിരുന്നു .ജനകീയ ആവശ്യങ്ങൾ പരിഗണിക്കാതെ ഇലക്ഷൻ ജയിക്കാൻ വേണ്ടി മാത്രം രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന പാർട്ടികളുടെ ഇരട്ടത്താപ്പുകൾ യാത്രയിൽ ചർച്ചാവിഷയമായി .അവഗണന തുടർന്നാൽ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് ഒപ്പം നിന്ന് കത്തോലിക്ക കോൺഗ്രസ്‌ വരും തിരഞ്ഞെടുപ്പുകളിൽ കൃത്യമായ രാഷ്ട്രീയ ഇടപെടലുകൾ നടത്തുമെന്ന് കത്തോലിക്ക കോൺഗ്രസ്‌ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ പറഞ്ഞു.

ഡയറക്ടർ ഡയറക്ടർ ഫാ.ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ ജോസ്കുട്ടി ജെ ഒഴുകയിൽ,ട്രഷറർ അഡ്വ. ടോണി പുഞ്ചകുന്നേൽ, ഭാരവാഹികളായ ഡോ.കെ.എം. ഫ്രാൻസിസ്,ബെന്നി ആന്റണി,ട്രീസ ലിസ് സെബാസ്റ്റ്യൻ,രാജേഷ് ജോൺ,ജോർജ് കോയിക്കൽ,ബിജു സെബാസ്റ്റ്യൻ, ഫിലിപ്പ് വെളിയത്ത്, ജേക്കബ് നിക്കോളാസ്, അഡ്വ . മനു വരാപ്പള്ളി  തുടങ്ങിയവരുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു .
Advertisment
Advertisment