ചരിത്രത്തില്‍ ആദ്യമായി മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ട് ഏഷ്യാനെറ്റ്. വീണ്ടും രണ്ടാം സ്ഥാനത്തെത്തി ട്വന്റി ഫോര്‍. ഇലക്ഷന്‍ റിപ്പോര്‍ട്ടിംഗിന്റെ കരുത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി റിപ്പോര്‍ട്ടര്‍

തൊട്ടു മുന്‍പുള്ള ആഴ്ചയിലെക്കാള്‍ രണ്ട് പോയിന്റ് കുറയുകയാണ് ന്യൂസ് മലയാളത്തിന് സംഭവിച്ചിരിക്കുന്നത്.

New Update
ASIANET REPORTER 24 NEWS

തിരുവനന്തപുരം:  നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസത്തെ കരുത്തില്‍ വാര്‍ത്താ ചാനലുകളുടെ റേറ്റിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി റിപോര്‍ട്ടര്‍ ടിവി. ഫല പ്രഖ്യാപന ദിവസത്തെ റേറ്റിങ്ങ് പോയിന്റിന്റെ കരുത്തില്‍ ട്വന്റി ഫോര്‍ ന്യൂസ് രണ്ടാം സ്ഥാനത്തേക്കും എത്തി.

Advertisment

വോട്ടെണ്ണല്‍ ദിനത്തില്‍ പതിവ് ശൈലി മാറ്റി വെച്ച്, റിപോര്‍ട്ടറിന്റെയും ട്വന്റി ഫോറിന്റെയും രീതി പിന്തുടര്‍ന്ന് നാല് അവതാരകരെ അണി നിരത്തി ഫലപ്രഖ്യാപനം നടത്തിയിട്ടും ഏഷ്യാനെറ്റ് ന്യൂസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.  


ബ്രോഡ് കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ഇന്ന് പുറത്തുവിട്ട റേറ്റിങ്ങില്‍ കേരളാ ഓള്‍ യൂണിവേഴ്‌സ് വിഭാഗത്തില്‍ 118 പോയിന്റ് നേടിയാണ് റിപോര്‍ട്ടര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഒരാഴ്ചത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ ആഴ്ചയാണ് റിപ്പോര്‍ട്ടര്‍ വീണ്ടും റേറ്റിംഗില്‍ ഒന്നാമതെത്തിയത്. 


നിലമ്പൂര്‍ കലാശക്കൊട്ട്, പോളിംഗ് ദിനത്തിലെ റേറ്റിംഗിന്റെ പിന്‍ബലത്തില്‍ ആയിരുന്നു ഏഷ്യാനെറ്റ് ന്യൂസിനെ പിന്തള്ളി റിപ്പോര്‍ട്ടര്‍ ടി വി ഒന്നാം സ്ഥാനം തിരികെ പിടിച്ചത്. ജൂണ്‍ 22 മുതല്‍ 28 വരെയുള്ള ദിവസത്തെ റേറ്റിംഗ് ആണ് ഇന്ന് പുറത്തുവന്നത്. 

23ന് നടന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആയിരുന്നു ആഴ്ചയിലെ പ്രധാന വാര്‍ത്താ സംഭവം. നേരത്തെ 4 ആഴ്ചകളിലെ റേറ്റിങ്ങിന്റെ ശരാശരിയായിരുന്നു അവസാന ആഴ്ചയിലെ റേറ്റിംഗ് ആയി പുറത്തു വിട്ടിരുന്നത്. എന്നാല്‍ ആ രീതിയില്‍ മാറ്റം വന്നു. ഇപ്പോള്‍ അതാത് ആഴ്ചയിലെ റേറ്റിംഗ് മാത്രമാണ് പോയിന്റ് നിശ്ചയിക്കാന്‍ കണക്കുകൂട്ടുന്നത്. 

വോട്ടെണ്ണല്‍ ദിനത്തില്‍ കൂടുതല്‍ പ്രേക്ഷകര്‍ റിപ്പോര്‍ട്ടറിലേക്കും ട്വന്റി ഫോറിലേയുമാണ് ഒഴുകിയത്. വോട്ടെണ്ണല്‍ ദിനത്തില്‍ നേടിയ പോയിന്റിന്റെ മികവിലാണ് റിപ്പോര്‍ട്ടര്‍ മുന്‍ ആഴ്ചയിലെക്കാള്‍ രണ്ടു പോയിന്റ് വര്‍ദ്ധിപ്പിച്ച് 118 പോയിന്റിലേക്ക് എത്തിയത്. 113 പോയിന്റ് നേടി രണ്ടാം സ്ഥാനത്തേക്ക് എത്തിയ ട്വന്റി ഫോറിന്റെ കുതിപ്പിലും വോട്ടു ദിനത്തിലെ പ്രകടന മികവാണ് തെളിയുന്നത്. 


