ചാലക്കുടി ചിറങ്ങരയില്‍ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന വളര്‍ത്തുനായയെ പിടികൂടിയ അജ്ഞാത ജീവിയെ സ്ഥിരീകരിക്കാനാകാതെ വനം വകുപ്പ്

നായയെ പിടികൂടിയത് പുലിയാണെന്ന അഭ്യൂഹം പരന്നത് പ്രദേശവാസികളെ ഭീതിയിലാക്കിയിരിക്കുകയാണ്. രണ്ട്  ദിവസം പിന്നിട്ടിട്ടും അജ്ഞാത ജീവിയെ സ്ഥിരീകരിക്കാന്‍ വനംവകുപ്പിനാകുന്നില്ല. 

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
dog

തൃശൂര്‍: ചാലക്കുടി ചിറങ്ങരയില്‍ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന വളര്‍ത്തുനായയെ പിടികൂടിയ അജ്ഞാത ജീവിയെ സ്ഥിരീകരിക്കാനാകാതെ വനം വകുപ്പ്. നായയെ പിടികൂടിയത് പുലിയാണെന്ന അഭ്യൂഹം പരന്നത് പ്രദേശവാസികളെ ഭീതിയിലാക്കിയിരിക്കുകയാണ്. രണ്ട്  ദിവസം പിന്നിട്ടിട്ടും അജ്ഞാത ജീവിയെ സ്ഥിരീകരിക്കാന്‍ വനംവകുപ്പിനാകുന്നില്ല. 

Advertisment


ശാസ്ത്രീയ പരിശോധന ഫലം വന്നില്ലെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന മറുപടി. ചിറങ്ങര പണ്ടാര വീട്ടില്‍ ധനീഷിന്റെ വീട്ടിലെ പോമറേനിയന്‍ ഇനത്തില്‍പെട്ട വളര്‍ത്തു നായയെ വെള്ളിയാഴ്ച രാത്രി 8.20ഓടെ അജ്ഞാത ജീവി പിടികൂടിയത്.


 

 ഭക്ഷണം നല്‍കാനായി എത്തിയപ്പോള്‍ നായയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പുലിയുടെ സാദൃശ്യമുള്ള അജ്ഞാത ജീവി നായയെ പിടികൂടി പോകുന്ന ദൃശ്യം കണ്ടത്. 

വനംവകുപ്പ് എത്തി കാല്‍പാടുകളുടെ ദൃശ്യം പകര്‍ത്തി സ്ഥിരീകരണത്തിനായി ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിരുന്നു. രണ്ട് ദിവസം കഴിഞ്ഞിട്ടും സ്ഥിരീകരണം ലഭിച്ചിട്ടില്ല. വനം വകുപ്പ് പ്രദേശത്ത് നിരീക്ഷണം നടത്തുന്നുണ്ട്. 


അജ്ഞാത ജീവിയെ കണ്ട സാഹചര്യത്തില്‍ പ്രദേശ വാസികള്‍ക്ക് വനം വകുപ്പ് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ സന്ധ്യയായാല്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നതടക്കുമുള്ള നിര്‍ദേശങ്ങളാണ്  നല്‍കിയിരിക്കുന്നത്. 


രാത്രികാല സഞ്ചാരം പൂര്‍ണ്ണമായും നിര്‍ത്തിവയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പത്രം, പാല്‍ വിതരണക്കാര്‍ കുറച്ച് ദിവസത്തേക്ക് ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്. പ്രദേശത്തെ കാടുകള്‍ വെട്ടി തെളിക്കുന്ന പ്രവര്‍ത്തികള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.


 ജനങ്ങളുടെ ആശങ്കയകറ്റാനും മുന്‍കരുതലുകളെടുക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുമായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇന്ന് അടിയന്തര യോഗം ചേരും. പരിഭ്രാന്തരായ പ്രദേശവാസികള്‍ പ്രഭാത, സായാഹ്ന സവാരികള്‍ പൂര്‍ണ്ണമായും നിര്‍ത്തിവച്ചു. അജ്ഞാത ജീവിയെ ഭയന്ന് കഴിഞ്ഞ ദിവസം പള്ളിയിലെത്തിയവരുടെ എണ്ണവും പകുതിയിലധികമായി കുറഞ്ഞു.


 

Advertisment