തിരുവനന്തപുരം: കാടിളക്കി പ്രചാരണം നടത്തിയിട്ടും ഭരണവിരുദ്ധ പ്രചാരണം അഴിച്ചുവിട്ടിട്ടും ചേലക്കരയുടെ ചുവപ്പ് മായ്ക്കാൻ യു.ഡി.എഫിനും എൻ.ഡി.എയ്ക്കും കഴിഞ്ഞില്ല. മൂന്നു പതിറ്റാണ്ടായി ചുവന്ന മണ്ഡലത്തിൽ ഇത്തവണയും ചെങ്കാടി ഉയർന്നു പറക്കും.
ചേലക്കരക്കാരുടെ പ്രിയപ്പെട്ടവനായിരുന്ന മുൻ മന്ത്രിയും സ്പീക്കറുമൊക്കെയായിരുന്ന കെ.രാധാകൃഷ്ണൻ എന്ന രാധേട്ടന് പകരം ഇനി യു.ആർ പ്രദീപ് എന്ന പ്രദീപേട്ടനാവും അമരത്ത് എന്നത് മാത്രമാണ് വ്യത്യാസം.
മന്ത്രിയായി ശോഭിച്ചിരുന്ന, ജനപ്രിയനായ കെ.രാധാകൃഷ്ണനെ എം.പിയാക്കി ഡൽഹിയിലേക്ക് അയച്ച ശേഷം വന്ന ഉപതിരഞ്ഞെടുപ്പിൽ സീറ്റ് കൈവിട്ടാൽ എൽ.ഡി.എഫിന് കനത്ത തിരിച്ചടിയാവുമായിരുന്നു.
അതൊഴിവാക്കാൻ മുഖ്യമന്ത്രിയടക്കം എൽ.ഡി.എഫിന്റെ ഉന്നത നേതാക്കളുടെ പട തന്നെ ചേലക്കരയിലേക്ക് ഒഴുകിയെത്തി. യു.ഡി.എഫ്സർക്കാർ വിരുദ്ധ വികാരം മുതലെടുക്കാൻ പരമാവധി തന്ത്രങ്ങൾ പയറ്റിയെങ്കിലും ഫലം കണ്ടില്ല.
ഇടതുകോട്ടയെന്നാണ് വിലയിരുത്തപ്പെടുന്നതെങ്കിലും ഭരണവിരുദ്ധ വികാരം തിരിച്ചടിയാവുമോയെന്ന ആശങ്ക ഇടതുമുന്നണിക്കുണ്ടായിരുന്നു. അതിനാൽ രണ്ടുദിവസം മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലത്തിൽ തമ്പടിച്ച് അവസാനവട്ട പ്രചാരണത്തിന് കടിഞ്ഞാൺ പിടിച്ചു.
മറുവശത്ത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനും നിരന്തരം ചേലക്കരയിലെത്തി എണ്ണയിട്ട യന്ത്രം പോലെ പ്രചാരണത്തിന് നേതൃത്വം വഹിച്ചു. വി. മുരളീധരനും കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുമെല്ലാം ബിജെപി ക്യാമ്പിന് ആവേശമായെത്തി.
അഞ്ചര പതിറ്റാണ്ട് മാറിയും മറിഞ്ഞും വിധിയെഴുതിയ മണ്ഡലമാണ് ചേലക്കര. തിരുവില്വാമല, പഴയന്നൂർ, ദേശമംഗലം, കൊണ്ടാഴ്, ചേലക്കര, പാഞ്ഞാൾ, വള്ളത്തോൾ നഗർ, മുള്ളൂർക്കര, വരവൂർ പഞ്ചായത്തുകൾ എൽ.ഡി.എഫിനെ അകമഴിഞ്ഞ് തുണച്ചെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
1967, 1982 വർഷങ്ങളിൽ സിപിഎം ജയിച്ചതൊഴിച്ചാൽ കോൺഗ്രസിന്റെ ആധിപത്യം ചേലക്കരയിൽ പ്രകടമായിരുന്നു. പിന്നീട് കെ.രാധാകൃഷ്ണൻ ഇടതുമുന്നണി സ്ഥാനാർഥിയായി എത്തിയതോടെയാണ് ചേലക്കര ചുവന്നു തുടങ്ങിയത്.
ഇതുവരെ ആകെ നടന്ന 14 തിരഞ്ഞെടുപ്പിൽ 8 തവണ സിപിഎം ജയിച്ചു. 6 തവണ കോൺഗ്രസും. 1996 മുതൽ 2021 വരെ ആറു തവണയും എൽഡിഎഫ് ജയിച്ചു. കോൺഗ്രസോ, സിപിഎമ്മോ അല്ലാതെ മറ്റൊരു പാർട്ടി ചേലക്കരയിൽ ജയിച്ചിട്ടില്ല.