മുന്‍ ആഴ്ച 107 പോയിന്റ് ഉണ്ടായിരുന്ന ട്വന്റി ഫോര്‍ ന്യൂസ് 6 പോയിന്റ് വര്‍ദ്ധിപ്പിച്ചാണ് 113 പോയിന്റ് നേട്ടത്തിലേക്ക് എത്തിയത്. എന്നാല്‍ റിപ്പോര്‍ട്ടറിന്റെയും ട്വന്റി ഫോറിന്റെ ഈ കുതിപ്പ് ഏഷ്യാനെറ്റ് ന്യൂസിന് വിനയായി മാറി. തൊട്ടു മുന്നിലുള്ള ആഴ്ചയില്‍ 114 പോയിന്റ് ഉണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസ് ഈയാഴ്ച 106 പോയിന്റിലേക്ക് താഴ്ന്നു. 


8 പോയിന്റാണ് ഏഷ്യാനെറ്റ് ന്യൂസിന് നഷ്ടമായത്. വോട്ട് എണ്ണല്‍  പോലെയുള്ള വലിയ വാര്‍ത്താ ദിവസങ്ങളില്‍ സ്ഥിരം പ്രേക്ഷകര്‍  പോലും വിട്ടുപോകുന്നതാണ് ഏഷ്യാനെറ്റ് നേരിടുന്ന പ്രതിസന്ധി. ഇതിന്റെ നേര്‍ക്കാഴ്ചയാണ് ഇപ്പോള്‍ പുറത്തുവന്ന റേറ്റിംഗ് കണക്കുകള്‍.

കലാശക്കൊട്ടിന്റെയും പോളിങ്ങിന്റെയും റേറ്റിംഗില്‍ തന്നെ ഈ പ്രവണത കണ്ടു തുടങ്ങിയിരുന്നു. കലാശക്കൊട്ട് ദിവസം അര പോയിന്റിന് റിപ്പോര്‍ട്ടര്‍ ഏഷ്യാനെറ്റ് മറികടന്നു. 

പോളിംഗ് ദിവസവും ഇതേ വ്യത്യാസമുണ്ടായി. ഇത് കണക്കിലെടുത്താണ് വോട്ട് ദിവസം നാല് അവതാരക നിര്‍ത്തിയുള്ള ഫലപ്രഖ്യാപന രീതി സ്വീകരിക്കാന്‍ ഏഷ്യാനെറ്റ് ന്യൂസ് നിര്‍ബന്ധിതമായത്. എന്നാല്‍ ആ പരീക്ഷണവും പാളിയെന്നാണ് റേറ്റിംഗ് വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ടറിന്റെയും ട്വന്റി ഫോറിന്റെയും ശൈലിയിലുള്ള ലേലം വിളി അവതരണം ഏഷ്യാനെറ്റിന്റെ സ്ഥിരം പ്രേക്ഷകര്‍ക്കു പോലും ഇല്ലെന്ന് വേണം കരുതാന്‍. 


അതാണ് ഒന്നാം സ്ഥാനക്കാരായ റിപ്പോര്‍ട്ടുമായി ഏഷ്യാനെറ്റ് ന്യൂസിന് 12 പോയിന്റ് വ്യത്യാസം ഉണ്ടാകാന്‍ കാരണം. സ്വന്തം ശൈലിയില്‍ സംശയം തോന്നിത്തുടങ്ങിയ ഏഷ്യാനെറ്റ് ന്യൂസിന് ഇനി പിടിച്ചു നില്‍ക്കണമെങ്കില്‍ ഉള്ളടക്കത്തിലും അവതരണത്തിലും പുതിയ വഴികള്‍ തേടേണ്ടതുണ്ട്. കൂടുതല്‍  ആകര്‍ഷകമായി തനത് ശൈലി പരിഷ്‌കരിച്ചെടുക്കുകയാവും ഏഷ്യാനെറ്റ് ന്യൂസിന് അഭികാമ്യം. 


എന്നും ഒന്നാം സ്ഥാനത്തിരുന്ന് മാത്രം ശീലിച്ചുപോയ ഏഷ്യാനെറ്റ് ന്യൂസിലെ എഡിറ്റോറിയല്‍ നേതൃത്വം അത് തിരിച്ചറിയുമോ എന്നതാണ് ചോദ്യം. റിപ്പോര്‍ട്ടറില്‍ നിന്ന് മാതൃസ്ഥാപനത്തിലേക്ക് തിരിച്ചെത്തിയ ഉണ്ണി ബാലകൃഷ്ണന്‍ എടുക്കുന്ന നിലപാട് ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാകും. 

എന്നാല്‍ ദൈനംദിന വാര്‍ത്ത സംപ്രേഷണത്തില്‍ ഉണ്ണി ബാലകൃഷ്ണന് റോള്‍ ഒന്നുമില്ല എന്നാണ് ഏഷ്യാനെറ്റ്  ന്യൂസ് എഡിറ്റോറിയല്‍ വിഭാഗം മേധാവികളുടെ അവകാശവാദം. ഓരോ ആഴ്ചയിലെയും പ്രകടനം വിലയിരുത്തിയാണ്  റേറ്റിംഗ് കണക്കാക്കുന്ന പുതിയ സാഹചര്യം ദൈനംദിന കാര്യങ്ങളില്‍ കൂടി ഉണ്ണി ബാലകൃഷ്ണന്റെ ഇടപെടല്‍ അനിവാര്യമാക്കുന്നുണ്ട്. 

asianet reporter 24 channel

വോട്ടെണ്ണല്‍ ദിനത്തിലെ പ്രേക്ഷക ഒഴുക്കിന്റെ പിന്‍ബലത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയ ട്വന്റി ഫോര്‍ ന്യൂസിന് അടുത്തയാഴ്ച ഈ മികവ് നിലനിര്‍ത്താന്‍ സാധിക്കണമെന്നില്ല. 


