/sathyam/media/media_files/2025/06/19/news-channel-rating-2025-06-19-17-27-51.jpg)
കോട്ടയം: ശബരിമലയിലെ സ്വർണപ്പാളി വിവാദം കൈയ്യടക്കിയ വാർത്താവാരത്തിൽ വൻ മുന്നേറ്റം നടത്തി ഏഷ്യാനെറ്റ് ന്യൂസ്.
സ്വർണ്ണപ്പാളി വിവാദത്തെക്കുറിച്ചുളള നല്ല ശ്രദ്ധയാകർഷിക്കുന്ന വെളിപ്പെടുത്തലുകളും അന്വേഷണാത്മക സ്വഭാവമുളള റിപോർട്ടുകളും സംപ്രേഷണം ചെയ്തുകൊണ്ടാണ് റേറ്റിങ്ങ് പോയിന്റിലും പ്രേക്ഷക പങ്കാളിത്തത്തിലും വലിയ ഉയർച്ച ഉണ്ടാക്കിയത്.
ചാനലുകളുടെ റേറ്റിങ്ങ് നിർണയ ഏജൻസിയായ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (BARC) ഇന്ന് പുറത്തുവിട്ട പോയവാരത്തിലെ കണക്കുകളിലാണ് ഏഷ്യാനെറ്റ് ന്യൂസിൻെറ അജയ്യമുന്നേറ്റം വ്യക്തമായത്.
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെയുളള ആഴ്ചയിലെ റേറ്റിങ്ങാണ് ഇന്ന് പുറത്തുവന്നത്. തൊട്ടുമുൻപുളള ആഴ്ചയിലേക്കാൾ 5 പോയിന്റ് വർദ്ധിപ്പിച്ചുകൊണ്ടാണ് ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്താ ചാനലുകൾക്കിടയിലെ അധീശത്വം അരക്കിട്ട് ഉറപ്പിച്ചത്.
റേറ്റിങ്ങിലെ കേരള യൂണിവേഴ്സ് വിഭാഗത്തിൽ 94 പോയിൻറാണ് ഏഷ്യാനെറ്റ് ന്യൂസിൻെറ നേട്ടം. മുൻപത്തെ ആഴ്ചയിലെ 89 പോയിന്റിൽ നിന്നാണ് ഏഷ്യാനെറ്റ് ന്യൂസ് 94 പോയിന്റിലേക്ക് വളർന്നത്.
ചാനലുകളിലെ പ്രേക്ഷക പങ്കാളിത്തം കുറഞ്ഞുവരുന്ന പ്രവണത ഉളളപ്പോഴാണ് ഏഷ്യാനെറ്റിൻെറ ഈ നേട്ടം എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
സ്വർണപ്പാളി വിവാദത്തെ സംബന്ധിച്ച ന്യൂസ് അവർ ചർച്ചകളും രാഷ്ട്രീയ സംഭവവികാസങ്ങളെ ഉൾക്കാഴ്ചയോടെ വിശകലനം ചെയ്യുന്ന ഉണ്ണി ബാലകൃഷ്ണൻെറ സർജിക്കൽ സ്ട്രൈക്കും ഏഷ്യാനെറ്റ് ന്യൂസിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നതിന് സഹായകമായിട്ടുണ്ട്.
സ്വർണപ്പാളി മോഷണ വിവാദത്തിൽ സർക്കാരിൻെറ പിഴവ് അക്കമിട്ട് നിരത്തിക്കൊണ്ടുളള റിപോർട്ടുകളായിരുന്നു ഏഷ്യാനെറ്റിൻെറ സവിശേഷത.
വാർത്തയെ വെറും കോലാഹലത്തിന് അപ്പുറത്തേക്ക് വളർത്തുന്നതിൽ താൽപര്യമോ ശേഷിയോ പ്രകടിപ്പിക്കാത്ത റിപോർട്ടർ ടിവിക്ക് സ്വർണപ്പാളി വിവാദം വാർത്തയായ വാരത്തിലും രണ്ടാം സ്ഥാനം കൊണ്ട് സ്വയം തൃപ്തിപ്പെടേണ്ടിവന്നു.
74 പോയിന്റ് നേടിയാണ് റിപോർട്ടർ ടിവി, ഏഷ്യാനെറ്റ് ന്യൂസിന് പിന്നിൽ രണ്ടാംസ്ഥാനം നിലനിർത്തിയത്. രണ്ടാം സ്ഥാനത്തിന് മാറ്റം ഉണ്ടായില്ലെങ്കിലും പോയിന്റ് നില മെച്ചപ്പെടുത്താൻ റിപോർട്ടർ ടിവിക്ക് സാധിച്ചിട്ടുണ്ട്.