മണ്ഡലം രൂപീകൃതമായ 1965 മുതൽ 5 തവണ കെ.രാധാകൃഷ്ണനും 4 തവണ കെ.കെ.ബാലകൃഷ്ണനും ജയിച്ചു. ഇരുവർക്കും മണ്ഡലത്തിൽ ആഴത്തിലുള്ള ബന്ധമുണ്ട്. രാധാകൃഷ്ണൻ രണ്ടു തവണ മന്ത്രിയും ഒരു തവണ സ്പീക്കറുമായി.
കഴിഞ്ഞതവണ രാധാകൃഷ്ണന്റെ ജയം 27396 വോട്ടുകൾക്കായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച എൽ.ഡി.എഫ് ഇത്തവണ അത് നിലനിർത്തുകയായിരുന്നു.
പട്ടികജാതി സംവരണ മണ്ഡലമായ ചേലക്കരയിൽ കെ.രാധാകൃഷ്ണനാണ് ദീർഘകാലം എം.എൽ.എയായിരുന്നത്. രാധാകൃഷ്ണന്റെ പിൻഗാമിയായാണ് പ്രദീപ് എത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ മത്സരിച്ച രമ്യ ഹരിദാസിനെ യു.ഡി.എഫ് പരിഗണിക്കരുതെന്ന് നേരത്തേ ആവശ്യമുയർന്നതാണ്.
തൃശൂരിൽ കെ.മുരളീധരന്റെയും ആലത്തൂരിൽ രമ്യ ഹരിദാസിന്റെയും തോൽവി സംബന്ധിച്ച വാദപ്രതിവാദങ്ങളും തർക്കങ്ങളും തുടരുന്നതിനിടെ ഡി.സി.സിയിലെ കയ്യാങ്കളി, പ്രശ്‌നം കൂടുതൽ വഷളാക്കി. ഡി.സി.സി. പ്രസിഡന്റിന്റെയും യു.ഡി.എഫ് ചെയർമാൻ എം.പി. വിൻസെന്റിന്റെയും രാജി പ്രതിസന്ധി കൂട്ടി. ഇതിനിടയിലാണ് ഉപതിരഞ്ഞെടുപ്പിലെ കനത്ത തോൽവി കോൺഗ്രസിനെ തുറിച്ചു നോക്കുന്നത്.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുൻപേ പ്രചാരണം തുടങ്ങിയ മണ്ഡലമാണ് ചേലക്കര. രമ്യ ഹരിദാസിന്റെയും യു.ആർ. പ്രദീപിന്റെയും സ്ഥാനാർത്ഥിത്വം ഏതാണ്ട് ഉറപ്പായതിനാൽ അണികൾ തുടക്കത്തിലേ രംഗത്തിറങ്ങിയിരുന്നു.
കഴിഞ്ഞതവണ റെക്കാഡ് ഭൂരിപക്ഷം നേടിയ എൽ.ഡി.എഫ്, ഇത്തവണ ഭൂരിപക്ഷം കുറഞ്ഞാലും വിജയമുണ്ടാകുമെന്ന വിലയിരുത്തലിലായിരുന്നു. സ്ത്രീ വോട്ടർമാർ തന്നെയാണ് ഇത്തവണയും നിർണായകമായത്. അതുകൊണ്ട് സ്ത്രീകൾ നേരിടുന്ന വിഷയങ്ങളും മറ്റും മണ്ഡലത്തിൽ സജീവ വിഷയമാക്കിയിരുന്നു മുന്നണികൾ.
ഉപതിരഞ്ഞെടുപ്പിൽ ഭൂരിഭാഗവും എൽ.ഡി.എഫാണ് വിജയിച്ചതെന്ന റെക്കാഡാണ് എൽ.ഡി.എഫിന് ആത്മവിശ്വാസം പകർന്നത്. കഴിഞ്ഞതവണ യു.ഡി.എഫിനേക്കാൾ 9.60 ശതമാനം വോട്ടാണ് എൽ.ഡി.എഫിന് കൂടുതൽ ലഭിച്ചത്.
2016ൽ കെ.രാധാകൃഷ്ണന് പകരം കളത്തിലിറങ്ങിയ പ്രദീപ് 10,200 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. അതുകൊണ്ടുകൂടിയാണ് വീണ്ടും പ്രദീപിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. ഇത്തവണ അതിലെറെ ഭൂരിപക്ഷത്തിൽ പ്രദീപ് ജയിച്ച് നിയമസഭയിലെത്തുമെന്നാണ് ഫലസൂചന.
കാൽ ലക്ഷത്തോളം വോട്ട് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയ എൻ.ഡി.എ ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോൾ നേടിയത് 28,000ഓളം വോട്ടാണ്. എന്നാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാമെന്ന എൻ.ഡി.എയുടെ പ്രതീക്ഷ അസ്ഥാനത്തായി.
