/sathyam/media/media_files/Cil1PxCRGClIAftrPSer.jpg)
തിരുവനന്തപുരം: വിദേശരാജ്യങ്ങളുടെ എംബസിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിന് ഐ.എ.എസ് ഉദ്യോഗസ്ഥ കെ. വാസുകിക്ക് നൽകിയതിനെ ചൊല്ലിയുളള വിവാദത്തിൽ സർക്കാരിനെ പ്രതിരോധിച്ച് ചീഫ് സെക്രട്ടറി ഡോ.വി.വേണു. ഭരണ നേതൃത്വമോ രാഷ്ട്രീയ നേതൃത്വമോ പ്രതികരിക്കുന്നതിനേക്കാൾ തീവ്രമായ ഭാഷയിലാണ് ചീഫ് സെക്രട്ടറി വി. വേണു, സർക്കാരിന് വേണ്ടി രംഗത്തിറങ്ങിയിരിക്കുന്നത്.
വിദേശകാര്യ സെക്രട്ടറിയായിട്ടാണ് കെ. വാസുകിയെ നിയമിച്ചതെന്ന തരത്തിൽ ടൈംസ് ഓഫ് ഇന്ത്യാ ദിനപത്രത്തിൽ വന്ന വാർത്തയിൽ പ്രകോപിതനായാണ് ചീഫ് സെക്രട്ടറിയുടെ അങ്കപ്പുറപ്പാട്. താൻ എഴുതുന്നത് വാസ്തവമല്ല എന്ന് പൂർണ അറിവോടുകൂടി ഒരു പത്ര പ്രവർത്തകൻ കരുതിക്കൂട്ടി ഒരു കള്ളവാർത്ത ചമച്ചു ഉണ്ടാക്കുന്നതിന്റെ ഉദാഹരണമാണിതെന്നാണ് ചീഫ് സെക്രട്ടറിയുടെ വിമർശനം.
സമീപകാലത്തായി കണ്ടുവരുന്ന ഒരു പ്രവണതയുടെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഈ വാർത്ത. ഒരു സർക്കാർ വിരുദ്ധ വാർത്ത ഉണ്ടാക്കാനും പ്രചരിപ്പിക്കുവാനും ഉള്ള അവസരം നഷ്ടപ്പെടരുത് എന്ന ചിലരുടെ വാശിയുടെ അടിസ്ഥാനത്തിലാണ് ഇത് പോലെയുള്ള വാർത്തകൾ പിറക്കുന്നത്.
ഒരു വാർത്ത വന്നാൽ അതിന്റെ സ്രോതസ്സ് എന്ത് എന്ന് അന്വേഷിക്കാതെ, വസ്തുതയുണ്ടോ എന്ന് പരിശോധിക്കാതെ, സർക്കാർ വിരുദ്ധ അഭിപ്രായവുമായി ഓടിയിറങ്ങാൻ താല്പര്യമുള്ളവർ ഈ കള്ള വാർത്തയോട് പ്രതികരിക്കുന്നതും കണ്ടു. കേരളം മറ്റൊരു രാജ്യമായി മാറുകയാണോ എന്നു വരെ ചിലർ അത്ഭുതപ്പെട്ടുവെന്നും ചീഫ് സെക്രട്ടറി ഡോ.വി.വേണു പരിഹസിച്ചു.
വിദേശ കാര്യം കേന്ദ്രസർക്കാരിന്റെ വിഷയമാണ് എന്ന അടിസ്ഥാന വസ്തുത അറിയാത്തവരല്ല സർക്കാരിൽ ഇരിക്കുന്നവരെന്നും ചിഫ് സെക്രട്ടറി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ചീഫ് സെക്രട്ടറിയുടെ പ്രതികരണം.
ഇന്നത്തെ ടൈംസ് ഓഫ് ഇന്ത്യ പത്രത്തിൽ ഒരു വാർത്ത കണ്ടു. സംസ്ഥാന സർക്കാർ ഒരു ഉദ്യോഗസ്ഥയെ വിദേശകാര്യ(Foreign) സെക്രട്ടറിയായി...
