യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ നിയമനത്തില്‍ സമ്മര്‍ദ്ദ തന്ത്രവുമായി രമേശ് ചെന്നിത്തല. അധ്യക്ഷ സ്ഥാനത്തേക്ക് സ്വന്തം നോമിനിയെ നിയമിക്കണം. അബിന്‍ വര്‍ക്കിയെ അധ്യക്ഷ പദവിയില്‍ നിയമിച്ചില്ലെങ്കില്‍ വൈസ് പ്രസിഡന്റ് പദവി രാജിവെയ്പിക്കുമെന്ന് ഭീഷണി. നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ പരസ്യമായി പ്രതികരിക്കും. കെ.സി ഗ്രൂപ്പിന്റെ നേതാവായ എ.പി.അനില്‍കുമാറിന്റെ 'പമ്മിക്കളിയും' ചെന്നിത്തലക്ക് ഗുണകരമാകുന്നു

വിശാല ഐ ഗ്രൂപ്പില്‍ നിന്ന് ചെന്നിത്തല ഗ്രൂപ്പിലേക്ക് ചുരുങ്ങിയ രമേശ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിക്ക് വേണ്ടിയാണ് സമ്മര്‍ദ്ദം ഉയര്‍ത്തുന്നത്.

New Update
Untitled

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ നിയമനത്തില്‍ സമ്മര്‍ദ്ദ തന്ത്രവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധ്യക്ഷ സ്ഥാനത്തേക്ക് സ്വന്തം നോമിനിയെ നിയമിച്ചില്ലെങ്കില്‍ കടുത്ത പ്രതിഷേധത്തിലേക്ക് പോകുമെന്നാണ് രമേശ് ചെന്നിത്തലയുടെ ഭീഷണി.

Advertisment

വിശാല ഐ ഗ്രൂപ്പില്‍ നിന്ന് ചെന്നിത്തല ഗ്രൂപ്പിലേക്ക് ചുരുങ്ങിയ രമേശ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിക്ക് വേണ്ടിയാണ് സമ്മര്‍ദ്ദം ഉയര്‍ത്തുന്നത്.


യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ തിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്നില്‍ രണ്ടാമതെത്തിയ അബിന്‍ വര്‍ക്കിയെ സംസ്ഥാന പ്രസിഡന്റായി നിയമിക്കേണ്ടത് സ്വാഭാവിക നീതിയാണ് എന്ന വാദം ഉയര്‍ത്തിയാണ് സമ്മര്‍ദ്ദം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയില്‍ നിയമിച്ചില്ലെങ്കില്‍ അബിന്‍ വര്‍ക്കിയെ കൊണ്ട് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് പദവി രാജിവെയ്പിക്കുമെന്നാണ് രമേശ് ചെന്നിത്തലയുടെ ഭീഷണി.


ഒപ്പം നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ പരസ്യമായി പ്രതികരിക്കുമെന്നും  രമേശ് ചെന്നിത്തല മുന്നറിയിപ്പ് നല്‍കുന്നുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗികാരോപണങ്ങള്‍ പുറത്തുവന്നതിന് പിന്നില്‍ അബിന്‍ വര്‍ക്കിയാണെന്നാണ് ഷാഫി പറമ്പിലും പി.സി.വിഷ്ണുനാഥും നയിക്കുന്ന എ ഗ്രൂപ്പിന്റെ നിഗമനം.

ആരോപണങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഇക്കാര്യം ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ അബിന്‍ വര്‍ക്കിയെ ലക്ഷ്യം വെച്ച് രൂക്ഷമായ വിമര്‍ശനം നടന്നിരുന്നു. ബാഹുബലിയെ പിന്നില്‍ നിന്ന് കുത്തുന്ന കട്ടപ്പയുടെ ചിത്രം വെച്ച പോസ്റ്റ് പങ്കുവെച്ചാണ് എ ഗ്രൂപ്പ് പ്രതിനിധികള്‍ അബിന്‍ വര്‍ക്കിയെ വിമര്‍ശിച്ചത്. 

