/sathyam/media/media_files/2025/08/14/channel-rating-this-week-4-2025-08-14-16-17-52.jpg)
കോട്ടയം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കിതിരായ ഗർഭഛിദ്ര ആരോപണങ്ങൾ അടങ്ങിയ ഓഡിയോ ക്ളിപ്പ് പുറത്തുവിട്ടിട്ടും എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ആക്രമണോത്സുകമായ അവതരണം നടത്തിയിട്ടും റേറ്റിങ്ങിൽ നേട്ടം ഉണ്ടാക്കാനാവാതെ റിപോർട്ടർ ടിവി.
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ വിവാദം ആളിക്കത്തിച്ചിട്ടും റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് കടന്നിരിക്കാൻ റിപോർട്ടർ ടിവിക്ക് സാധിച്ചിട്ടില്ല.
പോയ ആഴ്ചയിലും ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് മലയാളം ന്യൂസ് ചാനലുകളിലെ ഒന്നാമൻ.ഏഷ്യാനെറ്റ് ന്യൂസിന് പിന്നിൽ രണ്ടാം സ്ഥാനം മാത്രമാണ് റിപോർട്ടർ ടിവിക്ക് ലഭിച്ചത്.
ഒന്നാം സ്ഥാനം നഷ്ടപ്പെട്ടതിനേക്കാൾ റിപോർട്ടറിനെ കുത്തിനോവിക്കുന്നത് പോയിൻറ് നില തൊട്ട് മുൻപുളള ആഴ്ചയേക്കാൾ കുറഞ്ഞതാണ്.
രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗികാരോപണ വിവാദത്തിൽ ഒരേ സമയം ആസൂത്രണവും നിർവഹണവും നടത്തിയിട്ടും മുൻപത്തെ ആഴ്ചയിലേക്കാൾ 4 പോയിൻറാണ് റിപോർട്ടറിന് ഇടിഞ്ഞത്.
വലിയ വാർത്താ മൂഹൂർത്തങ്ങൾ സംഭവിച്ച ആഴ്ചയിൽ നേട്ടമുണ്ടാക്കാനാവാതെ പോയത് റിപോർട്ടറിന് കനത്ത തിരിച്ചടിയാണ്.
കേവലം വാർത്താവതരണവും റിപോർട്ടിങ്ങും കടന്ന് പരിധി ലംഘിക്കുന്ന വിധത്തിൽ നടത്തിയ ഇടപെടൽ റിപോർട്ടറിൽ നിന്ന് സ്ഥിരം പ്രേക്ഷകരെ പോലും അകറ്റിയെന്ന് വേണം കരുതാൻ.
വാർത്തകളിലും നിലപാടുകളിലും പ്രകടിപ്പിക്കുന്ന സി.പി.എം പക്ഷപാതിത്വവും റിപോർട്ടറിന് വിനയായിട്ടുണ്ട്. കേരളത്തിലെ കോൺഗ്രസിനോട് പരസ്യമായ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന റിപോർട്ടർ ചാനലിൽ സംപ്രേഷണം ചെയ്ത രാഹുൽ മാങ്കൂട്ടത്തിലിന് എതിരാ പീഡന വാർത്തകൾക്ക് വലിയതോതിൽ വിശ്വാസ്യത ലഭിച്ചില്ലെന്ന് കൂടിയാണ് റേറ്റിങ്ങിലെ ഇടിവ് സൂചിപ്പിക്കുന്നത്.
ചാനലുകളുടെ റേറ്റിങ്ങ് ഏജൻസിയായ ബ്രോഡ് കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൌൺസിൽ അഥവാ ബാർക് ഇന്ന് പുറത്തുവിട്ട കണക്ക് പ്രകാരം എല്ലാ വിഭാഗത്തിലും ഏഷ്യാനെറ്റ് ന്യൂസിന് തന്നെയാണ് മേൽക്കൈ.