തൊട്ടുമുൻപുളള ആഴ്ചയിൽ 68 പോയിന്റ് നേടിയ റിപോർട്ടർ 6 പോയിന്റ് വർദ്ധിപ്പിച്ചാണ് 74 പോയിന്റിലേക്ക് വളർന്നത്. വലിയ വാർത്തകൾ സംഭവിക്കുന്ന സമയങ്ങളിൽ പ്രേക്ഷകർ റിപോർട്ടറിലേക്ക് എത്തുന്ന പതിവിന് വലിയതോതിൽ മാറ്റമില്ലാത്തത് ചാനലിനെ സംബന്ധിച്ചിടത്തോളം ശുഭകരമാണ്.
വെളിവും വെളളിയാഴ്ചയുമില്ലാതെ രാഷ്ട്രീയ താൽപര്യം മുൻനിർത്തി വാർത്തകൾ കൈകാര്യം ചെയ്യുന്ന എഡിറ്റോറിയൽ മേധാവികളും വിശ്വാസ്യതയില്ലാ റിപോർട്ടർമാരും ചേരുന്ന വാർത്താവതരണം റിപോർട്ടറിൻെറ കുതിപ്പിനെ ദോഷകരമായി ബാധിച്ചിരുന്നു.
കൈരളി ന്യൂസിനെ കടത്തിവെട്ടിക്കൊണ്ട് സി.പി.എമ്മിൻെറ ചാനൽ പോലെ പ്രവർത്തിക്കുന്നതും റിപോർട്ടറിൻെറ വിശ്വാസ്യത തകരാൻ കാരണമായിട്ടുണ്ട്.
അന്വേഷണവും ശ്രദ്ധാ പൂർവനമായ വാർത്താ ആസൂത്രണവും വേണ്ടിവന്ന സ്വർണപ്പാളി വിവാദ വാർത്ത മാറ്റുരക്കപ്പെട്ട വാരത്തിൽ വാർത്തകളെ ഷോ ബിസിനസായി മാത്രം കാണുന്ന ട്വന്റിഫോർ ന്യൂസിന് കാര്യമായ നേട്ടമുണ്ടാക്കാനായില്ല.
മുൻനിര ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസും റിപോർട്ടർ ടിവിയും പോയിന്റ് നില ഗണ്യമായി വർദ്ധിപ്പിച്ച വാരത്തിൽ ട്വന്റിഫോറിൻെറ വളർച്ച കീഴ്പോട്ടാണ്.
തൊട്ടുമുൻപുളള ആഴ്ചയിൽ 55 പോയിന്റ് ഉണ്ടായിരുന്ന ട്വന്റിഫോറിന് ഈയാഴ്ച 53 പോയിന്റ് മാത്രമേ നേടാനായുളളു.
കണ്ടന്റുളള വാർത്തകൾ സംപ്രേഷണം ചെയ്യാൻ തന്നെ മടിക്കുന്ന ചീഫ് എഡിറ്റർ ആർ.ശ്രീകണ്ഠൻ നായരുടെ വാർത്താ ശൈലിക്കേറ്റ തിരിച്ചടി കൂടിയാണിത്.
പലതവണ സമാനമായ തിരിച്ചടി ഉണ്ടായിട്ടും കൗതുക വാർത്തകളും ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറികളും ക്രൈം വാർത്തകളിലും അഭിരമിക്കുന്ന സ്വന്തം വാർത്താശൈലി മാറ്റാതെ വാശി പോലെ തുടർന്നുകൊണ്ടുപോകുന്നയാളാണ് ശ്രീകണ്ഠൻ നായർ.
കേവലം അവതാരകൻ മാത്രമായ ശ്രീകണ്ഠൻ നായരുടെ വാർത്താഭാവുകത്വം ഇപ്പോഴും ചാനൽ തുടങ്ങിയ കാലത്ത് തുടങ്ങിയസമയത്ത് തന്നെ നിൽക്കുകയാണ്.
