/sathyam/media/media_files/2026/02/11/pinarai-vijayan-kc-venugopal-3-2026-02-11-13-57-10.jpg)
കോട്ടയം: കഴിഞ്ഞ ആഴ്ച വരെ പ്രതിപക്ഷ നിരയിലുള്ള വി.ഡി സതീശന്‍ മുതലിങ്ങോട്ടുള്ള എല്ലാ കോണ്‍ഗ്രസ് നേതാക്കന്മാരെയും മുറതെറ്റാതെ ആക്രമിച്ചുകൊണ്ടിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും സംഘവും പൊടുന്നനെ കെ.സി. വേണുഗോപാലിന്റെ നേരെ തിരിയുന്നതാണു രഷ്ട്രീയ കേരളം കണ്ടത്.
ജോണ്‍ ബ്രിട്ടാസും നികേഷ് കുമാറും നയിക്കുന്ന, കേരളത്തിലെ ഏറ്റവും സംഘടിതവും ശക്തവുമായ മാധ്യമപ്പട തയാറാക്കുന്ന തിരക്കഥകളല്ലാതെ വേറൊന്നും പറയാത്ത വിജയന്റെ പ്രതികരണം പലര്‍ക്കും അമ്പരപ്പുണ്ടാക്കി.
/filters:format(webp)/sathyam/media/media_files/2025/10/28/pinarai-vijayan-2-2025-10-28-13-28-41.jpg)
കേരള രാഷ്ട്രീയം അടുത്തുനോക്കുന്നവര്‍ക്കു പിണറായിയുടെ നീക്കത്തില്‍ അമ്പരപ്പുണ്ടായില്ല. നാളുകളായി അവര്‍ കണ്ട സൂചനകളാണ് ഇപ്പോള്‍ ഒന്നൊന്നായി പുറത്തേക്കു വരുന്നത്.
കോണ്‍ഗ്രസിലെ യഥാര്‍ഥ ഭീഷണി ശബ്ദമുള്ള നേതാക്കളല്ല. ശബ്ദങ്ങള്‍ക്കു പിന്നിലെ ബുദ്ധിയാണ്. അതാണു കെ.സി വേണുഗോപാലിനെ ലക്ഷ്യമിടാന്‍ ഇടതു പക്ഷത്തെ പ്രേരിപ്പിക്കുന്നത്.
ഇടതുപക്ഷം ഭയപ്പെടുന്നത് അച്ചടക്കമുള്ള ഒരു കോണ്‍ഗ്രസിനെയാണ്. കോണ്‍ഗ്രസിനെ ഒറ്റെക്കെട്ടാക്കുന്നതിലെ 'മാസ്റ്റര്‍ ബ്രെയിന്‍' എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ കെ.സി വേണുഗോപാല്‍ എം.പിയാണ്.
ക്ലീന്‍ ഇമേജ് എന്നത് കെ.സിയുടെ അലങ്കാരമല്ല, ആയുധമാണ്. കെ.സി ഒരിക്കലും അനാവശ്യമായ വാചകയുദ്ധത്തില്‍ ഇറങ്ങാറില്ല. ഇന്നത്തെ കേരളത്തില്‍ ഒരു വാക്ക് മതി, ഒരാഴ്ച രാഷ്ട്രീയമായി കുരുങ്ങാന്‍ എന്ന ബോധ്യത്താലാണിത്.
/filters:format(webp)/sathyam/media/media_files/2025/10/17/kc-venugopal-2025-10-17-16-00-46.jpg)
ആരോപണം ഉന്നയിക്കുമ്പോള്‍ പോലും 'നിഷേധിക്കാനോ മറുപടി പറയാനോ' മാത്രം വഴിയുള്ള ചോദ്യങ്ങളാണു കെ.സി ചോദിക്കുന്നത്. സൈബര്‍ സഖാക്കളെ 'മുട്ടിയിട്ടും കാര്യമില്ല' എന്ന തിരിച്ചറിവില്‍ അകറ്റി നിര്‍ത്തിയിരുന്നതും ഈ നയമാണ്.
കെ.സിയുടെ ഓരോ ഇടപെടലും കണക്കുകൂട്ടിയുള്ളതാണ്. ലൈഫ് മിഷന്‍ മുതല്‍ ശബരിമല വരെയുള്ള വിഷയങ്ങളില്‍ അദ്ദേഹം ഉന്നയിക്കുന്നതു വികാരവിക്ഷോഭത്തില്‍ പടച്ചുവിടുന്ന വാചകക്കസര്‍ത്തല്ല, ഉത്തരവാദിത്തബോധമുള്ള നേതാവിന്റെ സംയമനപൂര്‍ണമായ വാക്കുകളാണ്.
കെ.സിയുടെ ഏറ്റവും വലിയ തന്ത്രവിജയം ഡെലിഗേഷന്‍ ആണ്. ആക്രമണം വേണമെങ്കില്‍ വി.ഡി സതീശന്‍ മുന്നിലുണ്ട്. തരംഗം സൃഷ്ടിക്കാന്‍ ഷാഫി പറമ്പില്‍ ഉള്‍പ്പടെ യുവനിര ഇറങ്ങും. ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടിവന്നാല്‍ അതിനും റെഡിയായി മറ്റുള്ളവര്‍ കോണ്‍ഗ്രസില്‍ സര്‍വ സജ്ജമാണ്.
