ചാണ്ടി ഉമ്മന്റെ 'പിണറായി സ്തുതിയില്‍' അതൃപ്തരായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; ചാണ്ടിയുടെ വാക്കുകള്‍ വേട്ടയാടിയവരെ മഹത്വവല്‍ക്കരിക്കുന്നതിനു തുല്യം ! സോളാര്‍ കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് ഉമ്മന്‍ചാണ്ടിയുടെ നിരപരാധിത്വം തെളിയിക്കാനായിരുന്നുവെന്ന് എന്നു മാത്രമേ  ചാണ്ടി ഇനി പറയാനുള്ളൂ എന്നും  കോണ്‍ഗ്രസുകാരുടെ ആക്ഷേപം; അതൃപ്തി വ്യക്തമാക്കിയുള്ള കോണ്‍ഗ്രസ് അനുകൂല അഭിഭാഷകന്റെ കത്ത് ശ്രദ്ധേയമാകുന്നു

ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ചു തിരുവനന്തപുരത്ത് നടന്ന 'ഓര്‍മയില്‍ ഉമ്മന്‍ ചാണ്ടി' പരിപാടിയിലാണു മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ചാണ്ടി ഉമ്മൻ്റെ പ്രസംഗം

New Update
chandy oommen pinarayi vijayan oommen chandy

കോട്ടയം: ചാണ്ടി ഉമ്മന്റെ 'പിണറായി സ്തുതിയില്‍' അതൃപ്തരായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ചു തിരുവനന്തപുരത്ത് നടന്ന 'ഓര്‍മയില്‍ ഉമ്മന്‍ ചാണ്ടി' പരിപാടിയിലാണു മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ചാണ്ടി ഉമ്മൻ്റെ പ്രസംഗം. 

Advertisment

രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും വ്യക്തിപരമായ അടുപ്പം ഏറെ ഉണ്ടായിരുന്നവരായിരുന്നു പിണറായി വിജയനും ഉമ്മന്‍ ചാണ്ടിയുമെന്നും ഒരാളെ തിരിച്ചറിയുന്നതു ബുദ്ധിമുട്ടു നേരിടുന്ന സമയത്താണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.


ഉമ്മന്‍ ചാണ്ടി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ മുഖ്യമന്ത്രി പ്രത്യേക താല്‍പര്യം കാണിച്ച് അദേഹത്തിനു വേണ്ടി ഒരുപാട് ഇടപെടലുകള്‍ നടത്തിയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇതാണു കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കളെയും ചൊടിപ്പിച്ചിരിക്കുന്നത്.


ഉമ്മന്‍ ചാണ്ടി ജീവിച്ചിരുന്നപ്പോഴും മരിച്ചതിനു ശേഷും അദ്ദേഹത്തെ വേട്ടയാടിയവരില്‍ ഒന്നാം സ്ഥാനാം മുഖ്യമന്ത്രി പിണറായി വിജയനാണ്. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി നേരിട്ട പീഡനങ്ങള്‍ അദ്ദേഹത്തിന്റെ അരോഗ്യ നില വഷളാകാന്‍ ഒരു പരിധിവരെ കാരണമായി. കോണ്‍ഗ്രസിലെ അധികാര മോഹികള്‍ തുടങ്ങിവെച്ചതാണെങ്കിലും അതു എടുത്ത് ഉപയോഗിച്ചതു പിണിയാറി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫായിരുന്നു.

ഒന്നാം പിണറായി സര്‍ക്കാരെ അധികാരത്തില്‍ എത്തിച്ചതു സോളാര്‍ വിവാദമായിരുന്നു. ഉമ്മന്‍ ചാണ്ടി പീഡിപ്പിക്കപ്പെട്ടതു സോളാര്‍ കേസിന്റെ കാര്യത്തിലാണ്. തോറ്റിട്ടില്ലെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ സോളാറിനു കഴിഞ്ഞു. രണ്ടു തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിനു അധികാര നഷ്ടത്തിനും സോളാര്‍ വഴിവെച്ചു.

സാമ്പത്തിക ആരോപണത്തിലും ലൈംഗിക ആരോപണത്തിലും എട്ടു വര്‍ഷത്തോളം ഈ കേസ് ഉമ്മന്‍ ചാണ്ടിയെ വേട്ടയാടി. മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യം സ്വന്തം പൊലീസിനെക്കൊണ്ടും അതു കഴിഞ്ഞു സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിച്ചു. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് എതിരെ തെളിവു ലഭിച്ചില്ല. ജലരേഖപോലുള്ള ആരോപണങ്ങളായി സോളാര്‍ മാറുന്ന ഘട്ടത്തില്‍ തന്നെയാണ് ഉമ്മന്‍ ചാണ്ടിയുടെ അസുഖവും മരണവും സംഭവിക്കുന്നത്.

മരണ ശേഷവും ഉമ്മന്‍ ചാണ്ടി തുടങ്ങിവെച്ച പദ്ധതികള്‍ എല്ലാം എല്‍.ഡി.എഫിന്റെതാണെന്നു പറയുന്ന സമീപനമാണ് പിന്നീട് പിണറായി സ്വീകരിച്ചത്. ഇതിന് ഒടുവിലത്തെ ഉദാഹരണമാണു കഴിഞ്ഞ ദിവസം വിഴിഞ്ഞത്തു കേരളക്കര കണ്ടത്. വിഴിഞ്ഞം തുറമുഖത്ത് നടന്ന ട്രയല്‍ റണ്ണില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് പരാമര്‍ശിക്കാതെ പിണറായി വിജയന്‍ നടത്തിയ പ്രസംഗം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായിരുന്നു.