അതിന് ശേഷം ട്വന്റിഫോറിനെ പകർത്തികൊണ്ട് റിപോർട്ടർ ടിവി കടന്നുവന്നതും അവർ മാതൃചാനലിൻെറ ന്യൂനതകൾ തിരിച്ചറിഞ്ഞ് ഗൗരവമുളള വാർത്തകൾക്ക് പ്രാമുഖ്യം കൊടുക്കുന്നതും അറിയാതെ താൻപിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന മട്ടിലാണ് ശ്രീകണ്ഠൻ നായരുടെ പോക്ക്.
ഏറ്റവും ഒടുവിൽ പുറത്തുവന്ന റേറ്റിങ്ങിൽ മനോരമ ന്യൂസിനെയും മാതൃഭൂമി ന്യൂസിനെയും മലർത്തിയടിച്ച് നാലാം സ്ഥാനത്തേക്ക് കടന്നിരുന്ന ന്യൂസ് മലയാളം 24x7 ചാനലിനും സ്വർണപ്പാളി വിവാദം ചർച്ചയായ ആഴ്ചയിൽ നേട്ടം ഉണ്ടാക്കാനായില്ല.
ഒറ്റയടിക്ക് നാലാം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തേക്കാണ് ന്യൂസ് മലയാളം വീണുപോയിരിക്കുന്നത്. മുൻപത്തെ ആഴ്ചയിൽ 37 പോയിന്റ് ഉണ്ടായിരുന്ന ന്യൂസ് മലയാളം ഒറ്റയാഴ്ച കൊണ്ട് 11 പോയിൻറാണ് ഇടിഞ്ഞ് 26 പോയിന്റിലേക്ക് താഴ്ന്നു.
മുൻനിര ചാനലുകളെ മറികടന്ന് മുന്നേറാൻ ശ്രമിക്കുന്ന ന്യൂസ് മലയാളത്തിന് കനത്ത ആഘാതമാണിത്. സിപിഎമ്മിനോടും സർക്കാരിനോടും വലിയ ആഭിമുഖ്യം പുലർത്തുന്ന ന്യൂസ് ഡയറക്ടർമാരായ ഇ.സനീഷും ടി.എം.ഹർഷനും സ്വീകരിക്കുന്ന പക്ഷപാതപരമായ വാർത്താ സമീപനമാണ് സ്വർണപ്പാളി വിവാദത്തിൽ ന്യൂസ് മലയാളം ചാനലിന് തിരിച്ചടിയായത്.
സ്വർണപ്പാളി വിവാദം സർക്കാരിന് ക്ഷീണമുണ്ടാക്കുമോയെന്ന ആശങ്കയിൽ കരുതലോടെയായിരുന്നു ന്യൂസ് മലയാളം വാർത്തകളെ സമീപിച്ചത്.
ന്യൂസ് മലയാളം 11 പോയിന്റ് ഇടിഞ്ഞ് 26 പോയിന്റിലേക്ക് കൂപ്പുകുത്തിയതോടെ മനോരമ ന്യൂസ് നാലാം സ്ഥാനത്തേക്ക് തിരിച്ചെത്തി. തൊട്ടുമുൻപത്തെ ആഴ്ചയിൽ 36.86 പോയിന്റുണ്ടായിരുന്ന മനോരമ ന്യൂസ് രണ്ട് പോയിന്റ് വർദ്ധിപ്പിച്ച് 39 പോയിന്റിലേക്ക് എത്തുകയും ചെയ്തു.
കഴിഞ്ഞ ആഴ്ചയിലെ അതേ പോയിന്റായ 34 നിലനിർത്തിയ മാതൃഭൂമി ന്യൂസ് അഞ്ചാം സ്ഥാനത്തും എത്തി. സ്വർണപ്പാളി വിവാദത്തിൽ മികച്ച വാർത്തകൾ കൊണ്ടുവന്നെങ്കിലും റേറ്റിങ്ങിൽ അതിൻെറ മെച്ചം ഉണ്ടാക്കാൻ മാതൃഭൂമി ന്യൂസിന് കഴിഞ്ഞില്ല.
21 പോയിന്റുമായി ജനം ടിവി ഏഴാം സ്ഥാനത്തും 18 പോയിന്റുമായി കൈരളി ന്യൂസ് എട്ടാം സ്ഥാനത്തുമുണ്ട്.13 പോയിന്റ് നേടിയ ന്യൂസ് 18 കേരളമാണ് ഒൻപതാം സ്ഥാനത്ത്. 9 പോയിന്റുമായി പതിവ് പോലെ മീഡിയാ വൺ ചാനലാണ് ഏറ്റവും പിന്നിൽ.