/sathyam/media/media_files/2025/09/29/karoor-2025-09-29-08-55-08.jpg)
ചെന്നൈ: കരൂർ ദുരന്തം റിട്ട. സുപ്രിംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷിക്കണമെന്ന് ടിവികെ സുപ്രിംകോടതിയിൽ. കോടതി പ്രത്യേക സംഘത്തെ നിയോഗിച്ചാലെ കൃതൃമായ അന്വേഷണം നടക്കൂ എന്ന് ടിവികെ വാദിച്ചു.
അല്ലെങ്കിൽ തമിഴ്‌നാട് സർക്കാർ അന്വേഷണത്തിൽ ഇടപെടുമെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച ഉണ്ടായെന്നും ടിവികെ കോടതിയിൽ പറഞ്ഞു.
പരിപാടിക്ക് പൊലീസ് അനുവദിച്ചത് ചെറിയ സ്ഥലം ആയിരുന്നു. 2024ൽ എഐഡിഎംകെ ഈ സ്ഥലത്തിന് അനുമതി നൽകിയപ്പോൾ പൊലീസ് സ്ഥലപരിമിതികൾ ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചിരുന്നു.
ജനക്കൂട്ടത്തിനിടയിൽ പൊലീസ് ലാത്തി വീശിയത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. നമ്പർ പ്ലേറ്റ് ഇല്ലാത്ത ആംബുലൻസ് ആൾക്കൂട്ടത്തിനിടയിലേക്ക് കയറി വന്നു. ആംബുലൻസ് സെന്തിൽ ബാലാജിയുടേതായിരുന്നുവെന്നും ടിവികെ ആരോപിച്ചു.
നേരത്തെ തന്നെ അപകടത്തിൽ ഗൂഢാലോചന ആരോപിച്ച് ടിവികെ രംഗത്ത് വന്നിരുന്നു. എന്നാൽ രാവിലെ ഏഴുമണിമുതൽ ആളുകൾ ഒത്തുകൂടിഎന്നും രാത്രി ഏഴ് മണിക്കാണ് വിജയ് എത്തിയതെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.
ഒത്തുകൂടിയ ആളുകൾക്ക് ഭക്ഷണമോ വെള്ളമോ ലഭിച്ചിരുന്നില്ലെന്നും തമിഴ്‌നാട് സർക്കാർ ആരോപിച്ചു. അതേസമയം, വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് പറഞ്ഞ കോടതി പ്രത്യേക അന്വേഷണ സംഘത്തിനെതിരായ ഹരജികൾ വിധി പറയാനായി മാറ്റി.