രാഹുലിനെ വീഴ്ത്താന്‍ അണിയറയില്‍ പ്രവര്‍ത്തിച്ച അബിന്‍ വര്‍ക്കിയെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് നിയമിക്കുന്നതിനോട് യോജിപ്പില്ലെന്ന് ഷാഫി പറമ്പിലും അനുയായികളും വ്യക്തമാക്കിയിട്ടുണ്ട്. കെ.എസ്.യു മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.എം.അഭിജിത്തിന്റെ പേരാണ് ഷാഫി പറമ്പിലും എ ഗ്രൂപ്പും മുന്നോട്ട് വെക്കുന്നത്. അഭിജിത്തിനെ നിയമിക്കുന്നില്ലെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിലുളള ഒ.കെ.ജെനീഷിനെ അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിക്കണമെന്നും എ ഗ്രൂപ്പ് ആവശ്യപ്പെടുന്നു.

Untitled


ഈഴവ വിഭാഗത്തില്‍ നിന്നുളള നേതാവാണ് ജെനിഷ്. ഷാഫി പറമ്പിലിന്റെ വിശ്വസ്ത അനുയായി ആണെന്നതാണ് എ ഗ്രൂപ്പ് ജെനീഷിനെ പിന്തുണക്കുന്നതിന്റെ പ്രധാന കാരണം. വസ്തുതയിതായിരിക്കെ അബിന്‍ വര്‍ക്കിയെ സംസ്ഥാന അധ്യക്ഷനാക്കുന്നതിനല്ല രമേശ് ചെന്നിത്തല സമ്മര്‍ദ്ദം ചെലുത്തുന്നതെന്നാണ് ആക്ഷേപമുണ്ട്.


രമേശ് ചെന്നിത്തലയുടെ നിയോജക മണ്ഡലമായ ഹരിപ്പാട് നിന്നുളള ബിനു ചുളളിയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയില്‍ എത്തുന്നതിന് തടയുന്നതിന് വേണ്ടിയാണ് രമേശ് ചെന്നിത്തലയുടെ സമ്മര്‍ദ്ദം എന്നാണ് സൂചന.

ജനകീയനായ ബിനു ചുളളിയില്‍ സംസ്ഥാന നേതൃത്വത്തിലേക്ക് ഉയര്‍ന്നുവരുന്നത് തടയുന്നതിനാണ് വേണ്ടിയാണ് നീക്കമെന്നും ആക്ഷേപമുണ്ട്.  ഹരിപ്പാട് സ്വദേശിയായ ബി.ബാബുപ്രസാദിനെ മാറ്റിനിര്‍ത്തിയാണ് മാവേലിക്കര സ്വദേശിയായ രമേശ് ചെന്നിത്തല 2011ല്‍ സീറ്റ് കൈവശപ്പെടുത്തിയത്. ഹരിപ്പാട്ടെ സ്വന്തം ബൂത്തിലെ വോട്ടറായ ബിനു ചുളളിയിലിനെ വെട്ടാന്‍ ലക്ഷ്യമിട്ടുളള ചെന്നിത്തലയുടെ നീക്കത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ തന്നെ എതിര്‍പ്പുണ്ട്. 

സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യത്തില്‍ കെ.സി.വേണുഗോപാലിന് ഒപ്പം നില്‍ക്കുന്ന നേതാവാണ് ബിനു ചുളളിയില്‍. ഇതും ബിനുവിനോടുളള രമേശ് ചെന്നിത്തലയുടെ എതിര്‍പ്പിന് കാരണമായിട്ടുണ്ട്. കെ.സി.വേണുഗോപാല്‍ ഗ്രൂപ്പിന്റെ കേരളത്തിലെ പരമോന്നത നേതാവായ എ.പി.അനില്‍കുമാറിന്റെ 'പമ്മിക്കളിയും'  ചെന്നിത്തലക്ക് ഗുണകരമാകുന്നുണ്ട്.

