Advertisment

കനത്ത മഴയിലും ആവേശം ചോരാതെ ചന്ദനക്കുട ആഘോഷങ്ങള്‍. അയ്യപ്പ ഭക്തരെ ദുരിതത്തിലാക്കി മഴ പെയ്തത് ഒന്നര മണിക്കൂറോളം. ഉദ്ഘാടന സമ്മേളനം കാണാന്‍ പേട്ടക്കവല തിങ്ങിനിറഞ്ഞു ജനം

New Update

എരുമേലി: അയ്യപ്പ ഭക്തരെ ദുരിതത്തിലാക്കി എരുമേലിയില്‍ കനത്ത മഴ. എരുമേലിയില്‍ ചന്ദനക്കുട ആഘോഷങ്ങള്‍ നടക്കാനിരിക്കെയാണു വൈകിട്ട് 5.30ന് ശക്തമായ മഴ ആരംഭിച്ചത്. 

Advertisment

പ്രതീക്ഷിക്കാതെ വന്ന കനത്ത മഴയില്‍ ഭക്തജനങ്ങള്‍ വിഷമത്തിലായി. ആഘോഷങ്ങളും ആരവങ്ങളും മഴ കൊണ്ടുപോകുമോ എന്നായിരുന്നു ആശങ്ക. നെറ്റിപ്പട്ടം കെട്ടിയ മൂന്ന് ആനകള്‍ അണിനിരക്കുന്ന ചന്ദനക്കുടം ഘോഷയാത്രയാണ് ഒരുക്കിയിരുന്നത്.

publive-image


ഘോഷയാത്രയ്ക്കു മിഴിവേകാന്‍ വിവിധ വാദ്യമേളങ്ങളും കലാരൂപങ്ങളും തയാറാക്കിയിരുന്നു. വൈകിട്ട് ഏഴരയോടെ മഴ മാറിയ ശേഷമാണു ചന്ദനക്കുട ഘോഷയാത്ര ആരംഭിച്ചത്. ചന്ദനക്കുടാഘോഷം കാണാന്‍ എത്തിയത് ആയിരങ്ങളാണ്. 


ഇന്നലെ രാത്രി ഏഴരയോടെ ആണു ചന്ദനക്കുട ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ചെയ്തത്. എല്ലാവരും ഒന്നാണ് എന്ന് സന്ദേശം പകരുകയാണ് എരുമേലിയിലെ ചന്ദനക്കുടവും പേട്ടതുള്ളലുമെന്നു സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.

ഇവിടെ ജാതിയുടെ പേരില്‍ കലഹമില്ല. പകരം സൗഹാര്‍ദമാണ് എന്നും. നമ്മുടെ കേരളം രാജ്യത്ത് മാതൃക ആയത് പോലെ എരുമേലി സാഹോദര്യത്തിന്റെ നാടായി ലോകത്തിനു മാതൃകയായ മഹത്തായ ഇടമായിരിക്കുന്നു.

publive-image

എരുമേലിയിലെ വിമാനത്താവള നിര്‍മാണം ഉടനെ  ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാരില്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.


നാനാ ജാതി മതസ്ഥര്‍ കൈ പിടിച്ചു സ്‌നേഹത്തോടെ ഒരുമിക്കുന്ന വിദ്വേഷമില്ലാത്ത എരുമേലിയാണു രാജ്യത്തിന്റെ എക്കാലത്തെയും അഭിമാനമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.


ജമാഅത്ത് പ്രസിഡന്റ് നാസര്‍ പനച്ചി അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, കലക്ടര്‍ ജോണ്‍ വി. സാമുവല്‍, ജില്ലാ പോലിസ് ചീഫ് ഷാഹുല്‍ ഹമീദ്,

publive-image

അസംപ്ഷന്‍ ഫെറോന പള്ളി വികാരി ഫാ. വര്‍ഗീസ് പുതുപ്പറമ്പില്‍, പ്രഫ. ലോപ്പസ് മാത്യു, പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, ജില്ലാ പഞ്ചായത്ത് അംഗം  ശുഭേഷ് സുധാകരന്‍, ജമാഅത്ത് സെക്രട്ടറി മിഥുലാജ് പുത്തന്‍വീട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

വൈകിട്ട് നാലിന് അമ്പലപ്പുഴ പേട്ടതുള്ളല്‍ സംഘവുമായി ജമാഅത്ത് ഹാളില്‍ നടന്ന സൗഹൃദ സമ്മേളനം രാഹുല്‍ ഈശ്വര്‍, ഉദ്ഘാടനം ചെയ്തു.

publive-image

സംഘത്തിന്റെ സമൂഹ പെരിയോന്‍ എന്‍ ഗോപാലകൃഷ്ണപിള്ളയ്ക്കും ഭാരവാഹികള്‍ക്കും സ്വീകരണം നല്‍കി. മസ്ജിദില്‍ നിന്നും പുറപ്പെട്ട ചന്ദനക്കുട ഘോഷയാത്രയ്ക്ക് നാടെങ്ങും സ്വീകരണം നല്‍കി.

publive-image

വിവിധ കലാ രൂപങ്ങള്‍ ഘോഷയാത്രയ്ക്ക് മിഴിവേകി. ദേവസ്വം ബോര്‍ഡും വിവിധ സര്‍ക്കാര്‍ വകുപ്പുകളും സംഘടനകളും ഘോഷയാത്രക്കു സ്വീകരണം നല്‍കി.

ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ നാളെ നടക്കും. അയ്യപ്പന്റെ മാതൃ സ്ഥാനീയരായ അമ്പലപ്പുഴ സംഘം ആണ് ആദ്യ പേട്ടതുള്ളല്‍ നടത്തുക.

Advertisment