/sathyam/media/media_files/2025/09/17/untitled-2025-09-17-14-14-25.jpg)
കോട്ടയം: അരുണാചൽ പ്രദേശിൽ ബേക്കറി നടത്തിയിരുന്ന പുതുപ്പള്ളി സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ 4 പ്രതികൾക്ക് ജീവപര്യന്തം. പുതുപ്പള്ളി കുഴിയിടത്തറയിലായ പാപ്പാലപ്പറമ്പിൽ കെ.പി.ചാക്കോയെ അരുണാചൽപ്രദേശിൽ തട്ടി ക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് 4 പ്രതികൾക്ക് ജീവപര്യന്തവും 2 പേരെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചതും.
ഡിസ്ട്രിക്ട‌് ആൻഡ് സെഷൻസ് ജഡ്‌ജാണ് ശിക്ഷ വിധിച്ചത്. പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിച്ചു എന്നും നീതി നടപ്പായെന്നും പുതുപ്പള്ളിയിലെ ചാക്കോയുടെ കുടുംബാഗങ്ങൾ പ്രതികരിച്ചു.
2014 ഓഗസ്റ്റ് 28നാണ് നഹർലഗുണിലെ ഹെലിപാഡ് റോഡിന് അടുത്തുള്ള വാടക വീട്ടിൽ നിന്ന് അസം രജിസ്ട്രേഷനിലുള്ള വാഹനത്തിലെത്തിയ അക്രമികൾ ചാക്കോയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
ചാക്കോയുടെ ജോലിക്കാരനായ ബിനോയി ഫിലിപ്പിനെയും ഒപ്പം തട്ടിക്കൊണ്ടുപോയെങ്കിലും മുറിവേൽപിച്ച് വനത്തിൽ ഉപേക്ഷിച്ചു. ഒരാഴ്‌ചയ്ക്കുശേഷം ചിപുറ്റയിലെ കാട്ടിൽ നിന്നാണ് ജീർണിച്ച നിലയിൽ ചാക്കോയുടെ മൃതദേഹം കണ്ടെത്തിയത്.
സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ഫോൺ വിവരങ്ങൾ എന്നിവയ്ക്കു പുറമേ ബിനോയി ഫിലിപ്പിൻ്റെ മൊഴിയും കേസന്വേഷണത്തിൽ നിർണായകമായി. ചാക്കോയുടെ മൂത്ത സഹോദരന്റെ ഡ്രൈവറായി ജോലി ചെയ്ത്‌തിരുന്ന റോക്കി ബസുമതാരി എന്നയാളാണ് ഗൂഡാലോചനയ്ക്ക് നേതൃത്വം നൽകിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
മുഖ്യപ്രതികളായ റോക്കി ബസുമതാരി, മുന്ന ബോറ എന്നിവർ അരുണാചൽ, നാഗാലാൻഡ്, അസം സംസ്ഥാനങ്ങളിൽ വിവിധ കേസുകളിൽ പ്രതിയാണ്.