/sathyam/media/media_files/2025/12/29/urea-2025-12-29-17-01-12.jpg)
കോട്ടയം: സംസ്ഥാനത്ത് രാസവള ക്ഷാമം കാര്‍ഷിക മേഖലയില്‍ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. കേരളത്തിലെ വിവിധ കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ ഈ സീസണില്‍ കൂടുതലായി ഉപയോഗിക്കുന്ന യൂറിയ, ഫോസ്‌ഫേറ്റ്, പൊട്ടാഷ് എന്നിവയ്ക്കു കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. കരിഞ്ചന്തയില്‍ ഇരട്ടിയിലധികം പണം കൊടുത്താല്‍ വളം സുലഭമായി ലഭിക്കുകയും ചെയ്യും.
കൃത്യസമയത്ത് വളപ്രയോഗം നടത്താനാവുന്നില്ലെന്നു കര്‍ഷകര്‍ പറയുന്നു. കേന്ദ്രം സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കുന്ന യൂറിയ വെട്ടിക്കുറച്ചതോടെയാണു ക്ഷാമം രൂക്ഷമായത്. യൂറിയക്കൊപ്പം കൂടിയ വിലയുള്ള മറ്റു വളങ്ങളും എടുക്കണമെന്ന നിര്‍മാതാക്കളുടെ നിബന്ധന മൂലം ഡിപ്പോകള്‍ക്കും യൂറിയ വാങ്ങാന്‍ താല്‍പര്യമില്ല.
/filters:format(webp)/sathyam/media/media_files/2025/12/29/farmer-2025-12-29-17-02-48.jpg)
യൂറിയ വാങ്ങാന്‍ ചെല്ലുന്ന കര്‍ഷകരോട് മറ്റു വളങ്ങളും ആവശ്യമില്ലാത്ത കീടനാശിനികളും വാങ്ങാന്‍ സൊസൈറ്റികളും വളം ഡിപ്പോകളും നിര്‍ബന്ധിക്കുകയാണെന്നും പരാതികളുണ്ട്.
നെല്ല്, വാഴ, പച്ചക്കറികള്‍ എന്നിവക്കു വളപ്രയോഗം നടത്താന്‍ യൂറിയക്കായി നെട്ടോട്ടമോടുകയാണ് കര്‍ഷകര്‍. കുറച്ചുമാസങ്ങളായി ഇതാണവസ്ഥ. യൂറിയ കിട്ടാത്തതിനാല്‍ മറ്റു വളങ്ങള്‍ ഉപയോഗിക്കേണ്ടിവരും. ഇതു വിളയെ ബാധിക്കും.
പ്രകൃതിദുരന്തങ്ങള്‍, അകാലമഴ, കീടങ്ങള്‍, വിള രോഗങ്ങള്‍ തുടങ്ങിയവ മൂലമുണ്ടാകുന്ന വിളനാശത്തില്‍നിന്നു പരിരക്ഷ നല്‍കുന്ന ഫസല്‍ ബീമ യോജന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ലിങ്ക് തുറക്കാത്തതും കര്‍ഷകരെ ആശങ്കയിലാക്കുന്നു.
രജിസ്റ്റര്‍ ചെയ്യാനുള്ള സമയവും കഴിയാറായി. യൂറിയ ലഭ്യത ഉറപ്പ് വരുത്തണമെന്നും ഫസല്‍ ബീമ യോജന പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള തടസം നീക്കണമെന്നും ആവശ്യപ്പെട്ടു സമരം ആരംഭിക്കുമെന്നാണു കര്‍ഷകര്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us