images(432) KC VENUGOPAL


കെ.സി ഗ്രൂപ്പ് പിന്തുണക്കുന്നത് ബിനു ചുളളിയിലിനെയാണെന്ന് പറയാന്‍ എ.പി.അനില്‍കുമാര്‍ മുന്നോട്ട് വന്നിട്ടില്ല. ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരോട് ഗ്രൂപ്പിന് അതീതമായ സൗഹൃദം പുലര്‍ത്തുന്നത് കൊണ്ടാണ് അധ്യക്ഷ സ്ഥാനത്തേക്ക് സ്വന്തം ഗ്രൂപ്പിന്റെ താല്‍പര്യം മറന്ന് പമ്മിക്കളി നടത്താന്‍ എ.പി.അനില്‍കുമാര്‍ തയാറാകുന്നതെന്നാണ് വിമര്‍ശനം.


പേര് നിര്‍ദ്ദേശിച്ചാല്‍ അത് ഷാഫിയുടെയും പാര്‍ട്ടിയില്‍ നിന്ന സസ്‌പെന്റ് ചെയ്യപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും താല്‍പര്യങ്ങള്‍ക്ക് എതിരാകുമോയെന്ന ആശങ്കയിലാണ് എ.പി.അനില്‍കുമാര്‍ മൗനം പാലിക്കുന്നത്. നേരത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നപ്പോഴും അനില്‍കുമാറിന്റെ 'ഷാഫി-രാഹുല്‍ വാത്സല്യം' കെ.സി.വേണുഗോപാല്‍ ഗ്രൂപ്പിന് വിനയായിരുന്നു.

യൂത്ത് കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഭേദമന്യേ സ്വീകാര്യതയുളള ബിനു ചുളളിയിലിനെ മത്സരിക്കാന്‍ പോലും അനുവദിക്കാതെയാണ് അന്ന് എ.പി.അനില്‍കുമാര്‍, രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി വഴിയൊരുക്കിയത്. അനില്‍ കുമാറിന്റെ ഈ കളിമൂലമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തയാള്‍ എന്ന് ചൂണ്ടിക്കാട്ടി ചെന്നിത്തല വിഭാഗവും ഷാഫി വിഭാഗവും ബിനു ചുളളിയിലിന്റെ കടന്നുവരവിനെ എതിര്‍ക്കുന്നത്.

രാഹുലിന്റെ ഒഴിവിലേക്ക് നടക്കുന്ന പുതിയ അധ്യക്ഷ തിരഞ്ഞെടുപ്പിലും എ.പി.അനില്‍കുമാര്‍ 'പമ്മിക്കളി' തുടരുന്നതില്‍ കെ.സി.വേണുഗോപാല്‍ ഗ്രൂപ്പില്‍ തന്നെ എതിര്‍പ്പുണ്ട്.

rahul mankoottathil-3


ലൈംഗികാരോപണത്തെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിട്ട് ഒരു മാസം കഴിയുകയാണ്. തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ സര്‍ക്കാരിന് എതിരെയുളള രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ കുന്തമുനയാകേണ്ട യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് കിടന്നിട്ടും നേതൃത്വത്തിന് ഒരു ചൂടുമില്ല.


നേതാക്കള്‍ വ്യക്തി താല്‍പര്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇത്തരം അടിസ്ഥാന പ്രശ്‌നങ്ങളില്‍ താല്‍പര്യമില്ലാത്തത് താഴെത്തട്ടിലുളള നേതാക്കളെയും പ്രവര്‍ത്തകരെയും ഞെട്ടിച്ചിട്ടുണ്ട്.

പത്ത് കൊല്ലമായി അധികാരത്തില്‍ നിന്ന് മാറിനില്‍ക്കുന്ന കോണ്‍ഗ്രസും യു.ഡി.എഫും ഇങ്ങനെ പോയാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ജയിക്കുമോയെന്ന് പോലും പ്രവര്‍ത്തകര്‍ക്ക് ആശങ്കയുണ്ട്.

Advertisment