കോൺഗ്രസ് നേതാവും എ.ഐ.സി.സി അംഗവുമായിരുന്ന എൻ.കെ.സുധീറിനെ അടർത്തിയെടുത്ത് ഡി.എം.കെ സ്ഥാനാർത്ഥിയാക്കിയ പി.വി.അൻവറിന്റെ തന്ത്രങ്ങൾ കാര്യമായി ഫലിച്ചിട്ടില്ല. സ്ഥാനാർത്ഥിക്കൊപ്പം നടന്നായിരുന്നു അൻവറിന്റെ പ്രചാരണം. 2009ൽ ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ യു.ഡി.എഫിനായി മത്സരിച്ചയാളാണ് സുധീർ. പതിനായിരത്തോളം വോട്ടിനാണ് പി.കെ.ബിജുവുമായി തോറ്റത്.
ഒരു കാലത്ത് കോൺഗ്രസിന് വലിയ മേധാവിത്വം ഉണ്ടായിരുന്ന ചേലക്കര 1996 മുതൽ സി.പി.എം തങ്ങളുടെ കുത്തകയായി വച്ചിരിക്കുകയാണ്. ഇതിൽ വിള്ളൽ വരുത്തി പഴയപ്രതാപം വീണ്ടെടുക്കാൻ കോൺഗ്രസിന് ഇത്തവണയും കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 39,400 വോട്ടിന്റെ റെക്കാഡ് ഭൂരിപക്ഷമുണ്ടായിരുന്നത് ലോക്‌സഭയിൽ 5073 കുറയ്ക്കാൻ സാധിച്ചതിൽ പിടിച്ചാണ് യു.ഡി.എഫ് മണ്ഡലത്തിൽ ഉയർത്തിക്കാട്ടിയിരുന്നത്.
മൂന്നു പതിറ്റാണ്ടോളമായി കേരള രാഷ്ട്രീയത്തിലുണ്ടായ തരംഗങ്ങളിൽ എപ്പോഴും ഇടതുപക്ഷത്തിന് ഒപ്പം നിലയുറപ്പിച്ച മണ്ഡലമാണ് ചേലക്കര. പക്ഷേ ഇത്തവണയും മണ്ഡലത്തിന്റെ ചുവപ്പ് മാറ്റാൻ യു.ഡി.എഫിനായില്ല.
മുൻ എം.എൽ.എ എന്ന നിലയിൽ യു.ആർ.പ്രദീപ് മണ്ഡലത്തിൽ നിറസാന്നിദ്ധ്യമാണ്. 2011 ൽ ചേലക്കരക്കാരുടെ രാധേട്ടന്റെ (കെ.രാധകൃഷ്ണൻ) പിൻതുടർച്ചക്കാരൻ എന്ന നിലയിൽ കന്നിയംഗത്തിന് ഇറങ്ങിയ യു.ആർ.പ്രദീപ് ആ വിശ്വാസം കാത്തു സൂക്ഷിക്കുകയും തുടർന്ന് വന്ന തിരഞ്ഞെടുപ്പിൽ വീണ്ടും അദ്ദേഹത്തിന് വേണ്ടി കളം മാറി കൊടുത്ത പാരമ്പര്യമാണുള്ളത്.
ഒരിക്കൽ കൂടി 2011 ആവർത്തിക്കുകയാണ്. ചേലക്കരയിൽ കെ.രാധകൃഷ്ണൻ എം.പിയായതോടെ വന്ന ഒഴിവിലേക്ക് എൽ.ഡി.എഫിന് രണ്ടാമതൊരാളെ പറ്റി ചിന്തിക്കേണ്ടി വന്നിരുന്നില്ല
അതേസമയം, 1965 ൽ രൂപീകൃതമായ ചേലക്കര നിയോജക മണ്ഡലത്തിൽ ഇതുവരെയും ഒരു വനിതാ ജനപ്രതിനിധി ഉണ്ടായിട്ടില്ല. ഈ ചരിത്രം രമ്യ ഹരിദാസ് തിരുത്തി കുറിക്കുമോയെന്നാണ് ഉറ്റുനോക്കിയത്. വനിതാ സ്ഥാനാർത്ഥികൾ ഇതിനു മുമ്പ് ഉണ്ടായിട്ടുണ്ടെങ്കിലും വിജയം നേടാൻ സാധിച്ചിട്ടില്ല.
സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം ആഞ്ഞ് വീശിയപ്പോഴും എൽ.ഡി.എഫിനൊപ്പം ഉലയാതെ നിന്ന മണ്ഡലമാണ് ചേലക്കര.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ചേലക്കരയുടെ പ്രതിനിധിയായി നിയമസഭയിലുണ്ടായിരുന്ന പ്രദീപിനെ പതിറ്റാണ്ടായി നാടിനറിയാം. പഞ്ചായത്ത് അംഗമായും പ്രസിഡന്റായും പാർട്ടി ഭാരവാഹിയായും നിറഞ്ഞു നിൽക്കുന്നയാൾ ഇനി നിയമസഭയിൽ ചേലക്കരയുടെ ശബ്ദമായി മാറും