/sathyam/media/media_files/2025/01/28/eX5TEnWgcolcg8YMLblP.jpg)
തിരുവനന്തപുരം: ആശുപത്രിയില്‍ ചികിത്സക്കായെത്തിയ വയോധികയുടെ മാല മോഷ്ടിച്ചു. ഞെക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സഹായിക്കാനെത്തിയ സത്രീ വയോധികയായ രോഗിയുടെ മാല മോഷ്ടിച്ച് കടന്നുകളഞ്ഞത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. ഒറ്റൂര്‍ മൂഴിയില്‍ സ്വദേശിയായ സുലോചനയുടെ ഒരു പവന്‍ തൂക്കമുള്ള മാലയാണ് കവര്‍ന്നെടുത്തത്.
ഒ.പി ടിക്കറ്റ് എടുക്കുന്ന സ്ഥലത്തെ തിരക്കിനിടെ നടക്കാന്‍ ബുദ്ധിമുട്ടിയ തന്നെ ഡോക്ടറുടെ അടുത്തെത്തിക്കാമെന്ന് പറഞ്ഞ് ഒരു സ്ത്രീ സഹായിച്ചെന്നും നടക്കാന്‍ പ്രയാസമുള്ളതിനാല്‍ സഹായം സ്വീകരിച്ചെന്നും സുലോചന പറയുന്നു.
ലാബിനടുത്ത് എത്തിയപ്പോള്‍ താന്‍ ആവശ്യപ്പെട്ട പ്രകാരം അവര്‍ പോയി. പോകുന്നതിന് മുമ്പുവരെ മുതുകിനടുത്ത് കഴുത്തില്‍ കൈ വച്ച് നിന്നാണ് സംസാരിച്ചത്. അവര്‍ പോയതിന് തൊട്ടുപിന്നാലെ കഴുത്തില്‍ മാല നോക്കിയെങ്കിലും കണ്ടില്ല.
ഇതോടെ അവിടെ ഉണ്ടായിരുന്നവരും ജീവനക്കാരും ആശുപത്രി പരിസരം അരിച്ചുപെറുക്കിയെങ്കിലും സ്ത്രീയെ കാണാനായില്ല. ആശുപത്രി അധികാരികള്‍ക്ക് പരാതി നല്‍കിയെന്നും കല്ലമ്പലം പൊലീസിലും പരാതി നല്‍കുമെന്നും സുലോചന പറയുന്നു.