/sathyam/media/media_files/5UJiW9eM8zJyOfSTkhq2.jpg)
തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും. ഒരു ലക്ഷം രൂപയാണ് മുഖ്യമന്ത്രി നൽകിയത്. ഭാര്യ കമല 33,000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു. ദുരന്തത്തിന്റെ കാരണം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. തെരച്ചിൽ ഊർജിതമായി നടക്കുകയാണെന്നും 148 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. തിരിച്ചറിയാത്ത 67 മൃതദേഹങ്ങൾ പൊതുശ്മശാനത്തിൽ സംസ്‌കരിക്കും.
അതേസമയം, ദുരിതബാധിതർക്ക് നൂറ് വീടുകൾ വച്ചുനൽകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചിട്ടുണ്ട്. 25 വീടുകൾ നൽകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വാഗ്ദാനം ചെയ്തു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ശോഭ ഗ്രൂപ്പ് 50 വീടുകൾ നിർമിക്കും. നൂറ് വീടുകൾ നിർമിച്ചുനൽകുമെന്ന് രാഹുൽ ഗാന്ധിയും പറഞ്ഞു. വിശ്വശാന്തി ഫൗണ്ടേഷൻ മൂന്ന് കോടി രൂപ നൽകും. കോഴിക്കോട് ബിസിനസ് ക്ലബ് 40 വീടുകൾ നിർമിക്കും.
തന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന നൽകുന്നതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. കൂടാതെ നൂറ് കുടുംബങ്ങൾക്ക് വീട് വയ്ക്കാനുള്ള ഭൂമി സൗജന്യമായി നൽകുമെന്ന് ബോബി ചെമ്മണ്ണൂർ ഇന്നലെ അറിയിച്ചിരുന്നു. മൂന്ന് വീടുകൾ നിർമിച്ചു നൽകുമെന്ന് സംവിധായകനും ബിഗ് ബോസ് താരം അഖിൽ മാരാരും അറിയിച്ചിട്ടുണ്ട്.