തൃശൂർ : ചേലക്കര ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മിന്നുന്ന ജയം. എൽ.ഡി.എഫ് സ്ഥാനാർഥിയായ യു.ആർ പ്രദീപ് 12201 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസാണ് രണ്ടാം സ്ഥാനത്ത്.
52626 വോട്ട് നേടിയാണ് രമ്യാ ഹരിദാസ് രണ്ടാം സ്ഥാനത്ത് എത്തിയത്
ബിജെപി സ്ഥാനാർഥി കെ. ബാലകൃഷ്ണൻ മൂന്നാം സ്ഥാനത്ത് എത്തി. 33609 വോട്ട് നേടാൻ ബിജെപിക്കായി.
പി.വി. അൻവറിൻ്റെ സ്ഥാനാർഥി എൻ.കെ. സുധീർ നാലയിരത്തിലേറെ വോട്ട് നേടി. യു.ഡി.എഫ് ഉയർത്തിയ ശക്തമായ പ്രചാരണത്തിലും ചേലക്കര എന്ന ഇടത് കോട്ട തെല്ലും ഇളകിയില്ല. തുടക്കം മുതൽ വ്യക്തമായ ലീഡ് നേടി മുന്നോട്ട് പോയ ഇടത് സ്ഥാനാർഥി യു.ആർ. പ്രദീപ് ആഞ്ചാം റൗണ്ട് കഴിഞ്ഞപ്പോൾ തന്നെ വിജയം ഉറപ്പിച്ചു.
പിന്നീട് അങ്ങോട്ടുള്ള റൗണ്ടുകളിൽ ഭൂരിപക്ഷം എത്രയെന്നത് മാത്രമായിരുന്നു ചർച്ച. യു.ഡി.എഫ് സ്ഥാനാർഥി രമ്യാ ഹരിദാസിന് ഒരു ഘട്ടത്തിലും എൽ.ഡി.എഫിന് വെല്ലുവിളി ഉയർത്താനായില്ല. രമ്യയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച് കോൺഗ്രസിലും പുറത്തും ഉയർന്ന വിമർശനങ്ങൾ ശരി വെയ്ക്കുന്ന വോട്ട് നിലയാണ് യു.ഡി.എഫിൻ്റെ അക്കൗണ്ടിൽ കാണാനാവുന്നത്.
വരവൂർ, ദേശമംഗലം , ചേലക്കര പഞ്ചായത്തുകൾ കൊണ്ടു തന്നെ എൽ.ഡി.എഫ് വ്യക്തമായ മേധാവിത്വം നേടി. സംസ്ഥാന സർക്കാരിന് എതിരായ ഭരണ വിരുദ്ധ വികാരത്തിൻ്റെ പ്രകടന വേദിയായി മാറുമെന്ന് കരുതിയിരുന്ന ചേലക്കര ഉപതിരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് വൻ ഭൂരിപക്ഷം ലഭിച്ചത് യു.ഡി എഫിന് കനത്ത ആഘാതമാണ്.
ഭരണ വിരുദ്ധ വികാരത്തിൻ്റെ തണലിൽ ചേലക്കരയിൽ ജയിച്ചു കയറാം എന്നായിരുന്നു പ്രതീക്ഷ. സർക്കാരിൻ്റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് പ്രചണ്ഡമായ പ്രചരണം നടത്തിയിട്ടും ഇടത് കോട്ടയായ ചേലക്കരയിൽ അതൊന്നും ഏശിയില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച് ഭരണം നേടാൻ ലക്ഷ്യം വെച്ച് നീങ്ങുന്ന യുഡിഎഫിന് നിരാശ പകരുന്നതാണ് ഈ തോൽവി. ചേലക്കരയിലെ തകർപ്പൻ ജയം ഇടത് മുന്നണിക്ക് വലിയ നേട്ടമാണ്.
ലോകസഭ തിരഞ്ഞെടുപ്പിലെ തോൽവിയുടെ നാണക്കേട് കഴുകി കളഞ്ഞ് ആത്മ വിശ്വാസത്തോടെ നിങ്ങാൻ ചേലക്കരയിലെ ജയം എൽ.ഡി.എഫിന് സഹായകരമാകും.