/sathyam/media/media_files/2025/10/03/tjs-george-2025-10-03-21-38-13.jpg)
തിരുവനന്തപുരം : ഇന്ത്യൻ മാധ്യമ ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായമാക്കി തന്റെ പത്രാധിപ ജീവിതത്തെ മാറ്റാൻ കഴിഞ്ഞ പ്രഗത്ഭ മാധ്യമപ്രവർത്തകനായിരുന്നു ടി ജെ എസ് ജോർജ്.
കേരളം ഇന്ത്യൻ പത്രപ്രവർത്തന രംഗത്തിനും ലോകമാധ്യമ രംഗത്തിനും നൽകിയ അഭിമാനകരമായ സംഭാവനയായിരുന്നു ടി.ജെ. എസ്. ഭയരഹിതവും നിഷ്പക്ഷവും ആയ പത്രപ്രവർത്തനത്തിന് വേണ്ടി എക്കാലവും നിലകൊണ്ട പ്രമുഖ പത്രാധിപനായിരുന്നു അദ്ദേഹം.
അടിയന്തരാവസ്ഥക്കാലത്തടക്കം ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന നിലപാട് കൈക്കൊണ്ട ടി ജെഎസ് ജോർജ് എന്നും ലിബറൽ ജേണലിസത്തിന്റെ ധീരനായ വക്താവായിരുന്നു. സ്വാതന്ത്ര്യത്തെയും ജനാധിപത്യ ബോധത്തെയും അപകടപ്പെടുത്തുന്ന എല്ലാ പ്രവണതകൾക്കുമെതിരെ ശക്തമായി പ്രതികരിച്ച ചരിത്രമാണ് അദ്ദേഹത്തിൻ്റേത്.
പത്രാധിപർ എന്നതിനപ്പുറം ഗ്രന്ഥകാരൻ എന്ന നിലയിലും പംക്തികാരൻ എന്ന നിലയിലും പ്രശസ്തനായിരുന്ന ടി.ജെ എസ് ജോർജിന്റെ പ്രധാന കൃതികളിൽ എം എസ് സുബ്ബലക്ഷ്മിയെ കുറിച്ചും കൃഷ്ണമേനോനെ കുറിച്ചും ഒക്കെയുള്ള ജീവിതവിവരണങ്ങൾ അടങ്ങിയ ഗ്രന്ഥങ്ങളുണ്ട്.
അദ്ദേഹം പത്രപ്രവർത്തനം തുടങ്ങിയത് ഫ്രീ പ്രസ് ജേർണലിലാണ്. പിന്നീട് പ്രധാനപ്പെട്ട ലോക ശ്രദ്ധയിലുള്ള മാധ്യമങ്ങളുടെ പത്രാധിപസ്ഥാനത്തും പംക്തി രചനാ സ്ഥാനത്തു കൊക്കെ എത്തി.
ഇന്ത്യൻ എക്സ്പ്രസ്സിലെയടക്കം സ്ഥിരം പംക്തികളിലൂടെ അദ്ദേഹം വായനാ സമൂഹത്തിൻറെ വലിയ സ്വീകാര്യത ഏറ്റുവാങ്ങി.
ഏഷ്യ വീക്കിൻ്റെ സ്ഥാപക പത്രാധിപരായിരുന്ന അദ്ദേഹം സർവ്വദേശീയ തലത്തിൽ തന്നെ അംഗീകരിക്കപ്പെട്ട പത്രാധിപേരായിരുന്നു. നിർഭയമായ പത്രപ്രവർത്തനമായിരുന്നു അദ്ദേഹത്തിൻ്റെ മുഖമുദ്ര. സ്വതന്ത്രഭാരതത്തില്‍ അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിച്ചതിന്റെ പേരില്‍ ആദ്യമായി ജയിലിലടക്കപ്പെട്ട പത്രാധിപരാണ് ടി.ജെ.എസ്.
സംസ്ഥാന സർക്കാർ അദ്ദേഹത്തെ സ്വദേശാഭിമാനി പുരസ്കാരം നൽകി ആദരിച്ചത് ഈ ഘട്ടത്തിൽ സ്മരണീയമാണ്.