/sathyam/media/media_files/C43nJsViKKEJrJAiT9Rb.jpg)
​ന്യൂഡൽഹി: ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ പ്രധാനപ്പെട്ട റോഡുകളുടെ നവീകരണത്തിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 59.25 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി.
സെൻട്രൽ റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് പദ്ധതിയിലാണ് മണ്ഡലത്തിലെ സുപ്രധാന റോഡുകൾ ഇടംപിടിച്ചത്.
ബെന്നി ബെഹനാൻ എം.പി.യുടെ നിരന്തരമായ ഇടപെടലുകളെത്തുടർന്നാണ് ഈ പദ്ധതികൾക്ക് അന്തിമ അംഗീകാരം ലഭിച്ചത്.
​
​തൃശ്ശൂർ ജില്ലയിലെ അന്നമനട - പൂവത്തുശ്ശേരി - നടവരമ്പ് - ഇരവത്തൂർ - കൊച്ചുകടവ് - കുണ്ടൂർ - കുഴൂർ റോഡ് നവീകരണത്തിനായി 31.25 കോടി രൂപയും, എറണാകുളം ജില്ലയിലെ നാഷണൽ ഹൈവേ 85-നെ ബന്ധിപ്പിക്കുന്ന പാതയായ കിഴക്കമ്പലം - അച്ചപ്പൻകവല - പഴന്തോട്ടം - പാൻകോട് - വടവുകോട് - പുത്തൻകുരിശ് - ചോറ്റാനിക്കര റോഡ് നവീകരണ പ്രവർത്തനങ്ങൾക്കായി 28 കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്.
അനുവദിക്കപ്പെട്ട പദ്ധതികളുടെ സാങ്കേതിക- സാമ്പത്തിക അനുമതി നാല് മാസത്തിനുള്ളിൽ പൂർത്തിയാക്കി നിർമ്മാണം ഉടൻ ആരംഭിക്കും.
നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുന്നതിന് മുൻപും പൂർത്തിയായ ശേഷവും റോഡുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധനകളും നിർബന്ധമാക്കിയിട്ടുണ്ട്.
​ചാലക്കുടി മണ്ഡലത്തിലെ യാത്രാക്ലേശം പരിഹരിക്കാനും ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ഈ പദ്ധതികൾ വലിയ സഹായമാകുമെന്ന് ബെന്നി ബെഹനാൻ എം.പി. അറിയിച്ചു.
സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കി റോഡുകൾ ജനങ്ങൾക്ക് തുറന്നുകൊടുക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us