ഉള്ളടക്കത്തിലെ പോരായ്മകളും ഗൗരവമുള്ള വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നതില്‍ അടക്കമുള്ള ചാനലിന്റെ ജന്മസിദ്ധമായ പ്രശ്‌നങ്ങളും പരിഹരിക്കാതെ കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കാന്‍ ട്വന്റി ഫോറിന് കഴിയണമെന്നില്ല. ആകെ മൊത്തം ജഗപൊഗയായി വാര്‍ത്ത അവതരണത്തെ മാറ്റിയ റിപ്പോര്‍ട്ടര്‍ ടിവി ഒന്നാം സ്ഥാനത്ത്  നിലനില്‍ക്കുന്നതാണ് ട്വന്റി ഫോറിന് പ്രതീക്ഷ പകരുന്ന കാര്യം.


കെട്ടിലും മട്ടിലും സമഗ്ര അഴിച്ചുപണി നടത്തിയിട്ടും കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ മനോരമ ന്യൂസിന് കഴിയുന്നില്ല. വോട്ടെണ്ണലും തുടര്‍ പ്രതികരണങ്ങളും ചര്‍ച്ചയായ ആഴ്ചയിലെ റേറ്റിങ്ങിലും വലിയ കുതിപ്പ് നടത്താന്‍ പത്ര മുത്തശ്ശിയുടെ കുടുംബത്തില്‍ നിന്നുള്ള ചാനലിന് കഴിഞ്ഞിട്ടില്ല. 

പോയ ആഴ്ചയും മനോരമ ന്യൂസ് നാലാം സ്ഥാനത്ത് തന്നെയാണ്. തൊട്ട് മുന്‍പുള്ള ആഴ്ചയിലേക്കാള്‍ ഒരു പോയിന്റ് കുറഞ്ഞ് 52  പോയിന്റാണ് വോട്ടെണ്ണല്‍ വാരത്തിലെ മനോരമയുടെ സമ്പാദ്യം. അവതരണ ശൈലിയില്‍ അടക്കം മാറ്റം വരുത്തിയിട്ടും നേട്ടം ഉണ്ടാക്കാനാവാതെ പോയത് മനോരമ ന്യൂസ് സംഘത്തിന് കടുത്ത നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. 


പതിവു പോലെ മാതൃഭൂമി ന്യൂസ് ആണ് അഞ്ചാം സ്ഥാനത്ത് ഉള്ളത്. 47 പോയിന്റാണ് മാതൃഭൂമിയുടെ നേട്ടം. മുന്‍ ആഴ്ചയിലേക്കാള്‍ 1 പോയിന്റ് അധികം നേടാനായി എന്നത് ആശ്വാസകരമായി. ന്യൂസ് മലയാളം 24ഃ7 ചാനലിനും വോട്ടെണ്ണല്‍ വാരത്തില്‍ നല്ല പ്രകടനം കാഴ്ചവെക്കാന്‍ ആയിട്ടില്ല. 


തൊട്ടു മുന്‍പുള്ള ആഴ്ചയിലെക്കാള്‍ രണ്ട് പോയിന്റ് കുറയുകയാണ് ന്യൂസ് മലയാളത്തിന് സംഭവിച്ചിരിക്കുന്നത്.

reporter asianet

29 പോയിന്റാണ് ആറാം സ്ഥാനത്തുള്ള അവരുടെ നേട്ടം. മുന്‍ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ 6 പോയിന്റ് കുറഞ്ഞെങ്കിലും രാഷ്ട്രീയ പ്രാധാന്യമുള്ള ആഴ്ചയില്‍ ഏഴാം സ്ഥാനം നിലനിര്‍ത്താന്‍ കൈരളി ന്യൂസിന് സാധിച്ചു. 

27 പോയിന്റില്‍ നിന്ന് 21 പോയിന്റിലേക്കാണ് കൈരളി വീണത്. 20 പോയിന്റുമായി ജനം ടിവിയാണ് എട്ടാം സ്ഥാനത്ത്. 17 പോയിന്റുമായി ന്യൂസ് 18 കേരളം ഒന്‍പതാം സ്ഥാനത്തുണ്ട്. മുന്‍ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ ന്യൂസ് 18 ന് പോയിന്റ് നഷ്ടമുണ്ട്. 9 പോയിന്റ് മാത്രമുള്ള മീഡിയ വണ്‍ ചാനലാണ് അവസാന സ്ഥാനത്തുള്ളത്.

Advertisment