ഇന്ത്യന്‍ യൂണിയന്‍ മുസ്‌ളീം ലീഗിന്റെ ദേശിയ ആസ്ഥാന മന്ദിരത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ വിവാദം പുകയുന്നു. ഡല്‍ഹിയില്‍ നിര്‍മ്മിച്ച ഓഫീസില്‍ പാര്‍ട്ടിയുടെ ഏക മുഖ്യമന്ത്രിയായ സി.എച്ച്.മുഹമ്മദ് കോയയുടെ പേരില്‍ ഒരു മുറി പോലും ഇല്ല. സി.എച്ച് മുഹമ്മദ് കോയയെ മുസ്ലിംലീഗ് മറന്നുവെന്ന് കെ.ടി ജലില്‍. നേതൃത്വത്തെ സമീപിച്ച് എം.കെ.മുനീര്‍

ദേശിയ ആസ്ഥാനത്തിന് വേണ്ടി കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച സൗധത്തില്‍ സി.എച്ചിന്റെ പേരില്‍ മുറി പോലും ഇല്ലാത്തത് വലിയ വിവാദമായെങ്കിലും ലീഗ് നേതൃത്വം ഇതിനോട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

New Update
Untitled

കോഴിക്കോട്: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ളീം ലീഗിന്റെ ദേശിയ ആസ്ഥാന മന്ദിരത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ വിവാദം പുകയുന്നു. ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മയില്‍ സാഹിബിന്റെ നാമധേയത്തില്‍ ഡല്‍ഹിയില്‍ നിര്‍മ്മിച്ച ഓഫീസില്‍ പാര്‍ട്ടിയുടെ ഏക മുഖ്യമന്ത്രിയായ സി.എച്ച്.മുഹമ്മദ് കോയയുടെ പേരില്‍ ഒരു മുറി പോലും ഇല്ലാത്തതാണ് ലീഗിനുളളില്‍ വിവാദമായിരിക്കുന്നത്.

Advertisment

പഴയ ലീഗ് കാരനായ തവനൂര്‍ എം.എല്‍.എ ഡോ.കെ.ടി.ജലീല്‍ കൊളുത്തിവിട്ട വിവാദമാണ് പാര്‍ട്ടിക്കുളളില്‍ കത്തി പടരുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. സി.എച്ച് മുഹമ്മദ് കോയയെ മുസ്ലിംലീഗ് മറന്നുവെന്ന് മലപ്പുറം, ചങ്ങരംകുളത്തെ സി.പി.എം പരിപാടിയില്‍ കെ.ടി ജലില്‍ നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് തിരികൊളുത്തിയത്.

മുസ്‌ളീം ലീഗിന്റെ മുന്‍ ദേശിയ സെക്രട്ടറി കൂടിയായ തന്റെ പിതാവ് സി.എച്ച്.മുഹമ്മദ് കോയയെ അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടി ഡോ.എം.കെ.മുനീര്‍ എം.എല്‍.എ നേതൃത്വത്തെ സമീപിച്ചു. പരാതി നല്‍കിയെന്നാണ് ലീഗില്‍ നിന്നുളള വിവരമെങ്കിലും  ഇതില്‍ തനിക്ക് പരാതി ഒന്നുമില്ലെന്നായിരുന്നു ഡോ.എം കെ മുനീറിന്റെ പരസ്യ പ്രതികരണം.

kt jaleel


പാര്‍ട്ടി ഓഫീസിന് ആരുടെ പേരിടണമെന്നത് നേതൃത്വം ഒരുമിച്ച് എടുത്ത തീരുമാനം ആണെന്നും ഡോ.എം.കെ മുനീര്‍ പ്രതികരിച്ചു. ജനഹൃദയങ്ങളില്‍ നിന്ന് സി.എച്ച്.മുഹമ്മദ് കോയയെ  കുടിയിറക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും മുനീര്‍  കൂട്ടിച്ചേര്‍ത്തു.


ലീഗില്‍ നിന്ന് സി.പി.എം കൂടാരത്തിലേക്ക് ചേക്കേറിയ ഡോ.കെ.ടി.ജലീല്‍ കൊളുത്തിവിട്ട വിവാദമാണെങ്കിലും ഡല്‍ഹിയിലെ മുസ്‌ളീം ലീഗിന്റെ ആസ്ഥാനത്ത് സി.എച്ച്.മുഹമ്മദ് കോയയുടെ പേരില്‍ ഒരു മുറിപോലും ഇല്ല എന്നത് വസ്തുതയാണെന്ന് നേതാക്കള്‍ തന്നെ സ്ഥിരീകരിക്കുന്നു.

