അടൂര്‍ പ്രകാശ് ഹാജരായത് നിയമവാഴ്ചയോടുള്ള ബഹുമാനം മൂലം. ഫോട്ടോയുടെ പേരില്‍ ആദ്യം ചോദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രിയെ ആണെന്നും രമേശ് ചെന്നിത്തല. അയ്യപ്പഭക്തരുടെ വികാരം വ്രണപ്പെടുത്തിയ ഈ സംഭവത്തില്‍ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യുന്നത് വരെ യു.ഡി.എഫ് ശക്തമായ പ്രക്ഷോഭം തുടരുമെന്നും കോൺഗ്രസ് നേതാവ്

New Update
chennithala adoor

ആലപ്പുഴ : നിയമവാഴ്ചയെ  ബഹുമാനിക്കുന്ന വ്യക്തി എന്ന നിലയിലാണ് ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ചോദ്യഎ ചെയ്യാന്‍ വിളിച്ചപ്പോള്‍ അടൂര്‍ പ്രകാശ് ഹാജരായത്.

Advertisment

പ്രതിക്കൊപ്പം നിന്നു ഫോട്ടൊയെടുത്തുവെന്നതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തതെങ്കില്‍ അന്വേഷണ സംഘം ആദ്യം ചോദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രിയെയാണ്. 


പ്രതിയായ ഉണ്ണിക്കൃഷ്ണന്‍  പോറ്റിയുമായി അടൂര്‍ പ്രകാശിന് ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നവര്‍, മുഖ്യമന്ത്രിയും ഇതേ വ്യക്തിയുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നത് സൗകര്യപൂര്‍വ്വം മറക്കുകയാണ്.


ഇത് യു.ഡി.എഫിനെ മോശക്കാരാക്കാനുള്ള രാഷ്ട്രീയ പ്രേരിതമായ നീക്കം മാത്രമാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ജയിലില്‍ കിടക്കുന്ന നാല് സി.പി.എം നേതാക്കന്മാര്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നതിന് വേണ്ടിയുള്ള ഒത്തുകളിയാണ് ഇപ്പോള്‍ നടക്കുന്നത്. ഇത്രയും ദിവസമായിട്ടും ഇവര്‍ക്കെതിരെ ഭാഗികമായ കുറ്റപത്രം പോലും സമര്‍പ്പിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.

പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ടതും, കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ട് നല്‍കേണ്ടതും മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പുകളാണ്. ഇത് വൈകിപ്പിച്ച് പ്രതികള്‍ക്ക് ജാമ്യം ഉറപ്പാക്കുന്ന തന്ത്രമാണ് സര്‍ക്കാര്‍ പയറ്റുന്നത്.


ഈ വീഴ്ചകള്‍ മറച്ചുവെക്കാനും ജനശ്രദ്ധ തിരിച്ചുവിടാനുമാണ് യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ അന്വേഷണ നാടകം നടത്തുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.


അടൂര്‍ പ്രകാശിന്റെ മണ്ഡലത്തിലുള്ള ആളെന്ന നിലയിലാണ് പോറ്റിയുമായി അദ്ദേഹം സംസാരിച്ചതെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. അതില്‍ അസ്വാഭാവികമായി ഒന്നുമില്ല.

ഇത്തരം രാഷ്ട്രീയ പകപോക്കലുകള്‍ കൊണ്ട് യു.ഡി.എഫിനെയോ ഇപ്പോള്‍ നടക്കുന്ന ജാഥയെയോ തളര്‍ത്താമെന്ന് ആരും കരുതേണ്ട.

അഡ്മിനിസ്‌ട്രേറ്റീവ് അധികമാരമില്ലാത്ത തന്ത്രി ജയിലിലും, അധികാരത്തിലിരുന്ന മന്ത്രിമാര്‍ പുറത്തും എന്ന അവസ്ഥയാണ് നിലവിലുള്ളത്. സി.പി.എമ്മിന്റെ പല നേതാക്കളും ജയിലില്‍ പോകാന്‍ ക്യൂ നില്‍ക്കുകയാണ്.


ഇവര്‍ പിടിയിലായാല്‍ കൂടുതല്‍ വെട്ടിപ്പിന്റെ കഥകള്‍ പുറത്തുവരുമെന്ന ഭയമാണ് മുഖ്യമന്ത്രിക്ക്. ജയിലിലായ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ പോലും നടപടി സ്വീകരിക്കാന്‍ തയ്യാറാകാത്ത, നട്ടെല്ലില്ലാത്ത സമീപനമാണ് മുഖ്യമന്ത്രിയുടേത്.


കോടതിയുടെ നിയന്ത്രണത്തിലുള്ള എസ്.ഐ.ടി അന്വേഷണം മരവിപ്പിക്കാനും കേസ് തേച്ചുമാച്ചു കളയാനും മുഖ്യമന്ത്രി പച്ചക്കൊടി കാണിക്കുകയാണ്. ഈ സാഹചര്യത്തില്‍ ദേവസ്വം മന്ത്രി വി.എന്‍ വാസവന് അധികാരത്തില്‍ തുടരാന്‍ ഒരവകാശവുമില്ല.

കെ.സി വേണുഗോപാല്‍ മന്ത്രിയായിരുന്ന കാലത്താണ് നിയമനം നടന്നതെന്ന മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാനരഹിതമാണ്. അനാവശ്യമായ കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

അയ്യപ്പഭക്തരുടെ വികാരം വ്രണപ്പെടുത്തിയ ഈ സംഭവത്തില്‍ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യുന്നത് വരെ യു.ഡി.എഫ് ശക്തമായ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Advertisment