കേരളാ യൂണിവേഴ്സ് വിഭാഗത്തിൽ 87 പോയിൻറ് നേടിയാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിർത്തിയത്. തുടർച്ചയായ നാലാം ആഴ്ചയാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് എത്തുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ പീഡന വാർത്തകൾ നിറഞ്ഞാടിയ ആഴ്ചയിലെ റേറ്റിങ്ങിൽ തൊട്ട് മുൻപത്തെ ആഴ്ചയിൽ നിന്ന് 1 പോയിൻറ് വർദ്ധിപ്പിക്കാനും ഏഷ്യാനെറ്റ് ന്യൂസിനായി.
രണ്ടാം സ്ഥാനക്കാരായ റിപോർട്ടർ ടിവിയുമായുളള പോയിൻറ് വ്യത്യാസം 8 ൽ നിന്ന് 13 പോയിൻറായി ഉയർത്താനും ഏഷ്യാനെറ്റിന് കഴിഞ്ഞിട്ടുണ്ട്. വാർത്താവതരണത്തിലും റിപോർട്ടിങ്ങിലും തെളിഞ്ഞുനിന്ന പരിചയ സമ്പന്നതയാണ് ഏഷ്യാനെറ്റ് ന്യൂസിന് ഗുണകരമായത്.
വിനു.വി.ജോണിനെ പോലുളള ഏഷ്യാനെറ്റ ് അവതാരകരുടെ പ്രിയപ്പെട്ടവൻ ആയിരുന്നിട്ടും രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ വാർത്തകൾ പ്രൊഫഷണലിസത്തോടെ കൈകാര്യം ചെയ്യാൻ ഏഷ്യാനെറ്റ് ന്യൂസിന് കഴിഞ്ഞിരുന്നു.
റേറ്റിങ്ങിൽ ഏഷ്യാനെറ്റ് ന്യൂസിന് പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് ഒതുങ്ങിയ റിപോർട്ടറിന് യൂണിവേഴ്സ് വിഭാഗത്തിൽ 74 പോയിൻറാണ് ലഭിച്ചത്.61 പോയിൻറുമായി ട്വൻറിഫോർ ന്യൂസാണ് മൂന്നാം സ്ഥാനത്ത്.
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ പീഡന വാർത്തയിൽ മറ്റ് ചാനലുകൾ ഓഡിയോക്ളിപ്പുകളും ചാറ്റുകളും മറ്റും പുറത്തുവിട്ടപ്പോൾ ട്വൻറി ഫോർ ന്യൂസിൽ ആദ്യദിവസം ഇതൊന്നും ഉണ്ടായിരുന്നില്ല.
രാഷ്ട്രീയ സംഭവ വികാസങ്ങളിൽ ചില ബ്രേക്കിങ്ങുകൾ ഉണ്ടായത് ഒഴിച്ചാൽ പീഡന വാർത്ത കളംനിറഞ്ഞ ആഴ്ചയിൽ ട്വൻറി ഫോറിന് വെറും കാഴ്ചക്കാരായിരുന്നു.
രാഹുൽ വാർത്തകൾ അരങ്ങ് തകർക്കുമ്പോൾ ചീഫ് എഡിറ്റർ ശ്രീകണ്ഠൻ നായരുടെ മാധ്യമ പ്രവർത്തനത്തിൻെറ നാൽപതാം വർഷവുമായി ബന്ധപ്പെട്ട പരിപാടിയാണ് മണിക്കൂറുകളോളം സംപ്രേഷണം ചെയ്തത്.
ഇതൊക്കെയാണ് വലിയ വാർത്ത സംഭവിച്ച ആഴ്ചയിലും മുന്നേറ്റം നടത്താൻ ട്വൻറി ഫോറിന് കഴിയാതെ പോയതിൻെറ പ്രധാന കാരണങ്ങൾ.
