ചാമ്പ്യന്‍സ് ബോട്ട് ലീഗ്- ഉത്തരമലബാറിലെ മത്സരങ്ങള്‍ ഒക്ടോബര്‍ രണ്ടിന് ധര്‍മ്മടത്ത്

New Update
CBL_Logo
കണ്ണൂര്‍: സംസ്ഥാന ടൂറിസം വകുപ്പ് ഐപിഎല്‍ മാതൃകയില്‍ സംഘടിപ്പിക്കുന്ന വള്ളംകളി ലീഗായ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ (സിബിഎല്‍) ഉത്തരമലബാറിലെ മത്സരങ്ങള്‍ക്ക് ധര്‍മ്മടം അഞ്ചരക്കണ്ടി പുഴയില്‍ ഒക്ടോബര്‍ രണ്ടിന് തുടക്കമാകും. ഉത്തരമലബാറിലെ മത്സരങ്ങളില്‍ 15 ചുരുളി വള്ളങ്ങളാണ് പങ്കെടുക്കുന്നത്.

മത്സരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനാകുന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍, മ്യൂസിയം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. മത്സരങ്ങള്‍ ഉച്ചതിരിഞ്ഞ് 2.30 ന് ആരംഭിക്കും.

അഞ്ചരക്കണ്ടി പുഴയില്‍ മമ്മാക്കുന്ന് പാലം മുതല്‍ മുഴപ്പിലങ്ങാട് കടവ് വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്താണ് ജലോത്സവം നടക്കുന്നത്. ഒരു വള്ളത്തില്‍ 30 തുഴച്ചിലുകാര്‍ ഉണ്ടായിരിക്കും. നാല് ഹീറ്റ്സ് മത്സരങ്ങളും അതില്‍ നിന്ന് സമയക്രമം അനുസരിച്ച് മൂന്ന് ഫൈനലുകളും (ഫസ്റ്റ് ലൂസേഴ്സ്, ലൂസേഴ്സ്, ഫൈനല്‍) നടക്കും. വൈകിട്ട് അഞ്ചിന് സമ്മാനദാനം നടക്കും.

ഉത്തരമലബാറിലെ സിബിഎല്‍ മത്സരങ്ങള്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. എല്ലാ സീസണിലും ടൂറിസം സാധ്യതകള്‍ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളാണ് ടൂറിസം വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. വള്ളംകളിയുടെ ആവേശം ഉത്തരമലബാറിലേക്കും വ്യാപിക്കുന്നതോടെ ആഭ്യന്തര-വിദേശ സഞ്ചാരികള്‍ക്ക് കേരളത്തിന്‍റെ തനത് കായിക ഇനത്തിന്‍റെ നേര്‍ക്കാഴ്ചയ്ക്കൊപ്പം ഈ മേഖലയുടെ സാംസ്ക്കാരിക പൈതൃകം കൂടി ആസ്വദിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

എ കെ ജി പോടോത്തുരുത്തി എ ടീം, എ കെ ജി പോടോത്തുരുത്തി ബി ടീം, റെഡ്സ്റ്റാര്‍ കാര്യകോട്, ന്യൂ ബ്രദേഴ്സ് മയിച്ച, വയല്‍ക്കര മയിച്ച, എ കെ ജി മയിച്ച, വയല്‍ക്കരവെങ്ങാട്ട്, വിബിസി കുറ്റിവയല്‍ (ഫൈറ്റിങ്  സ്റ്റാര്‍ ക്ലബ്), കൃഷ്ണപിള്ള കാവുംചിറ, പാലിച്ചോന്‍ അച്ചാം തുരുത്തി എ ടീം, പാലിച്ചോന്‍ അച്ചാം തുരുത്തി ബി ടീം, അഴിക്കോടന്‍ അച്ചാം തുരുത്തി, ഇ എം എസ് മുഴക്കീല്‍, നവോദയ മംഗലശേരി, ധര്‍മ്മടം ടീം എന്നിവയാണ് പങ്കെടുക്കുന്ന ടീമുകള്‍. അഞ്ച് ഹീറ്റ്സുകളാണുണ്ടാകുന്നത്. വള്ളംകളിയുടെ ഇടവേളകളില്‍ ജലാഭ്യാസ പ്രകടനങ്ങളും നടക്കും.

പങ്കെടുക്കുന്ന വള്ളങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതമാണ് ബോണസ് ലഭിക്കുന്നത്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് യഥാക്രമം ഒന്നര ലക്ഷം രൂപ, ഒരു ലക്ഷം രൂപ, അമ്പതിനായിരം രൂപ എന്നിങ്ങനെയാണ് ലഭിക്കുന്നത്.

ധര്‍മ്മടത്തിന് പുറമെ കോഴിക്കോട് ബേപ്പൂര്‍(12.09.2025), കാസര്‍ഗോഡ് ചെറുവത്തൂര്‍ (19.09.2025), എന്നിവിടങ്ങളിലും സിബിഎല്‍ മത്സരങ്ങള്‍ നടത്തുന്നുണ്ട്.
Advertisment
Advertisment