തൃശൂര്‍: ഉപതെരഞ്ഞെടുപ്പില്‍ ചേലക്കരയ്ക്ക് ചുവപ്പിന്റെ ചേല്. പാട്ടും പാടിയെത്തി ജയിക്കാമെന്ന രമ്യാ ഹരിദാസിന്റെ മോഹങ്ങള്‍ക്കു ചേലക്കരക്കാര്‍ തടയിട്ടപ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പിലും അസംബ്ലി തെരഞ്ഞെടുപ്പിലും അടുപ്പിച്ചു തോറ്റെന്ന നാണക്കേണിന്റെ റെക്കോര്‍ഡും രമ്യ സ്വന്തമാക്കി.
തുടര്‍ച്ചയായി സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തിലായ പല വിഷയങ്ങളും ചര്‍ച്ചയായ ഉപതെരഞ്ഞെടുപ്പില്‍ ചേലക്കര ഇക്കുറി സ്വന്തമാക്കാമെന്ന യു.ഡി.എഫ്. മോഹങ്ങള്‍ക്കാണ് ഇതോടെ തടയിട്ടത്. 1991 ന് ശേഷം ഒരൊറ്റ യു.ഡി.എഫ് സ്ഥാനാര്‍ഥിയേയും ജയിപ്പിക്കാത്ത ചേലക്കര ഇക്കുറി യു.ആര്‍. പ്രദീപിനൊപ്പം നിന്നു.
2016ല്‍ ലഭിച്ച 10,200 വോട്ടുകളുടെ ഭൂരിപക്ഷം ഇക്കുറി പ്രദീപ് മറികടന്നു. അതേസമയം ചേലക്കരയിലെ വിജയം എല്‍.ഡി.എഫിന് നല്‍കുന്ന ആശ്വാസം ചെറുതല്ല. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഉണ്ടെന്ന യു.ഡി.എഫ് ആരോപണങ്ങള്‍ ചെറുക്കാന്‍ ചേലക്കര പിണറായി സര്‍ക്കാരിനെ സഹായിക്കും.
എന്തുവില കൊടുത്തും ഇടതു കോട്ട പൊളിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു പാലര്‍ലമെന്റില്‍ തോറ്റ രമ്യാ ഹരിദാസിനെ കോണ്‍ഗ്രസ് ചേലക്കരയില്‍ നിര്‍ത്തിയത്. പാട്ടുപാടിയും സ്ത്രീകളെയും കുട്ടികളെയും ചേര്‍ത്തു പിടിച്ചും രമ്യ തന്റെ പതിവു പ്രചാരണ ശൈലിയില്‍ പ്രചാരണം നടത്തി.
യു.ഡി.എഫ് നേതാക്കള്‍ എത്തി ഇടതു സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു പൊതുയോഗങ്ങള്‍ നടത്തി. ഇതോടൊപ്പം ബി.ജെ.പിയും അന്‍വറിന്റെ ഡി.എം.കെ പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയും കളത്തിലിറങ്ങിയപ്പോള്‍ ചേലക്കര ചരിത്രത്തിലെ ഏറ്റവും കടുത്ത പോരാട്ടത്തിനാണ് കളം ഒരുങ്ങിയത്. യു.ഡി.എഫ്. പ്രചാരണം കണ്ട് ചേലക്കര ഇക്കുറി മറിയും എന്നു കരുതിയവരും ഏറെ.
കണക്കകുളും രമ്യക്ക് നേരിയ മുന്‍തൂക്കം നല്‍കി. ആലത്തൂരിലെ കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ ചേലക്കര നിയമസഭാ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സി.പി.എമ്മിന് കടുത്ത വെല്ലുവിളിയുയര്‍ത്തിയിവുന്നു.
2024ല്‍ ചേലക്കരയില്‍ നിന്ന് 5000ലധികം വോട്ടുകളുടെ ലീഡ് മാത്രമേ എം.പിയായി മത്സരിച്ച രാധാകൃഷ്ണന് ലഭിച്ചിട്ടുള്ളൂ. 2019ല്‍ 23,000 വോട്ടുകളുടെ വന്‍ ലീഡ് അന്ന് കോണ്‍ഗ്രസിനായി കളത്തിലിറങ്ങിയ രമ്യ ഹരിദാസിന് ലഭിച്ചു. ഉപതെരഞ്ഞെടുപ്പില്‍ ഇതാവര്‍ത്തിക്കാനാകുമെന്ന കണക്കുക്കൂട്ടലിലാണു കോണ്‍ഗ്രസ് ക്യാമ്പിന് പരാജയം കനത്ത തിരിച്ചടി തന്നെയാണ്.
1996ല്‍ കെ.രാധാകൃഷ്ണനിലൂടെ ചേലക്കര സി.പി.എം തിരിച്ചതിനു ശേഷം ഇടതു കോട്ടയായി ചേലക്കരയെ മാറ്റിയ് കെ. രാധാകൃഷ്ണനാണ്. പിന്നീട് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും സി.പി.എം സ്ഥാനാര്‍ഥികള്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ചുകയറി.
1996ലെതുള്‍പ്പെടെ അഞ്ച് തെരഞ്ഞെടുപ്പുകളില്‍ രാധാകൃഷ്ണന്‍ വെന്നിക്കൊടി നാട്ടി. ഒരു കോണ്‍ഗ്രസ് മണ്ഡലമെന്ന നിലയില്‍ നിന്ന് ചുവപ്പുകോട്ടയായി ചേലക്കരയുടെ ചരിത്രം പുതുക്കുയെഴുതപ്പെട്ടു. 2016ല്‍ രാധാകൃഷ്ണന് പകരം യു.ആര്‍ പ്രദീപാണ് മണ്ഡലത്തില്‍ നിന്ന് എം.എല്‍.എയായി. ഇക്കുറി അന്നത്തെ ലീഡ് മറികടക്കാനും പ്രദീപിനു കഴിഞ്ഞു.
പ്രദീപിന് ഇക്കുറി 12201 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള രമ്യയ്ക്ക് 52626 വോട്ടുകളും ബി.ജെ.പിയുടെ കെ.ബാലകൃഷ്ണന് 33609 വോട്ടും ലഭിച്ചു. കോണ്‍ഗ്രസ് വിട്ട് അന്‍വറിന്റെ ഡി.എം.കെ. പാര്‍ട്ടിക്കൊപ്പം ചേര്‍ന്നു മത്സരിച്ച എന്‍.കെ. സുധീറിന് 3920 വോട്ടുമാത്രമേ ലഭിച്ചിള്ളൂ. നോട്ടയ്ക്ക് 1034 വോട്ടും ലഭിച്ചു.