സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയെ ബുധനാഴ്ച തീരുമാനിക്കും. ധനവകുപ്പിൻെറ ചുമതല വഹിക്കുന്ന അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിന് സാധ്യത. എൻ.പ്രശാന്തിന്റെ ആരോപണമുൾപ്പെടെ നിരവധി വിവാദങ്ങൾ ജയതിലകിന് പ്രതികൂല ഘടകമാകും. സീനിയോറിറ്റി പരി​ഗണിച്ചാൽ സാധ്യത കേന്ദ്ര ഡെപ്യൂട്ടേഷനിലുളള മനോജ് ജോഷിക്ക്. തീരുമാനം മുഖ്യമന്ത്രിയുടേതല്ലെന്നും ചില അധികാര കേന്ദ്രങ്ങളുടേതെന്നും ആക്ഷേപം

New Update
d

തിരുവനന്തപുരം: സംസ്ഥാനത്തിൻെറ പുതിയ ചീഫ് സെക്രട്ടറിയെ ബുധനാഴ്ച തീരുമാനിക്കും. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം പുതിയ ചീഫ് സെക്രട്ടറിയുടെ കാര്യത്തിൽ തീരുമാനം കൈക്കൊളളും.

Advertisment

നിലവിലുളള ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഈമാസം 30ന് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ ചീഫ് സെക്രട്ടറിയെ കണ്ടെത്താൻ നി‍ർബന്ധിതമായത്.


ധനവകുപ്പിൻെറ ചുമതല വഹിക്കുന്ന അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് ചീഫ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. 


എൻ.പ്രശാന്ത് ഉന്നയിച്ച ആരോപണങ്ങളാണ് ജയതിലകിൻെറ പ്രതികൂല ഘടകം. പ്രശാന്തിനെ ബോധപൂർവം അപകീർത്തിപ്പെടുത്താൻ ഹാജർ വിവരങ്ങളും ഫയൽ വിവരങ്ങളും ചോർത്തി കൊടുത്തുവെന്ന ഗുരുതരമായ ആരോപണമാണ് ഉന്നയിക്കപ്പെട്ടിട്ടുളളത്.

എന്നാൽ പ്രശാന്ത് ഉന്നയിച്ചിട്ടുളള ആരോപണങ്ങൾ പരിശോധിക്കാനോ നടപടി എടുക്കാനോ സർക്കാർ തയാറായിട്ടില്ല എന്നത് ജയതിലകിന് ആശ്വാസകരമാണ്.

A Jayathilak N Prasanth

ശാരദാ മുരളീധരൻെറ പിൻഗാമിയായി ഡോ.എ.ജയതിലക് ചീഫ് സെക്രട്ടറി സ്ഥാനത്ത് നിയമിക്കപ്പെട്ടേക്കുമെങ്കിലും അദ്ദേഹത്തേക്കാൾ സീനിയറായ ഉദ്യോഗസ്ഥർ ഇപ്പോഴും സർവീസിലുണ്ട്.


കേന്ദ്ര ഡെപ്യൂട്ടേഷനിലുളള മനോജ് ജോഷിയാണ് സംസ്ഥാന കേഡറിലുളള ഏറ്റവും സീനിയറായ ഉദ്യോഗസ്ഥൻ. 1989 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ് രാജസ്ഥാൻ സ്വദേശിയായ മനോജ് ജോഷി. 


ഇപ്പോൾ ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ഡോ.എ.ജയതിലക് 1991 ബാച്ച് ഉദ്യോഗസ്ഥനാണ്.1991 ബാച്ച് ഉദ്യോഗസ്ഥരിലും ജയതിലകിനേക്കാൾ സീനിയറായ ഉദ്യോഗസ്ഥൻ കേരള സർവീസിൽ തന്നെയുണ്ട്.

എഴുതിയ പരീക്ഷകൾക്കെല്ലാം ഒന്നാം റാങ്ക് നേടിയ രാജു നാരായണ സ്വാമിയാണ് 1991 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥരിൽ ജയതിലകിനേക്കാൾ സീനീയറായ ഉദ്യോഗസ്ഥൻ.

എന്നാൽ രാജു നാരായണസ്വാമിക്ക് അഡീഷണൽ ചീഫ് സെക്രട്ടറി സ്ഥാനം നൽകാൻ സർക്കാർ തയാറായിട്ടല്ല. അതുകൊണ്ടു തന്നെ സ്വാമിയെ ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നതേയില്ല.


ഡോ.എ.ജയതിലക് സംസ്ഥാന സർവീസിലെ പ്രധാന തസ്തികകൾ വഹിച്ച ശേഷമാണ് ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് വരുന്നത്. ഒന്നാം പിണറായി സർക്കാരിൻെറ കാലത്ത് റവന്യു വകുപ്പിൻെറ ചുമതല വഹിച്ചിരുന്ന ജയതിലക്, രാജേഷ് കുമാർ സിൻഹ കേന്ദ്ര ഡെപ്യൂട്ടേഷന് പോയതോടെയാണ് ധനവകുപ്പിൻെറ തലപ്പത്തേക്ക് വന്നത്.


