/sathyam/media/media_files/DCPWmhRt1wcFFiTIyWA7.jpeg)
തിരുവനന്തപുരം: വായ്പാ പരിധി ഉയർത്തുന്നതിൽ അടക്കം കേന്ദ്രസർക്കാരുമായി കേസുനടത്തുന്ന കേരളത്തിന് കേന്ദ്രബജറ്റിൽ എന്തുകിട്ടും ?
അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന സംസ്ഥാനത്തിന് ആശ്വാസ പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടാവുമോ ? ഉരുൾപൊട്ടൽ നാശം വിതച്ച വയനാടിന് പ്രത്യേക പാക്കേജ് കേന്ദ്രം പ്രഖ്യാപിക്കുമോ ?
ഇങ്ങനെ നിരവധി ചോദ്യങ്ങൾക്ക് ബജറ്റിൽ ഉത്തരം കിട്ടുമെന്ന പ്രതീക്ഷയിലാണ് സർക്കാരും ധനമന്ത്രി കെ.എൻ ബാലഗോപാലും.
വരുന്ന കേന്ദ്രബജറ്റിൽ 24000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജും വയനാട് ദുരന്ത പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക സഹായവും പ്രഖ്യാപിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുകയാണ്.
വയനാടിന് സഹായധനമായി ഒരു രൂപ പോലും നൽകിയിട്ടില്ല. സംസ്ഥാന ദുരന്തപ്രതികരണ നിധിയിലേക്ക് 153കോടി നൽകിയെന്നാണ് കേന്ദ്രത്തിന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ പറഞ്ഞത്.
എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ്സെക്രട്ടറിക്കയച്ച ഓഫീസ് മെമ്മോറാണ്ടത്തിൽ 153.467കോടി രൂപ എൻ.ഡി.ആർ.എഫിന്റെ ഉന്നതാധികാര സമിതി അംഗീകരിച്ചെന്ന് മാത്രമാണുള്ളത്.
അതായത് പണം നൽകിയിട്ടില്ല, കണക്കിൽ മാത്രമാണുള്ളത്- ഇന്നലെ റവന്യൂ മന്ത്രി കെ. രാജൻ വ്യക്തമാക്കിയതാണ് ഇക്കാര്യം.
ദുരന്തബാധിതർക്കായി സ്കൂൾ, അംഗൻവാടി, കളിക്കളം, ആശുപത്രി, കമ്മ്യൂണിറ്റി സെന്റർ അടക്കമുള്ള നഗരസദൃശ്യമായ ടൗൺഷിപ്പാവും സർക്കാർ വയനാട്ടിൽ നിർമ്മിക്കുക.
അർഹതപ്പെട്ട സഹായം കേന്ദ്രം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. 2221കോടിയുടെ പുനർനിർമ്മാണ ചെലവിന്റെ കണക്ക് കേന്ദ്രത്തിന് നൽകിയിട്ടുണ്ട്. ഇതിൽ തീരുമാനമായിട്ടില്ല.
കേന്ദ്രബജറ്റിലെങ്കിലും പ്രഖ്യാപനമുണ്ടാവുമെന്ന് സംസ്ഥാനം പ്രതീക്ഷിക്കുന്നു. കേന്ദ്ര ബജറ്റ് തയ്യാറാക്കലിന് മുന്നോടിയായി കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ രാജസ്ഥാനിലെ ജയ്സാൽമീറിൽ വിളിച്ചുചേർത്ത യോഗത്തിൽ ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ കേരളത്തിന്റെ ആവശ്യങ്ങൾ മുന്നോട്ടുവച്ചു.
സംസ്ഥാനം നേരിടുന്ന വലിയ സാമ്പത്തിക ബുദ്ധിമുട്ടും പണ ക്ഷാമവും പരിഹരിക്കാൻ അടുത്ത രണ്ട് വർഷത്തിനുള്ളിൽ ലഭ്യമാകുന്ന നിലയിൽ പ്രത്യേക പാക്കേജ് ബജറ്റിൽ അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം.
ജിഎസ്ടി സമ്പ്രദായം പുർണസജ്ജമാകുന്നതുവരെ ജിഎസ്ടി നഷ്ടപരിഹാര വ്യവസ്ഥ തുടരണമെന്നും കേരളം അഭ്യർത്ഥിച്ചിട്ടുണ്ട്.
ദുരന്ത ബാധിതർക്കായി വീടുകളും സ്‌കൂളുകളും ആരോഗ്യ കേന്ദ്രങ്ങളും അവശ്യം അടിസ്ഥാന സൗകര്യങ്ങളുമടക്കമുള്ള ടൗൺഷിപ്പ് നിർമ്മാണത്തിന് ഈ പാക്കേജ് അവശ്യമാണ്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ തുടർ വികസന പ്രവർത്തനങ്ങൾക്കായി 5000 കോടിയും മനുഷ്യ, വന്യജീവി സംഘർഷത്തിന് പരിഹാര പദ്ധതികൾക്കായി 1000 കോടിയും
റബറിന് താങ്ങുവില ഉറപ്പാക്കാൻ 1000 കോടിയും നെല്ല് സംഭരണവുമായി ബന്ധപ്പെട്ട സപ്ലൈകോ ബാധ്യത തീർക്കാനും സംഭരണ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും 2000 കോടിയും നൽകണമെന്നും ആവശ്യപ്പെട്ടു.
ദേശീയപാതാ വികസനത്തിന് ഭുമി ഏറ്റെടുക്കുന്നതിന് നൽകിയ 6,000 കോടി രൂപ അധിക വായ്പയായി എടുക്കാൻ അനുവദിക്കണമെന്നും സംസ്ഥാനത്തിന്റെ വായ്പാപരിധി 3%ൽ നിന്ന് 3.5%ആയി കൂട്ടണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
വിഴിഞ്ഞം തുറമുഖ വികസനത്തിനായി 5000 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് സർക്കാർ കഴിഞ്ഞ കേന്ദ്രബജറ്റിന് മുന്നോടിയായും ആവശ്യപ്പെട്ടിരുന്നതാണ്. പക്ഷേ ഒരു രൂപ പോലും നൽകിയില്ല.
തുറമുഖത്തിന്റെ രണ്ടും മൂന്നും നാലും ഘട്ടങ്ങൾ 2028ൽ പൂർത്തിയാക്കുന്നതോടെ, രാജ്യത്തെ കണ്ടെയ്നർ ബിസിനസ് കേന്ദ്രമായി കേരളം മാറും.
ഇതിനായി അനുബന്ധ, അടിസ്ഥാനവികസന സൗകര്യങ്ങളൊരുക്കാനാണ് പാക്കേജ്. കേന്ദ്രം പാക്കേജ് അനുവദിച്ചാൽ തുറമുഖവുമായി ബന്ധപ്പെട്ട നിരവധി പദ്ധതികൾ സംസ്ഥാന ബജറ്റിലുൾപ്പെടുത്തി നടപ്പാക്കാനാവും.
വ്യവസായം, വാണിജ്യം, ഗതാഗതം ടൂറിസം മേഖലകളിൽ ഇതുവഴിയുണ്ടാവുന്ന സാമ്പത്തികവളർച്ച സംസ്ഥാനത്തിന്റെ വികസനത്തിന് ആക്കം കൂട്ടുന്നതാണ്.
തുറമുഖ അനുബന്ധ വ്യവസായങ്ങൾക്ക് സൗകര്യമൊരുക്കലും പാക്കേജിലൂടെ ലക്ഷ്യമിടുന്നു.