/sathyam/media/media_files/2025/02/01/vdfnEojSjCTUFeRnQgHS.jpg)
തിരുവനന്തപുരം: രാഷ്ട്രീയ ലാഭവിഹിതം കുറഞ്ഞ സംസ്ഥാനങ്ങളെക്കാൾ, ബിജെപിക്ക് രാഷ്ട്രീയമായി "നിക്ഷേപം"നടത്താൻ കഴിയുന്ന സംസ്ഥാനങ്ങൾക്കാണ് ഇത്തവണത്തെ ബജറ്റിൽ കേന്ദ്രസർക്കാരിൻെറ മുൻഗണന.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ കേരളത്തിനും ബംഗാളിനും നേരിട്ട വിവേചനപരമായ അവഗണന ഇതിൻെറ ഏറ്റവും കൃത്യമായ തെളിവാകുന്നു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി മുന്നണിക്ക് കാര്യമായ നേട്ടം ഉണ്ടാക്കാനാകില്ലെന്ന് ബോധ്യമുളള കേരളവും ബംഗാളും പാടെ അവഗണിക്കപ്പെട്ടപ്പോൾ സ്വാധീനമുറപ്പിക്കാൻ ശ്രമം നടത്തുന്ന തമിഴ് നാടിന് കാര്യമായ പരിഗണന ലഭിച്ചതും ഇതിനോടൊപ്പം ചേർത്ത് വായിച്ചാൽ കേന്ദ്രബജറ്റിൽ ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയം ഏറെക്കുറെ സ്പഷ്ടമാകും.
ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബെംഗളൂരു എന്നിങ്ങനെ രണ്ട് പ്രധാന ഹൈ-സ്പീഡ് റെയിൽ ഇടനാഴികൾ തമിഴ്‌നാടിന് ലഭിച്ചിട്ടുണ്ട്.
'റെയർ എർത്ത് മിനറൽ' ഇടനാഴിയിൽ തമിഴ്‌നാടിനെ ഉൾപ്പെടുത്തിയത് സംസ്ഥാനത്തെ ഇലക്ട്രോണിക്സ് മേഖലയിൽ വലിയ മാറ്റമുണ്ടാക്കും.
നാളികേര കർഷകർക്കായി പ്രഖ്യാപിച്ച 'കോക്കനട്ട് പ്രൊമോഷൻ സ്കീം' തമിഴ്‌നാട്ടിലെ വോട്ട് ബാങ്കിനെ ലക്ഷ്യമിട്ടുള്ളതാണെന്ന വിലയിരുത്തലുണ്ട്.
രാഷ്ട്രീയ കൌശലം നിറഞ്ഞ നീക്കമാണെങ്കിലും കേന്ദ്രബജറ്റ് മുന്നോട്ട് വെക്കുന്ന സമീപനം സർക്കാരിൻെറെ വികസന മുദ്രാവാക്യത്തിന് തന്നെ കടകവിരുദ്ധമാണ്.
'സബ്കാ സാത്ത്, സബ്കാ വികാസ്' എന്ന മുദ്രാവാക്യം ബിജെപിയുടെ രാഷ്ട്രീയ ദർശനത്തിന്റെ അടിസ്ഥാനശിലയായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്.
എന്നാൽ കേരളം, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളുടെ കാര്യത്തിൽ ബജറ്റ് വിഹിതം കുറയുമ്പോൾ ഈ മുദ്രാവാക്യത്തിന്റെ പ്രായോഗികത ചോദ്യം ചെയ്യപ്പെടുന്നു.
ബിജെപിക്ക് രാഷ്ട്രീയമായി വേരോട്ടം കുറഞ്ഞ കേരളത്തിലും ബംഗാളിലും വലിയ പദ്ധതികൾ ഇല്ലെന്ന പരാതി ശക്തമാണ്.
