'കടലാസ് ഉറപ്പ് തന്നെയാണല്ലോ രാമൻകുട്ടി...' മുഖ്യമന്ത്രി പറഞ്ഞപ്പോൾ രാമൻകുട്ടിക്ക് പൂർണവിശ്വാസം; "മുഖ്യമന്ത്രി എന്നോടൊപ്പം" പരാതിക്കാരെ നേരിട്ടു വിളിച്ച് മുഖ്യമന്ത്രി

New Update
1b1b16df-a3d8-4554-a658-45686c8b8c86

'കടലാസ് ഉറപ്പ് തന്നെയാണല്ലോ രാമൻകുട്ടി...'  മുഖ്യമന്ത്രി പറഞ്ഞപ്പോൾ രാമൻകുട്ടിക്ക് പൂർണവിശ്വാസം. മുഖ്യമന്ത്രി എന്നോടൊപ്പം (സി എം വിത്ത് മി) സിറ്റിസൺ കണക്ട് സെന്ററിൽ നൽകിയ പരാതിയുടെ പരിഹാരം അറിയിക്കാനാണ് പാലക്കാട് പ്ലാച്ചിക്കാട്ടിൽ പി. രാമൻകുട്ടിയെ മുഖ്യമന്ത്രി നേരിട്ട് ഫോണിൽ വിളിച്ചത്. ചെത്തു തൊഴിലാളി പെൻഷൻ കുടിശിക ലഭിക്കുന്നതിന് വേണ്ടിയാണ് രാമൻകുട്ടി സിറ്റിസൺ കണക്ട് സെന്ററിൽ വിളിച്ച് പരാതി നൽകിയത്.

Advertisment

c7701a6f-463b-4edd-a356-35f2c44f77c1

കുടിശിക തുക നവംബർ ആദ്യവാരം തന്നെ വിതരണം ചെയ്യുമെന്ന് ചെത്തു തൊഴിലാളി ക്ഷേമനിധി ബോർഡ് തീരുമാനിച്ചു. ഇതു സംബന്ധിച്ച കത്ത് രാമൻകുട്ടിക്ക് അയച്ചിരുന്നുവെന്നും കിട്ടിയോ എന്നും മുഖ്യമന്ത്രി ചോദിച്ചു. കത്ത് കിട്ടിയെന്ന് രാമൻകുട്ടി പറഞ്ഞു. തുടർന്ന് തുക കിട്ടുമല്ലോയെന്ന ആശങ്ക സൂചിപ്പിച്ചപ്പോഴാണ് 'കിട്ടിയ കടലാസ് ഉറപ്പ് തന്നെയാണല്ലോ രാമൻകുട്ടീയെന്ന്' മുഖ്യമന്ത്രി പറഞ്ഞത്.

മുഖ്യമന്ത്രി എന്നോടൊപ്പം സിറ്റിസൺ കണക്ട് സെന്ററിലേക്ക് വന്ന പരാതികളിന്മേലുള്ള നടപടികളുടെ വിവരങ്ങൾ പരാതിക്കാരെ നേരിട്ട് വിളിച്ച് അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി. പരാതിക്കാരുമായി മുഖ്യമന്ത്രി നേരിട്ട് സംസാരിച്ചു. മുഖ്യമന്ത്രിയുമായി നേരിട്ടു സംസാരിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം കോളുകളിൽ പ്രകടമായി.

പോത്തൻകോട് പി.വി. കോട്ടേജിലെ ശരണ്യയുമായാണ് മുഖ്യമന്ത്രി ആദ്യം സംസാരിച്ചത്. ശരണ്യയുടെ മകൾ ഇവാന സാറ റ്റിന്റോയെ അൺഎയ്ഡഡ് സ്‌കൂളിൽ നിന്നു മാറ്റി പോത്തൻകോട് ഗവൺമെന്റ് യു.പി.എസിൽ ചേർത്തിരുന്നു. കുട്ടിയുടെ ആധാർ നമ്പർ സംപൂർണ സോഫ്റ്റ്‌വെയറിൽ ചേർക്കാൻ കഴിയാത്തതിനാൽ നേരിടുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാണ് ശരണ്യ സിഎം വിത്ത് മീയിൽ വിളിച്ച് പരാതി ഉന്നയിച്ചത്. പരാതി പരിഗണിച്ച് ആധാർ നമ്പർ സംപൂർണ സോഫ്റ്റ്‌വെയറിൽ ചേർക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ സിഎം വിത്ത് മീ കണക്ട് സെന്റർ കണിയാപുരം എഇഒ യ്ക്ക് നിർദേശം നൽകി. അതിവേഗത്തിൽ നടപടിയായതിലുള്ള സന്തോഷം ശരണ്യ മുഖ്യമന്ത്രിയെ അറിയിച്ചു.

11e09869-da77-4544-8070-ac28746a83f1

തൃശൂർ പുത്തൂർ പഞ്ചായത്തിലെ ഒന്നാംവാർഡ് കൈനൂരിലെ കോക്കാത്ത് പ്രദേശത്ത് രണ്ട് ഉന്നതികളെ ബന്ധിപ്പിക്കുന്ന മൈത്രിറോഡിന്റെ കോൺക്രീറ്റ് വേഗത്തിൽ പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കിയതിന്റെ നന്ദി ഗോകുലൻ മുഖ്യമന്ത്രിയെ അറിയിച്ചു. ടെണ്ടർ നടപടികൾ പൂർത്തീകരിച്ചിട്ടും നിർമ്മാണത്തിൽ കാലതാമസമുണ്ടാകുന്നതു ചൂണ്ടിക്കാട്ടിയാണ് തൃശൂർ കൈനൂരിലെ മൈലപ്പൻ വീട്ടിലെ ഗോകുലൻ സിറ്റിസൺ കണക്ട് സെന്ററിൽ പരാതി വിളിച്ചറിയിച്ചത്. തുടർന്ന് റോഡിന്റെ നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് സിഎം വിത്ത് മീ സെന്റർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. നടപടി സ്വീകരിച്ചതിനുള്ള നന്ദി ഗോകുലൻ മുഖ്യമന്ത്രിയെ അറിയിച്ചു.

Advertisment