ഇത്രയൊക്കെയായിട്ടും രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും വ്യക്തിപരമായ അടുപ്പം ഏറെ ഉണ്ടായിരുന്നവരായിരുന്നു പിണറായി വിജയനും ഉമ്മന്‍ ചാണ്ടിയുമെന്ന്‌ ചാണ്ടി ഉമ്മന്‍ പറഞ്ഞതാണ്‌ പ്രവര്‍ത്തകരെ ചൊടിപ്പിക്കുന്നത്.


ഉമ്മന്‍ ചാണ്ടിയുടെ ജീവിത ശുദ്ധിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ കേന്ദ്ര ഏജന്‍സിയായ സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിച്ച് ആരോപണം സത്യവിരുദ്ധമായിരുന്നു എന്നു തെളിയിക്കുന്നതിനായാണു സി.ബിഐയെ പരാതിക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നത് എന്നും അപ്രകാരമുള്ള ഒരു അന്വേഷണം വഴി ഉമ്മന്‍ ചാണ്ടിയുടെ  ജീവിത ശുദ്ധി തെളിയിക്കുന്നതിന് അന്വേഷണമിട്ട് സഹായിച്ച ആളാണു പിണറായി വിജയന്‍ എന്നും നിങ്ങള്‍ പറഞ്ഞില്ലല്ലോ എന്ന് എനിക്ക് തോന്നിപോയി എന്നാണു കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ വരുന്ന സന്ദേശങ്ങള്‍.

രോഗശയ്യയിലായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ രോഗ വിശേഷങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച് അന്വേഷിക്കുമായിരുന്നു എന്നു പറഞ്ഞപ്പോഴും കേള്‍വിക്കാര്‍ അത്ഭുതസ്തബ്ധരായി. സരിത കമ്മീഷന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ജുഡീഷ്യല്‍ കമ്മീഷന്റെ ചെയര്‍മാന്‍ ശിവരാജനും വിളിച്ച് അന്വേഷിക്കുമായിരുന്നു എന്ന് മാത്രമേ ചാണ്ടി ഉമ്മന്‍ പറയാതിരുന്നുള്ളൂ എന്നും ചാണ്ടി ഉമ്മനു നേരെ പരിഹാസം ഉയരുന്നുണ്ട്.

ചാണ്ടി ഉമ്മന്റെ പരാമര്‍ശത്തില്‍ അതൃപ്തി വ്യക്തമാക്കി കോണ്‍ഗ്രസ് അനുകൂല അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം എഴുതിയ കത്തും ശ്രദ്ധേയമാവുകയാണ്.

44a649b6-f513-478b-8eec-927c1626238c

കത്തില്‍ പറയുന്നത്:

പ്രിയ ചാണ്ടി ഉമ്മൻ

അങ്ങയുടെ പിതാവിന്റെ ഒന്നാം ചരമ വാർഷികവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തു വച്ച് നടന്ന ഒരു ചടങ്ങിൽ താങ്കൾ നടത്തിയ വികാരപരമായ ഒരു പ്രസംഗം കേൾക്കുവാനിടയായി. ആ പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉമ്മൻ ചാണ്ടിയോട് കാണിച്ചിരുന്ന ആദരവും കരുതലും പ്രത്യേകമായി പരാമർശിക്കുകയുണ്ടായി.

ഉമ്മൻ ചാണ്ടിയുടെ ജീവിത ശുദ്ധിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോൾ കേന്ദ്ര ഏജൻസിയായ സിബിഐയെക്കൊണ്ട് അന്വേഷിപ്പിച്ച് ആരോപണം സത്യവിരുദ്ധമായിരുന്നു എന്ന് തെളിയിക്കുന്നതിനായാണ് സിബിഐയെ പരാതിക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നത് എന്നും അപ്രകാരമുള്ള ഒരു അന്വേഷണം വഴി താങ്കളുടെ പിതാവിന്റെ ജീവിത ശുദ്ധി തെളിയിക്കുന്നതിന് അന്വേഷണമിട്ട് സഹായിച്ച ആളാണ് പിണറായി വിജയൻ എന്നും നിങ്ങൾ പറഞ്ഞില്ലല്ലോ എന്ന് എനിക്ക് തോന്നിപോയി.

രോഗശയ്യയിലായിരുന്ന ബഹുമാന്യനായ ഉമ്മൻ ചാണ്ടിയുടെ രോഗ വിശേഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച് അന്വേഷിക്കുമായിരുന്നു എന്ന് പറഞ്ഞപ്പോഴും കേൾവിക്കാർ അത്ഭുതസ്‌തബ്ധരായി. സരിത കമ്മീഷൻ എന്ന പേരിൽ അറിയപ്പെടുന്ന ജുഡീഷ്യൽ കമ്മീഷന്റെ ചെയർമാൻ ശിവരാജനും വിളിച്ച് അന്വേഷിക്കുമായിരുന്നു എന്ന് മാത്രമേ നിങ്ങൾ പറയാതിരുന്നുള്ളൂ. ഇനിയൊരവസരം ഉണ്ടാകുമ്പോൾ അങ്ങനെയും നിങ്ങൾ പ്രസംഗിക്കുമെന്ന പ്രതീക്ഷയോടെ.

സ്നേഹപൂർവം

ജോർജ് പൂന്തോട്ടം, സീനിയർ അഡ്വക്കേറ്റ്

Advertisment