എയിംസ് (AIIMS), ശബരി റെയിൽ, 21,000 കോടിയുടെ പ്രത്യേക പാക്കേജ് എന്നീ കേരളത്തിന്റെ പ്രധാന ആവശ്യങ്ങൾ ഇത്തവണത്തെ ബജറ്റിലും പൂർണ്ണമായി പരിഗണിക്കപ്പെട്ടില്ല.
റെയർ എർത്ത് ഇടനാഴിയിലും നാളികേര പദ്ധതിയിലും മാത്രമാണ് കേരളത്തിന് പരിഗണന ലഭിച്ചത്.ബംഗാളിലെ ഡങ്കുനിയെ ഗുജറാത്തിലെ സൂറത്തുമായി ബന്ധിപ്പിക്കുന്ന ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ (ചരക്ക് ഇടനാഴി) പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ അതിന് പിന്നിലും രാഷ്ട്രീയതന്ത്രങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്നാണ് സൂചന. രാഷ്ട്രീയമായി വലിയ പോരാട്ടം നടക്കുന്ന ബംഗാളിൽ ലോജിസ്റ്റിക്സ് മേഖലയിൽ നിക്ഷേപം നടത്തിക്കൊണ്ട് വ്യവസായവൽക്കരണം ചർച്ചയാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.
ബജറ്റ് എന്നത് വെറും സാമ്പത്തിക കണക്കുകൾ മാത്രമല്ല, അത് ഭരണകക്ഷിയുടെ രാഷ്ട്രീയ താൽപ്പര്യങ്ങളുടെ പ്രതിഫലനം കൂടിയാണ് എന്നതിൽ സംശയമില്ല.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് സാധ്യതയുണ്ടെന്ന് കരുതുന്ന അല്ലെങ്കിൽ നിർണ്ണായകമായ സംസ്ഥാനങ്ങൾക്ക് കൂടുതൽ ദൃശ്യമായ അടിസ്ഥാന സൗകര്യ പദ്ധതികൾ നൽകുക എന്നത് ഒരു സ്ഥിരം ശൈലിയാണ്.
കേരളത്തിനും ബംഗാളിനും പുതുച്ചേരിക്കും ഒപ്പം തിരഞ്ഞെടുപ്പ്
നടക്കാനിരിക്കുന്ന തമിഴ്‌നാട്, അസം സംസ്ഥാനങ്ങൾക്ക് ലഭിച്ച പരിഗണന ഇതിൻറെ ഉദാഹരമാണ്.2025-26 ലെ ബജറ്റിൽ ബിഹാർ, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങൾക്ക് വലിയ വിഹിതം ലഭിച്ചത് സഖ്യകക്ഷികളെ പ്രീണിപ്പിക്കാനായിരുന്നു.
ഇത്തവണ തമിഴ്‌നാടിന് നൽകിയ പ്രാധാന്യം അവിടെയുള്ള രാഷ്ട്രീയ ശൂന്യത നികത്താനുള്ള ശ്രമമായും കാണാം.വിഭവ വിതരണത്തിൽ ബിജെപി ഇതര സംസ്ഥാനങ്ങൾ ദയാരഹിതമായി അവഗണിക്കപ്പെടുന്നു എന്ന പരാതി 'നികുതി വിഹിത'ത്തിന്റെ കാര്യത്തിലും സജീവമാണ്.
16-ാം ധനകാര്യ കമ്മീഷൻ റിപ്പോർട്ട് വരാനിരിക്കുന്ന സാഹചര്യത്തിൽ ഇത് കൂടുതൽ പ്രസക്തമാണ്.ധനക്കമ്മീഷൻ വിഹിതം 41 ശതമാനത്തിൽ നിന്ന് 50ശതമാനത്തിലേക്ക് ഉയർത്തണമെന്ന കേരള സർക്കാരിൻെറ ആവശ്യം ബജറ്റ് ചെവിക്കൊണ്ടിട്ടില്ല.
എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനമാണ് ലക്ഷ്യമെങ്കിൽ, രാഷ്ട്രീയ ചായ്‌വുകൾ നോക്കാതെ എല്ലാ സംസ്ഥാനങ്ങൾക്കും അവയുടെ ജനസംഖ്യക്കും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾക്കും അനുസരിച്ചുള്ള വിഹിതം ലഭിക്കേണ്ടതുണ്ട്.
കേരളം പോലുള്ള സംസ്ഥാനങ്ങൾ ഉന്നയിക്കുന്ന എയിംസ് (AIIMS) പോലുള്ള ആവശ്യങ്ങൾ രാഷ്ട്രീയമല്ല, മറിച്ച് അടിസ്ഥാന ആരോഗ്യ ആവശ്യമാണ്. അത് നിഷേധിക്കപ്പെടുമ്പോൾ 'സബ്കാ വികാസ്' എന്നത് ഒരു തിരഞ്ഞെടുപ്പ് മുദ്രാവാക്യം മാത്രമായി ഒതുങ്ങുന്നു എന്ന വിമർശനം ശരിവെക്കപ്പെടുന്നു.
വ്യക്തിഗത ആനുകൂല്യങ്ങൾ (വീട്, വെള്ളം, ഗ്യാസ്, കിസാൻ സമ്മാൻ നിധി) വിതരണം ചെയ്യുന്നതിൽ സംസ്ഥാനങ്ങൾ തമ്മിൽ വിവേചനം കാണിക്കുന്നില്ലെന്നും ഇത് എല്ലാവരിലും എത്തുന്നുണ്ടെന്നാണ് കേന്ദ്രസർക്കാരും ബിജെപിയും മുന്നോട്ട് വെക്കുന്ന മറുവാദം.
കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പിലാക്കുന്നതിലെ സംസ്ഥാനങ്ങളുടെ വേഗതയും കൃത്യതയും അനുസരിച്ചാണ് പലപ്പോഴും ഫണ്ട് അനുവദിക്കുന്നത്.
കേരളം പലപ്പോഴും പദ്ധതികളുടെ പേര് മാറ്റുന്നതിനാലോ സ്ഥലമേറ്റെടുപ്പ് വൈകുന്നതിനാലോ ആണ് തടസ്സങ്ങൾ ഉണ്ടാകുന്നതെന്ന് കേന്ദ്രം ആരോപിക്കാറുണ്ട്.
എന്നാൽ കേരളവും ബംഗാളും പോലെ കേന്ദ്ര സർക്കാരിന്റെ നയങ്ങളോട് ഏറ്റവും ശക്തമായി വിയോജിക്കുന്ന സംസ്ഥാനങ്ങളെ അവഗണിക്കുന്നതിന് ഇതൊന്നും ന്യായീകരണമാകുന്നില്ല.
രാഷ്ട്രീയമായ വേർതിരിവ് ബജറ്റ് വിഹിതത്തെ ബാധിക്കുന്നു എന്നത് ഇന്ത്യൻ ഫെഡറലിസത്തിന് വലിയൊരു വെല്ലുവിളിയാണ്. കേരളം നൽകുന്ന നികുതിയുടെ ചെറിയൊരു ശതമാനം മാത്രമേ തിരികെ ലഭിക്കുന്നുള്ളൂ എന്ന പരാതിയും നിലനിൽക്കുന്നുണ്ട്.
വികസിത സംസ്ഥാനങ്ങളെ അവഗണിച്ച് പിന്നാക്ക സംസ്ഥാനങ്ങൾക്ക് കൂടുതൽ നൽകുന്നത് 'വികാസ്' എന്ന ലക്ഷ്യത്തിനാണെന്ന് കേന്ദ്രം പറയുമ്പോഴും, അത് കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ തകർക്കുന്നു എന്നതാണ് ഫലം.വികസനം എല്ലാ പൗരന്മാരുടെയും അവകാശമായി കാണുന്നതിന് പകരം വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള ഒരു ഉപാധിയായി ബജറ്റ് മാറുമ്പോൾ അത് ജനാധിപത്യപരമായ തുല്യതയെ ബാധിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us