കെ.സി സ്വയം എന്തു ചെയ്യുന്നു ? പാര്‍ട്ടിയെ ഒന്നായി നിര്‍ത്തുന്നു. ഇതാണ് 'ബ്രെയിന്‍' രാഷ്ട്രീയം.
അണികളെ ഇറക്കി സ്വയം സുരക്ഷിതരാക്കുന്ന ഇടതുപക്ഷത്തിന്റെ സ്ഥിരം തന്ത്രം, വിശ്വസ്തരെ പാര്‍ട്ടിയുടെ മുഖമായി മുന്നില്‍ നിര്‍ത്തി പിന്നണിയിലെ ഏകോപനം സമര്‍ഥമായി ചെയ്യുക എന്ന രീതിയില്‍ കെ.സി മാറ്റിയെടുത്തു. അതു പാര്‍ട്ടിക്കു പുറത്തു മാത്രമല്ല, ഉള്ളിലും ഫലപ്രദമാണ്.
വിവാദങ്ങള്‍ കൈവിടാതെ കൈകാര്യം ചെയ്യുന്നത് എങ്ങനെയാണെന്നു കെ.സി മറ്റു രാഷ്ട്രിയ പാര്‍ട്ടികള്‍ക്കു മാതൃക കൂടി കാട്ടിക്കൊടുക്കുന്നുണ്ട്. രാഹുല്‍ മാങ്കൂട്ടം വിഷയം ഒരു ഉദാഹരണം. അതു നേരിട്ടു കെ.സി കൈകാര്യം ചെയ്തിരുന്നെങ്കില്‍, പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറികള്‍ ഉണ്ടാകുമായിരുന്നു.
പക്ഷേ സംഭവിച്ചതു മറ്റൊന്നാണ്. തീരുമാനം എടുത്തു. നടപ്പിലാക്കാന്‍ വിശ്വസ്തനായ സാരഥി വി.ഡി സതീശനെ ഏല്‍പ്പിച്ചു. അദ്ദേഹം അതു ഭംഗിയായി നിര്‍വഹിച്ചു.
ഈ സമയം മുഴുവന്‍ കെ.സി പാര്‍ട്ടിയുടെ അടുത്ത നീക്കങ്ങള്‍ പണിയുകയായിരുന്നു. നാളുകള്‍ക്കുള്ളില്‍, ഇടതിനെ ഞെട്ടിച്ചുകൊണ്ടു കൊട്ടാരക്കരയില്‍ അയിഷാ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നു. അതിനു ചരടുവലിച്ചതും കെ.സിയായിരുന്നു.
സംഘടനയില്‍ ശക്തിപ്പെടുത്താനും ഇക്കാലയളവില്‍ കെ.സിക്കു കഴിഞ്ഞു. കെ.പി.സി.സി നേതൃമാറ്റവുമായി ബന്ധപ്പെട്ട് 'എന്നോട് പറഞ്ഞില്ല', 'ഇതു സ്വാഭാവികമല്ല', എന്നൊക്കെയുള്ള പരാതികള്‍ ഉയര്‍ന്നപ്പോള്‍ സമവായത്തിനായി എല്ലാവരും ഒരാളിലേക്കാണു വിരല്‍ ചൂണ്ടിയത്. അതു തന്നെയാണു സൂചന.
/filters:format(webp)/sathyam/media/media_files/2025/12/31/kc-venugopal-mp-sivagiri-2025-12-31-16-41-24.jpg)
പാര്‍ട്ടിക്കുള്ളില്‍ ശക്തിയുള്ളവരോടാണു പരാതികള്‍ ഉയരുന്നത്. ആരാണു തീരുമാനകേന്ദ്രമെന്ന് അവിടെ വ്യക്തമാണ്. പരാതികള്‍ ഉയര്‍ന്നപ്പോഴും ഇലയ്ക്കും മുള്ളിനും കേടില്ലാതെ കെ.സി വഷയം കൈകാര്യം ചെയ്യുകയും ചെയ്തു.
ഇടതുപക്ഷം ശബ്ദങ്ങളെ ഭയപ്പെടില്ല, അവര്‍ക്കത് പതിവാണ്. പക്ഷേ അവര്‍ ഭയപ്പെടുന്നത് അച്ചടക്കമുള്ള ഒരു കോണ്‍ഗ്രസിനെയും.
കോണ്‍ഗ്രസിനെ ഒറ്റ ശബ്ദം, ഒറ്റ ലൈനില്‍ കൊണ്ടുവരാന്‍ പ്രവര്‍ത്തിക്കുന്നതു കെ.സി വേണുഗോപാല്‍ തന്നെയാണെന്ന തിരിച്ചറിവ് വന്നതിനെത്തുടര്‍ന്നാണ് ഇന്ന് ഇടതുപക്ഷത്തിന്റെ ആക്രമണദിശ മാറുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us