ലീഗിന്റെ പ്രധാന നേതാക്കളുടെയെല്ലാം പേരില്‍ ഹാളുകളും, ലൈബ്രറിയും എല്ലാം ഉള്ളപ്പോഴാണ് സി.എച്ച്.മുഹമ്മദ് കോയയുടെ പേരില്‍ ഒരു മുറി പോലുമില്ലാത്തത്. സി.എച്ചിനെ ലീഗ് നേതൃത്വം മറന്നു പോകുന്നത് ഇതാദ്യമല്ല. നേരത്തെ ചെന്നൈയില്‍ നടന്ന മുസ്ലിംലീഗ് ദേശീയ സമ്മേളനത്തില്‍ സ്ഥാപിച്ച നേതാക്കളുടെ ചിത്രങ്ങളില്‍ ആദ്യം സി.എച്ച്.മുഹമ്മദ് കോയയുടെ ചിത്രം ഉണ്ടായിരുന്നില്ല.

ചില നേതാക്കള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ സി.എച്ച്.മുഹമ്മദ് കോയയുടെ ചിത്രം ഉള്‍പ്പെടുത്തുകയായിരുന്നു. പുതിയ ദേശിയ ആസ്ഥാനത്ത് സി.എച്ച് മുഹമ്മദ് കോയയുടെ പേരില്‍ ഒരു മുറി പോലും ഇല്ലാത്തത് ബോധപൂര്‍വമാണെന്നാണ് ഡോ.കെ.ടി.ജലീലിന്റെ ആരോപണം.

' ഇന്ത്യ കണ്ട ഏറ്റവും നല്ല മുസ്‌ളീം ലീഗ് നേതാവാണ് സി.എച്ച്.മുഹമ്മദ് കോയ. കേരളത്തില്‍ വിഭജനാനന്തരം, ഒരേയൊരു മുസ്‌ളീം ലീഗുകാരനെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നിട്ടുളളു, അത് സി.എച്ച് മുഹമ്മദ് കോയാ സാഹിബാണ്. ലീഗിന്റെ അഖിലേന്ത്യാ സെക്രട്ടറിയായിരുന്നു ഏറെക്കാലം സി.എച്ച്.

Untitled


ആ സി.എച്ചിന്റെ പേരില്‍ ഒരു കുളിമുറി പോലും ഖായിദെ മില്ലത്തിന്റെ പേരിലുളള ആ സൗധത്തില്‍ ഇല്ല. മറ്റ് പല നേതാക്കളുടെയും  പേരിലുണ്ട്. ഞാന്‍ അതൊന്നും ഇപ്പോ പറയുന്നില്ല. അവരുടെ പേരിലൊക്കെ വേണം. പക്ഷേ ഒരു ബാത്ത് റൂം എങ്കിലും നിങ്ങള്‍ക്ക് സി.എച്ചിന്റെ പേരില്‍ ഉണ്ടാക്കിക്കൂടായിരുന്നോ ആ ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മയില്‍  സൗധത്തില്‍.


ഉണ്ടാക്കിയില്ല, അപ്പോ കാണുന്ന ആളുകളെ അപ്പാന്ന് വിളിക്കണ പോളിസിക്കാരാണ് ഇവര്‍, സി.എച്ച് ഇപ്പോ ജീവിച്ചിരിപ്പില്ലല്ലോ, അതോണ്ട് മൂപ്പരുടെ പേരില്‍ വന്നില്ലെങ്കില്‍ ആരും പറയില്ല.'' കെ.ടി.ജലീല്‍ സി.പി.എം യോഗത്തില്‍ പറഞ്ഞു.

