ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ മലബാറിലെ മത്സരങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; അഴിക്കോടന്‍ അച്ചാംതുരുത്തി ജേതാക്കള്‍

New Update
malabar chundan ijkj
കണ്ണൂര്‍: കാണികളുടെ ആവേശവും മത്സരവീര്യവും ഒരുപോലെ നിറഞ്ഞുനിന്ന പകലില്‍ അഞ്ചരക്കണ്ടി പുഴയിലെ ഓളങ്ങളില്‍ കരുത്തോടെ തുഴയെറിഞ്ഞ് സംസ്ഥാന ടൂറിസം വകുപ്പിന്റെ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ധര്‍മ്മടം വള്ളംകളിയില്‍ അഴിക്കോടന്‍ അച്ചാംതുരുത്തി ബോട്ട് ക്ലബ്ബ് ജേതാക്കളായി.

ഐപിഎല്‍ മാതൃകയില്‍ ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന വള്ളംകളി ലീഗായ സിബിഎലിന്റെ അഞ്ചാം പതിപ്പിലെ മലബാര്‍ മേഖലാ മത്സരത്തില്‍ അഴീക്കോടന്‍ അച്ചാംതുരുത്തിയിലെ തുഴച്ചില്‍ക്കാര്‍ 1:54.221 മിനിറ്റിലാണ് വയലക്കര വെങ്ങാട്ട് ബോട്ട് ക്ലബ്ബിനെ (1:54.611) മറികടന്ന് ഫിനിഷിംഗ് ലൈനിലെത്തിയത്. പാലിച്ചോന്‍ അച്ചാംതുരുത്തി എ ടീം (1:56.052) മൂന്നാം സ്ഥാനം നേടി.

PIC-3



ടൂറിസം മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ നിരവധി നൂതന സംരംഭങ്ങള്‍ നടപ്പിലാക്കുന്നുണ്ടെന്ന് സിബിഎലിന്റെ മലബാര്‍ മേഖലാ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചടങ്ങില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു.

കേരളത്തിന്റെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമാണ് വള്ളംകളിയെന്നും ഓരോ സീസണിലും ചാമ്പ്യന്‍സ് ബോട്ട് ലീഗ് വിപുലീകരിക്കാനാണ് ടൂറിസം വകുപ്പ് ശ്രമിക്കുന്നതെന്നും അധ്യക്ഷപ്രസംഗത്തില്‍ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. സിബിഎല്‍ ഇതിനകം ആഗോളശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. അതിലൂടെ മലബാര്‍ മേഖലയുടെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താനും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍, രജിസ്‌ട്രേഷന്‍ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രത്‌നകുമാരി, കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലന്‍, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ പ്രമീള, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി അനിത, മുഴുപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സജിത, ധര്‍മ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ രവി, പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവന്‍, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ലോഹിതാക്ഷന്‍ എന്നിവരും പങ്കെടുത്തു.

ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ ചടങ്ങിന് സ്വാഗതവും ടൂറിസം ജോയിന്റ് ഡയറക്ടര്‍ ഡി.ഗിരീഷ് കുമാര്‍ നന്ദിയും പറഞ്ഞു.

PIC-4



അഞ്ചരക്കണ്ടി പുഴയില്‍ മമ്മാക്കുന്ന് പാലം മുതല്‍ മുഴപ്പിലങ്ങാട് കടവ് വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്താണ് ജലോത്സവം നടന്നത്. ഓരോ വള്ളത്തിലും 20 തുഴച്ചിലുകാരാണ് ഉണ്ടായിരുന്നത്. അഞ്ച് ഹീറ്റ്‌സ് മത്സരങ്ങളും അതില്‍ നിന്ന് സമയക്രമം അനുസരിച്ച് മൂന്ന് ഫൈനലുകളും (ഫസ്റ്റ് ലൂസേഴ്‌സ്, ലൂസേഴ്‌സ്, ഫൈനല്‍) നടന്നു.

ധര്‍മ്മടം സിബിഎല്‍ വള്ളംകളിയുടെ ആകെ സമ്മാനത്തുക 3 ലക്ഷം രൂപയാണ്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തിയവര്‍ക്ക് യഥാക്രമം ഒന്നര ലക്ഷം രൂപ, ഒരു ലക്ഷം രൂപ, അമ്പതിനായിരം രൂപ എന്നിങ്ങനെയാണ് സമ്മാനത്തുകയായി ലഭിച്ചത്. പങ്കെടുത്ത വള്ളങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ബോണസ് ലഭിച്ചു.

എ.കെ.ജി മയിച്ച, ഇ.എം.എസ് മുഴക്കീല്‍, കൃഷ്ണപിള്ള കാവുംചിറ, പാലിച്ചോന്‍ അച്ചാംതുരുത്തി എ ടീം, നവോദയ മംഗലശേരി, എ.കെ.ജി പോടോത്തുരുത്തി എ ടീം, പാലിച്ചോന്‍ അച്ചാംതുരുത്തി ബി ടീം, ഫൈറ്റിങ്  സ്റ്റാര്‍ ക്ലബ് കുറ്റിവയല്‍, വയല്‍ക്കര വെങ്ങാട്ട്, എ.കെ.ജി പോടോത്തുരുത്തി ബി ടീം, ന്യൂ ബ്രദേഴ്‌സ് മയിച്ച, റെഡ്സ്റ്റാര്‍ കാര്യങ്കോട്, സുഗുണന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് മേലൂര്‍, അഴിക്കോടന്‍ അച്ചാംതുരുത്തി, വയല്‍ക്കര മയിച്ച എന്നിവയാണ് പങ്കെടുത്ത ടീമുകള്‍. വള്ളംകളിയുടെ ഇടവേളകളില്‍ ജലാഭ്യാസ പ്രകടനങ്ങളും നടന്നു.

മലബാറിലെ അടുത്ത സിബിഎല്‍ മത്സരങ്ങള്‍ ഒക്‌ടോബര്‍ 12 ന് കോഴിക്കോട് ബേപ്പൂരിലും ഒക്‌ടോബര്‍ 19 ന് കാസര്‍ഗോഡ് ചെറുവത്തൂരിലും നടക്കും.
Advertisment
Advertisment