ജൈവമാലിന്യങ്ങളില്‍ നിന്ന് സെല്ലുലോസ് പള്‍പ്പ് : ശ്രദ്ധേയമായി കെഎസ് യുഎം വനിതാ സ്റ്റാര്‍ട്ടപ്പ്

ഒരു വനിതാ സംരംഭക ഈ മേഖലയിലെത്തുന്നത് കേരളത്തില്‍ ആദ്യം

New Update
selluloid peppa
തിരുവനന്തപുരം: ജൈവമാലിന്യങ്ങളില്‍ നിന്ന് മികച്ച ഗുണനിലവാരവും സുസ്ഥിരവുമായ മൈക്രോക്രിസ്റ്റലിന്‍, നാനോക്രിസ്റ്റലിന്‍ സെല്ലുലോസ് പള്‍പ്പ് ഉത്പാദിപ്പിക്കുന്ന വനിതാ സ്റ്റാര്‍ട്ടപ്പ് ശ്രദ്ധേയം. കേരള സ്റ്റാര്‍ട്ടപ്പ് മിഷനു (കെഎസ് യുഎം) കീഴില്‍ പ്രവര്‍ത്തിക്കുന്ന സെല്ലുപ്രോ ഗ്രീന്‍ പ്രൈവറ്റ് ലിമിറ്റഡാണ് സുസ്ഥിര സെല്ലുലോസ് പള്‍പ്പ് ഉത്പാദിപ്പിക്കുന്നത്.
Advertisment


കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ വി-സ്റ്റാര്‍ട്ട് പ്രീ ഇന്‍കുബേഷന്‍ പരിപാടിയുടെ ഗുണഭോക്താവും മാവേലിക്കര സ്വദേശിനിയും ചെങ്ങന്നൂര്‍ പ്രൊവിഡന്‍സ് എഞ്ചിനീയറിംഗ് കോളേജ് അധ്യാപികയുമായ ഡോ. രശ്മി രാജശേഖരനാണ് സെല്ലുപ്രോ ഗ്രീന്‍ കമ്പനിയ്ക്ക് പിന്നില്‍. ഭര്‍ത്താവ് പത്മകുമാറും ചെങ്ങന്നൂര്‍ സ്വദേശിനി മായ രാജേഷും സഹസ്ഥാപകരാണ്.

വൈക്കോല്‍, കരിമ്പിന്‍ ചണ്ടി, ചക്കമടല്‍, പൈനാപ്പിള്‍ ചെടിയുടെ അവശിഷ്ടം തുടങ്ങിയ കാര്‍ഷിക മാലിന്യങ്ങളില്‍ നിന്നാണ് സെല്ലുലോസ് പള്‍പ്പ് നിര്‍മ്മിക്കുന്നത്. ഡോ. രശ്മി രാജശേഖരന്‍റെ പത്ത് വര്‍ഷത്തെ ഗവേഷണത്തിന്‍റെ ഫലമാണ് മൈക്രോക്രിസ്റ്റലിന്‍, നാനോക്രിസ്റ്റലിന്‍ സെല്ലുലോസ് പള്‍പ്പുകള്‍.

കേരളത്തില്‍ ആദ്യമായാണ് ഒരു വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭക മൈക്രോക്രിസ്റ്റലിന്‍, നാനോക്രിസ്റ്റലിന്‍ സെല്ലുലോസ് പള്‍പ്പ് ഉത്പാദന യൂണിറ്റെന്ന ആശയവുമായി മുന്നോട്ട് വരുന്നത്. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ വേള്‍ഡ് ടോപ് 2 % ശാസ്ത്രജ്ഞരുടെ പട്ടികയില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഇടം നേടാന്‍ ഡോ. രശ്മി രാജശേഖരന് സാധിച്ചിട്ടുണ്ട്. ബയോടെക് റിസര്‍ച്ച് സൊസൈറ്റി ഓഫ് ഇന്ത്യ (ബിആര്‍എസ്ഐ)യുടെ 2023 ലെ മികച്ച വനിതാ ശാസ്ത്രജ്ഞയ്ക്കുള്ള അവാര്‍ഡും ലഭിച്ചു.

സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ( ക്രീമുകള്‍, ലോഷനുകള്‍, ഫെയ്സ് മാസ്കുകള്‍, സണ്‍സ്ക്രീനുകള്‍), പേപ്പര്‍ ഉത്പന്നങ്ങള്‍ (ടിഷ്യൂ പേപ്പര്‍, സാനിറ്ററി നാപ്കിനുകള്‍) തുടങ്ങിയവയുടെ നിര്‍മ്മാണത്തിനും ബയോകോമ്പോസിറ്റുകള്‍ വികസിപ്പിക്കുന്നതിലെ ഗവേഷണ പദ്ധതികള്‍ക്കുമുള്ള അത്യന്താപേക്ഷിക ഘടകങ്ങളിലൊന്നാണ് മൈക്രോക്രിസ്റ്റലിന്‍, നാനോക്രിസ്റ്റലിന്‍ സെല്ലുലോസ് പള്‍പ്പുകള്‍.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ വി-സ്റ്റാര്‍ട്ട് പ്രീ ഇന്‍കുബേഷന്‍ പരിപാടിയില്‍ നിന്ന് ലഭിച്ച പിന്തുണയും മാര്‍ഗനിര്‍ദേശവും സംരംഭകാശയത്തെ ഉത്പന്നമായി മാറ്റാന്‍ പ്രചോദനമായതായി ഡോ. രശ്മി രാജശേഖരന്‍ പറഞ്ഞു. 100% പരിസ്ഥിതി സൗഹൃദവും ഹെര്‍ബലുമായ ഈ ഉത്പന്നത്തിന്‍റെ പേറ്റന്‍റ് നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി യോജിച്ചു പോകുന്ന തരത്തിലാണ് ഉത്പന്ന നിര്‍മ്മാണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Advertisment