ദേശിയ ആസ്ഥാനത്തിന് വേണ്ടി കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച സൗധത്തില്‍ സി.എച്ചിന്റെ പേരില്‍ മുറി പോലും ഇല്ലാത്തത് വലിയ വിവാദമായെങ്കിലും ലീഗ് നേതൃത്വം ഇതിനോട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ദേശിയ ആസ്ഥാനത്തില്‍ സി.എച്ച്.മുഹമ്മദ് കോയയുടെ പേരില്‍ മുറിയേ മറ്റ് സ്മാരകങ്ങളോ ഇല്ലാത്തതില്‍ ലീഗിലെ ഒരു വിഭാഗത്തിന് കടുത്ത വിമര്‍ശനമുണ്ട്. ജി.ബനാത്ത് വാല, ഇ.അഹമ്മദ്, പോക്കര്‍ സാഹിബ് തുടങ്ങിയവരുടെ പേരിലെല്ലാം മുറികളും ഹാളുകളും ലൈബ്രറിയും ഉളളപ്പോള്‍ സി.എച്ചിനെ മാത്രം അവഗണിച്ചതാണ് നേതാക്കളെ പ്രകോപിപ്പിച്ചിരിക്കുന്നത്.


സി.എച്ചിന്റെ മകനും പാര്‍ട്ടി നേതാവുമായ ഡോ.എം.കെ.മുനീറിനെ കൊണ്ട് പരാതി നല്‍കിച്ചതില്‍ ഈ നേതാക്കളുടെ പ്രേരണയുണ്ടെന്നാണ് സൂചന. പരാതിയൊന്നുമില്ലെന്ന് പറയുമ്പോഴും മുനീര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ പിതാവിനെ അവഗണിച്ചതിലുളള അമര്‍ഷം പ്രകടമാണ്.


' പാര്‍ട്ടി ആസ്ഥാനത്തില്‍ സി.എച്ചിന്റെ പേരു ഉള്‍പ്പെടുത്തിയില്ല എന്നതില്‍ പരാതിയൊന്നുമില്ല. ഏതായാലും ജലീല്‍ എന്റെ പിതാവിനെ ഓര്‍ത്തല്ലോ. അത് നല്ല കാര്യം. ഇതൊക്കെ പാര്‍ട്ടിയുടെ അകത്തുള്ള കാര്യങ്ങളാണ്. പാര്‍ട്ടി ഓഫീസിന്റെ പേരിന്റെ കാര്യം പാര്‍ട്ടി ഒരുമിച്ചു എടുത്ത തീരുമാനമാണ്. പിതാവിനെ പാര്‍ട്ടി പരിഗണിക്കുന്നില്ല എന്ന് പറയാന്‍ ആവില്ല. 

കേരളത്തില്‍ ഉടനീളം സി എച്ച് സെന്ററുകളുണ്ട്. അതെല്ലാം പാര്‍ട്ടിയുടെ പൂര്‍ണ നിയന്ത്രണത്തിലാണ്. പാര്‍ട്ടി അദ്ദേഹത്തെ പരിഗണിക്കുന്നില്ല എന്ന പരാതിയൊന്നുമില്ല. സി.പി.എമ്മിന്റെ ഭാഗമായിരിക്കുമ്പോഴും ജലീല്‍ തന്റെ പിതാവിനെ ഓര്‍ത്തതില്‍ സന്തോഷം. പിതാവിന്റെ ഫോട്ടോ അവിടെ, ആസ്ഥാന മന്ദിരത്തില്‍ വെച്ചിട്ടുണ്ട്. 

Untitled


പേര് ഇടണം എന്ന് എനിക്ക് പറയാന്‍ ആവില്ല. പാര്‍ട്ടി ആലോചിച്ച് ചെയ്യുമായിരിക്കും. സ്മാരകങ്ങളേക്കാള്‍ എന്റെ പിതാവിന് ഇഷ്ടം ജനഹൃദയങ്ങളില്‍ ജീവിക്കാനായിരുന്നു. ജനഹൃദയങ്ങളില്‍ നിന്ന് അദ്ദേഹത്തെ കുടിയിറക്കാന്‍ ആര്‍ക്കും കഴിയില്ലല്ലോ' ഡോ. എം.കെ.മുനീര്‍ പറഞ്ഞു.


ഏതെങ്കിലും മുറിക്ക് പിതാവിന്റെ പേരിടണമെന്ന് തനിക്ക് പറയാനാവില്ലെന്ന മുനീറിന്റെ പ്രതികരണത്തില്‍ അതൃപ്തി സുവ്യക്തമാണ്. മുസ്‌ളീം ലീഗിന്റെ അടുത്ത നേതൃയോഗത്തിന് ശേഷം പ്രതികരണം ഉണ്ടായേക്കുമെന്നാണ് സൂചന .

Advertisment