റേറ്റിങ്ങിൽ പറ്റെ തകർന്ന മുൻ ആഴ്ചയിലേക്കാൾ 4 പോയിൻറ് വർദ്ധിച്ചത് മാത്രമാണ് ട്വൻറി ഫോറിന് ആശ്വാസകരമായ കാര്യം.
മുൻ ആഴ്ചയിൽ രണ്ടാം സ്ഥാനക്കാരായ റിപോർട്ടർ ടിവിയുമായുളള പോയിൻറ് വ്യത്യാസം 21 ആയിരുന്നെങ്കിൽ ഈയാഴ്ചയിൽ അത് 13 പോയിൻറായി കുറയ്ക്കാനായതിലും ട്വൻറി ഫോറിന് ആശ്വാസം കൊളളാം.
രാഹുൽ മാങ്കൂട്ടത്തിലിന് ഏതിരായ പീഡന വാർത്തകളുടെ കവറേജ് മാതൃഭൂമി ന്യൂസിന് നേട്ടം സമ്മാനിച്ചു. മുൻ ആഴ്ചയിൽ മനോരമാ ന്യൂസിന് ഒപ്പം നാലാം സ്ഥാനം പങ്കിട്ട മാതൃഭൂമിക്ക് ഈയാഴ്ച ആധികാരികമായ നാലാം സ്ഥാനം കിട്ടി.
യൂണിവേഴ്സ് വിഭാഗത്തിൽ 39 പോയിൻറ് നേടിയാണ് മാതൃഭൂമി ന്യൂസ് നാലാംസ്ഥാനം അരക്കിട്ട് ഉറപ്പിച്ചത്.അഞ്ചാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ട മനോരമ ന്യൂസിന് 31 പോയിൻറ് മാത്രമാണ് ലഭിച്ചത്.
മാതൃഭൂമി തൊട്ടു മുൻപുളള ആഴ്ചയിൽ നിന്ന് 3 പോയിൻറ് വർദ്ധിപ്പിച്ചപ്പോൾ മനോരമ ന്യൂസിന് 5 പോയിൻറ് കുറയുകയാണ് സംഭവിച്ചത്.
പത്രത്തിൻെറ പ്രതാപവും പിടിച്ചിരുന്നാൽ പുതിയ കാലത്ത് വിലപ്പോവില്ലെന്ന പാഠമാണ് തുടർച്ചയായ പിന്നോട്ടടി മനോരമ ന്യൂസ് ചാനലിന് നൽകുന്ന പാഠം.
ഇപ്പോഴത്തെ അഞ്ചാം സ്ഥാനവും മനോരമക്ക് ശാശ്വതമല്ലെന്ന സൂചനയും ഇത്തവണത്തെ റേറ്റിങ്ങ് കണക്കിൽ കാണാം. 31 പോയിൻറുളള മനോരമ ന്യൂസിന് തൊട്ടുപിന്നിൽ 30 പോയിൻറുമായി ആറാം സ്ഥാനത്ത് ന്യൂസ് മലയാളം 24x7 നിലയുറപ്പിച്ചിട്ടുണ്ട്.
19 പോയിൻറുമായി ജനം ടിവിയാണ് റേറ്റിങ്ങിൽ ഏഴാം സ്ഥാനത്ത്.16 പോയിൻറുമായി കൈരളി ന്യൂസ് എട്ടാം സ്ഥാനത്തുണ്ട്.
സ്ഥിരം പ്രേക്ഷകർ പോലും റിപോർട്ടറിലേക്ക് ചേക്കേറിയതാണ് സി.പി.എം ചാനലായ കൈരളിയുടെ വീഴ്ചക്ക് കാരണം.14 പോയിൻറുമായി ന്യൂസ് 18 കേരളം ഒൻപതാം സ്ഥാനത്തും 9 പോയിൻറുമായി മീഡിയാ വൺ പത്തം സ്ഥാനത്തുമുണ്ട്.