ചാമ്പ്യന്‍സ് ബോട്ട് ലീഗ് അഞ്ചാം സീസണ്‍; പിറവത്ത് ഹാട്രിക് വിജയത്തോടെ വീയപുരം ചുണ്ടന്‍ ചാമ്പ്യന്‍മാര്‍

New Update
cbl piravom

കൊച്ചി: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഐപിഎല്‍ മാതൃകയിലുള്ള ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് അഞ്ചാം സീസണിലെ പിറവത്ത് നടന്ന മത്സരത്തില്‍ ഹാട്രിക് വിജയത്തോടെ വീയപുരം വില്ലേജ് ബോട്ട് ക്ലബ്(പ്രൈഡ് ചേസേഴ്സ്) തുഴഞ്ഞ വീയപുരം ചുണ്ടന്‍ (3:35:331 മിനിറ്റ്) വിജയിച്ചു. കൈനകരിയിലും താഴത്തങ്ങാടിയിലും വീയപുരം തന്നെയാണ് ഒന്നാമതെത്തിയത്.

Advertisment

മൈക്രോ സെക്കന്റുകളുടെ വില ഓരോ തുഴക്കാരനും നന്നായി മനസിലാക്കുന്നതാണ് സിബിഎല്‍ അഞ്ചാം സീസണ്‍ എന്ന് ഓരോ വള്ളം കളി പ്രേമിയും വിലയിരുത്തുന്നുണ്ടാകും. ഫൈനലില്‍ മത്സരിച്ച വീയപുരം, പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ചുണ്ടന്‍(കോസ്റ്റ് ഡോമിനേറ്റേഴ്സ്), നടുഭാഗം ചുണ്ടന്‍ (പുന്നമട ബോട്ട് ക്ലബ്-റിപ്പിള്‍ ബ്രേക്കേഴ്സ്) എന്നിവ നെട്ടയത്തിന്റെ മുക്കാല്‍ ഭാഗത്തോളം ഒപ്പത്തിനൊപ്പമാണ് തുഴഞ്ഞെത്തിയത്.

 അവസാന ലാപ്പില്‍ പിബിസിയും വിബിസിയും തങ്ങളുടെ എല്ലാ കഴിവും പുറത്തെടുത്ത് തുഴഞ്ഞു. ഫോട്ടോ ഫിനിഷ് കഴിഞ്ഞ റിസല്‍ട്ട് വന്നപ്പോള്‍ .164 മൈക്രോസെക്കന്റുകള്‍ക്ക് വീയപുരം ചുണ്ടന്‍ മേല്‍പാടത്തിനെ (3:35:495 മിനിറ്റ്)മറികടന്നു. കോട്ടയം താഴത്തങ്ങാടിയിലെ രണ്ടാം മത്സരത്തിലും വെറും 20 മൈക്രോസെക്കന്‍ഡ് ലീഡോടെയാണ് വീയപുരം വിജയിച്ച് കയറിയത്.

cbl piravom 1


പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ (റിപ്പിള്‍ ബ്രേക്കേഴ്സ്) മൂന്നാമതെത്തി (3:36:773 മിനിറ്റ്).

നിരണം ചുണ്ടന്‍(നിരണം ബോട്ട് ക്ലബ്-സൂപ്പര്‍ ഓര്‍സ്) നാല്, നടുവിലെ പറമ്പന്‍ (ഇമ്മാനുവേല്‍ ബോട്ട് ക്ലബ്-ചുണ്ടന്‍ വാരിയേഴ്സ്) അഞ്ച്, ചെറുതന (തെക്കേക്കര ബോട്ട് ക്ലബ്-ബാക്ക് വാട്ടര്‍ ഷാര്‍ക്ക്സ്)ആറ്, പായിപ്പാടന്‍ (കുമരകം ടൗണ്‍ ബോട്ട് ക്ലബ്-ബാക്ക് വാട്ടേഴ്സ് വാരിയേഴ്സ്) ഏഴ്, കാരിച്ചാല്‍ (കാരിച്ചാല്‍ ചുണ്ടന്‍ ബോട്ട് ക്ലബ്-കെസിബിസി-തണ്ടര്‍ ഓര്‍സ്) എട്ട്, ചമ്പക്കുളം (ചങ്ങനാശേരി ബോട്ട് ക്ലബ്-വേവ് ഗ്ലൈഡേഴ്സ്) ഒമ്പത് എന്നിങ്ങനെയാണ് പിറവത്തെ ഫൈനല്‍ നില.

റവന്യൂ മന്ത്രി കെ രാജന്‍ പിറവത്തെ മത്സരങ്ങള്‍ ഓൺലൈനിലൂടെ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് സിബിഎല്‍ സന്ദേശം ഓണ്‍ലൈനായി നല്‍കി. അനൂപ് ജേക്കബ് എം എല്‍ എ അധ്യക്ഷനായ ചടങ്ങില്‍, ജില്ലാകളക്ടര്‍ പ്രിയങ്ക ജി, ചലച്ചിത്രതാരം ലാലു അലക്സ്, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടറും സിബിഎല്‍ നോഡല്‍ ഓഫീസറുമായ അഭിലാഷ് കുമാര്‍ ടി ജി, ഡെ. ഡയറക്ടറും സിബിഎല്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്ററുമായ ഡോ. അന്‍സാര്‍ കെ എ എസ്, സിബിഎല്‍ ടെക്നിക്കല്‍ കമ്മിറ്റിയംഗങ്ങള്‍, നഗരസഭ-ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

champions boat league

ബേപ്പൂര്‍ (കോഴിക്കോട് ഒക്ടോബര്‍ 12), മറൈന്‍ ഡ്രൈവ് (എറണാകുളം, ഒക്ടോബര്‍ 17), ചെറുവത്തൂര്‍ (കാസര്‍കോട്, ഒക്ടോബര്‍ 19), കോട്ടപ്പുറം (തൃശ്ശൂര്‍, ഒക്ടോബര്‍ 25) എന്നിങ്ങനെയാണ് ഈ മാസത്തെ തുടര്‍ന്നുള്ള മത്സരങ്ങള്‍.

ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ക്ലബിന് 25 ലക്ഷവും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 15 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്ന ക്ലബിന് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.

ഓരോ മത്സരവേദികളിലും വിജയികളാകുന്നവരില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. ബോണസായി ഓരോ ടീമിനും നാല് ലക്ഷം രൂപ വീതവും നീക്കിവച്ചിട്ടുണ്ട്.

Advertisment