മികച്ച ഉദ്യോഗസ്ഥനാണെങ്കിലും ജയതിലകിൻെറ സർവീസ് ജീവിതത്തിൽ വിവാദങ്ങളും കുറവല്ല. കേന്ദ്ര ഡെപ്യൂട്ടേഷനായിരിക്കെ സ്പൈസസ് ബോർഡിൻെറ തലപ്പത്തിരിക്കെ ജയതിലകിനെതിരെ ആക്ഷേപങ്ങൾ ഉയർന്നിരുന്നു.

ഈ മാസം 30ന് ചീഫ് സെക്രട്ടറി സ്ഥാനം ഒഴിയുന്ന ശാരദാ മുരളീധരൻെറ കാലവും വിവാദങ്ങൾ നിറഞ്ഞതായിരുന്നു. ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയിലെ ചേരിപ്പോരും ഭിന്നതയും അതിൻെറ പാരമ്യത്തിലെത്തിയത് ഇക്കാലത്തായിരുന്നു. 

dr. jayathilak ias

വ്യവസായ വകുപ്പ് മുൻ ഡയറക്ടർ കെ.ഗോപാലകൃഷ്ണൻ മതാടിസ്ഥാനത്തിലുളള വാട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കുകയും അത് പുറത്തായപ്പോൾ രക്ഷപ്പെടാനായി ഫോൺ ഹാക്ക് ചെയ്തെന്ന വ്യാജ പരാതി നൽകിയതും ഉദ്യോഗസ്ഥർക്ക് മേൽ ചീഫ് സെക്രട്ടറിക്കും സർക്കാരിനും നിയന്ത്രണം ഇല്ലെന്ന പ്രതീതി സൃഷ്ടിച്ചു.

ഡോ.എ. ജയതിലക് ചീഫ് സെക്രട്ടറിയാകുന്നതിനോട് എതിർപ്പുളള ഐ.എ.എസ് ഉദ്യോഗസ്ഥർ മനോജ് ജോഷിയെ സർവീസിലേക്ക് മടക്കി കൊണ്ടുവന്ന് ചീഫ് സെക്രട്ടറിയാക്കാൻ ശ്രമം നടത്തിയിരുന്നു.

കേന്ദ്ര നഗരകാര്യ മന്ത്രാലയം സെക്രട്ടറിയായ മനോജ് ജോഷി ഇതുവരെ മടങ്ങി വരാൻ താൽപര്യം പ്രകടിപ്പിച്ചിട്ടില്ലെന്നാണ് സൂചന. അതാണ് ചീഫ്സെക്രട്ടറി സ്ഥാനത്തേക്ക് ഡോ.എ.ജയതിലകിന് വഴിയൊരുക്കിയത്.


മനോജ് ജോഷി സംസ്ഥാന സർവീസിൽ തുടർന്നിരുന്നുവെങ്കിൽ ഡോ.വി.വേണുവോ ഭാര്യ ശാരദാ മുരളീധരനോ ചീഫ് സെക്രട്ടറി സ്ഥാനത്ത് എത്തുമായിരുന്നില്ല. എന്നാൽ ഇടത് ഭരണത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥരോടുളള സമീപനത്തിലും ഉദ്യോഗസ്ഥർക്കിടയിലെ പോരിലും മനംമടുത്താണ് മനോജ് ജോഷി കേരള സർവീസ് വിട്ട് കേന്ദ്രത്തിലേക്ക് പോയത്.


മനോജ് ജോഷിയുടെ പാത പിന്തുടർന്ന് രാജേഷ് കുമാർ സിൻഹ, സുമൻ ബില്ല തുടങ്ങിയ മികച്ച ഉദ്യോഗസ്ഥരും കേരളം വിട്ടിരുന്നു. ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും അപ്പുറത്തുളള ചില അധികാര കേന്ദ്രങ്ങളാണ് സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നതെന്നാണ് ഉദ്യോഗസ്ഥർക്കിടയിലുളള ആക്ഷേപം.

മുൻ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ.കെ.എം.എബ്രഹാമിനെതിരെയാണ് ഉദ്യോഗസ്ഥർ ആക്ഷേപം ഉന്നയിക്കുന്നത്.

കാർഷികോൽപ്പാദന കമ്മീഷണർ സ്ഥാനത്ത് നിന്ന് ബി.അശോകിനെ തദ്ദേശ ഭരണ കമ്മീഷനായി നിയമിക്കുന്നത് അടക്കമുളള സർക്കാർ തീരുമാനങ്ങൾക്ക് പിന്നിൽ  എബ്രഹാമാണെന്നാണ് ആക്ഷേപം.

Advertisment