ചേലക്കരയിലെ ചുവപ്പ് രാഷ്ട്രീയത്തിന് ഇളക്കം തട്ടില്ലെന്ന പ്രതീക്ഷയില്‍ ഇടത് മുന്നണി, വിവാദങ്ങളും ഭരണ വിരുദ്ധ വികാരവും അനുകൂലമാകുമെന്ന ആത്മവിശ്വാസത്തില്‍ യുഡിഎഫ്. ബിജെപിയും ശുഭാപ്തി വിശ്വാസത്തില്‍ ! ചേലക്കര ആരെ തുണയ്ക്കും ?

രാധേട്ടൻ എന്ന്  നാട്ടുകാർ ഏവരും  സ്നേഹപൂർവ്വം വിളിക്കുന്ന കെ രാധാകൃഷ്ണന്റെ ഹൃദയമിടിപ്പിലുണ്ട് ചേലക്കരയുടെ രാഷ്ട്രീയം

New Update
ur pradeep ramya haridas k balakrishnan

രാധേട്ടൻ എന്ന്  നാട്ടുകാർ ഏവരും  സ്നേഹപൂർവ്വം വിളിക്കുന്ന കെ രാധാകൃഷ്ണന്റെ ഹൃദയമിടിപ്പിലുണ്ട് ചേലക്കരയുടെ രാഷ്ട്രീയം. കഴിഞ്ഞ 28 വര്‍ഷമായി അതങ്ങനെ നിലക്കാതെ തുടരുകയാണ്. അതില്‍ തന്നെ 23 വര്‍ഷവും കെ രാധാകൃഷ്ണനായിരുന്നു ചേലക്കരയുടെ എംഎല്‍എ.

Advertisment

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ നിന്ന്  രാധാകൃഷ്ണന്‍ മത്സരിച്ച് ജയിച്ചതോടെയാണ് ചേലക്കരയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ആ കളം  യു ആർ പ്രദീപിലൂടെ വീണ്ടും ചുവപ്പിക്കും എന്ന ആത്മവിശ്വാസത്തിൽ തന്നെയാണ് ഇടതുപക്ഷം. കഴിഞ്ഞ തവണ നേടിയതിനേക്കൾ 40000 ത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷമാണ് ഇത്തവണയും  ലക്ഷ്യം.


യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാനിറങ്ങിയ രമ്യ ഹരിദാസിന് അങ്ങനെ പാട്ടും പാടി ജയിക്കാനാവില്ലെന്ന് വ്യക്തം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്വന്തം മണ്ഡലത്തിലും പഞ്ചായത്തിലും ബൂത്തിലും വരെ  കെ രാധാകൃഷ്ണന് കാലിടറിയിരുന്നു എന്നത് മാത്രമാണ് യുഡിഎഫിന് പ്രതീക്ഷ നൽകുന്നത്.  


എന്നിട്ടും ചേലക്കര ഉൾപെടുന്ന ലോക്‌സഭ മണ്ഡലം അന്നത്തെ ട്രൻ്റിനൊപ്പം നിന്നില്ലെന്നതും യുഡിഎഫ് ക്യാംപ് വിലയിരുത്തുന്നുണ്ട്.  2016 ൽ  എംഎല്‍എയായിരുന്ന യുആര്‍ പ്രദീപിന് മണ്ഡലത്തിലുള്ള സ്വാധീനം വോട്ടാക്കി മാറ്റാനാകും എന്നാണ് ഇടതുപക്ഷത്തിന്റെയും വിശ്വാസം. തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ജയം നൽകുന്ന ആത്മവിശ്വാസത്തിലാണ് 
ബിജെപി സ്ഥാനാർത്ഥി കെ ബാലകൃഷ്ണൻ. 

അതിനിടെ കെ  രാധാകൃഷ്ണന്‍ ഇടതു മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമല്ല എന്ന തരത്തിലും  അദേഹത്തെ പാർട്ടി തഴയുന്നു എന്ന തരത്തിലുള്ള പ്രചരണവും
യുഡിഎഫ് ശക്തമാക്കിയതും കണ്ടു.


കേരളത്തിൽ ഒരു ദളിത് മുഖ്യമന്ത്രിയുടെ സാധ്യതയില്ലാതാക്കാനാണ് കെ.രാധാകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയൻ പാർലമെന്റിലേക്ക് വിട്ടതെന്നായിരുന്നു മാത്യു കുഴൽനാടൻ്റെ ആരോപണം. 


അതൊരു പൂഴിക്കടകനായിരുന്നു. പ്രചരണത്തിൻ്റെ  അവസാന മണിക്കുറിലെടുത്ത അടവ്. ചേലക്കരയിൽ പി.വി അൻവറിന്റെ ഷോയ്ക്ക്  എത്ര ആളെ കിട്ടും എന്നതും അറിയാനിരിക്കുന്നതേയുള്ളൂ. ഡിഎം കെ സ്ഥാനാർത്ഥിയായി അൻവർ അവതരിപ്പിച്ചത്
കോൺഗ്രസ് വിമതനും കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി മുൻ സെക്രട്ടറിയുമായ എൻ.കെ.സുധീറിനെയാണ്.  

പ്രചരണ ഘട്ടത്തിൽ ഉയർന്ന വിവാദങ്ങളും ഭരണ വിരുദ്ധ വികാരവും  അനുകൂലമാകുമെന്ന പ്രതീക്ഷയിൽ യുഡിഎഫും ബിജെപിയും  ഭരണ നേട്ടം ഉയർത്തി എൽഡിഎഫും വോട്ടർമാരിൽ പ്രതിക്ഷയർപ്പിക്കുമ്പോൾ ചേലക്കരയുടെ ഹൃദയം ആർക്കൊപ്പമെന്നത് കാത്തിരിക്കാം.

Advertisment