Posted by Chief Secretary, Government of Kerala on Saturday, July 20, 2024
വിദേശരാജ്യങ്ങളുമായി നയതന്ത്ര ബന്ധത്തിൽ ഏർപ്പെടാനും കേന്ദ്രസർക്കാരിന്റെ അധികാരത്തിൽ പെടുന്ന വിഷയങ്ങളിൽ കൈ കടത്താനുമല്ല, മറിച്ച് സംസ്ഥാനത്തിന്റെ വികസനത്തിനായി പുതിയ ബന്ധങ്ങൾ സ്ഥാപിക്കാനുള്ള ഉദ്യമത്തിന്റെ ഭാഗമായാണ് ഈ കാര്യങ്ങൾ സർക്കാർ ചെയ്തത്. ഇതാണ് ഒരു പത്രപ്രവർത്തകന്റെ തെറ്റിദ്ധാരണാജനകമായ ഒരു വാർത്തയിൽ നിന്നും സംസ്ഥാനം ചർച്ചചെയ്യുന്ന ഒരു വിഷയമായി മാറിയത്.
പൊതുസമൂഹത്തിന് ചർച്ച ചെയ്യാൻ പ്രധാനപ്പെട്ട ധാരാളം പ്രശ്നങ്ങളുണ്ട്, ഇതുപോലെ പടച്ചുണ്ടാക്കുന്ന കള്ള വാർത്തകൾ നമ്മുടെ സമയം നഷ്ടപ്പെടുത്തരുതെന്നും ചീഫ് സെക്രട്ടറി പ്രതികരിച്ചു. ടൈംസ് ഓഫ് ഇന്ത്യയെ ചൂണ്ടി മാധ്യമങ്ങളെ പൊതുവായി വിമർശിക്കുന്ന ചീഫ് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ് , മുഖ്യമന്ത്രിയുടെ ഓഫീസിൻെറ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പ് വഴി ഷെയർ ചെയ്യുകയും ചെയ്തു.
ചീഫ് സെക്രട്ടറിയുടെ പോസ്റ്റിന് താഴെ സൈബർ ലോകത്തെ അറിയപ്പെടുന്ന സി.പി.എം അനുഭാവി കെ.ജെ. ജേക്കബിനേ പോലുളളവർ പ്രതികരണവുമായി എത്തുകയും ചെയ്തു. ടൈംസ് ഓഫ് ഇന്ത്യയെ കൂടാതെ ദീപിക ദിനപത്രത്തിലും സമാനമായ രീതിയിൽ വാർത്ത വന്നെങ്കിലും ചീഫ് സെക്രട്ടറിയുടെ കുറിപ്പിൽ അതെ പറ്റി പരാമർശമില്ല.
വാർത്തയിൽ പറയുന്നത് പോലെ കെ.വാസുകിയെ വിദേശകാര്യ സെക്രട്ടറിയായി നിയമച്ചിട്ടില്ലെന്നാണ് ചീഫ് സെക്രട്ടറി വി.വേണു ഫേസ്ബുക്കിലൂടെ നൽകുന്ന വിശദീകരണം.
'' പല വിദേശ ഏജൻസികൾ, മൾട്ടിലാറ്ററൽ ഏജൻസീസ് , വിദേശരാജ്യങ്ങളുടെ എംബസികളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, പ്രതിനിധി സംഘങ്ങൾ, കേരള സംസ്ഥാന സർക്കാരിനോടും അതുപോലെതന്നെ മറ്റു സംസ്ഥാന സർക്കാരുകളോടും നിരന്തരം ബന്ധപ്പെടാറുണ്ട്. ഈ ഇടപാടുകളിലൂടെ വാണിജ്യ വ്യാവസായിക സാംസ്കാരിക രംഗങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കുവാനുള്ള ബന്ധങ്ങൾ സ്ഥാപിക്കാറുണ്ട്.
സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയോ മന്ത്രിമാരോ വിദേശത്ത് പോകുമ്പോൾ അവിടെ നടക്കുന്ന ചർച്ചകളുടെ ഫലമായി പല പ്രതിനിധികളും കേരളം സന്ദർശിക്കാറുണ്ട്, പുതിയ ബന്ധങ്ങൾ തേടാറുണ്ട്. മുൻ വർഷങ്ങളിൽ ഇവ പ്രത്യേക വകുപ്പുകളുടെ ചുമതലയായിട്ടായിരുന്നു കണ്ടിരുന്നത്. ഇതുപോലെയുള്ള ചർച്ചകളുടെ എണ്ണം കൂടി വന്നപ്പോൾ കുറേക്കൂടി മെച്ചപ്പെട്ട കോര്‍ഡിനേഷന്‍ ആവശ്യമെന്ന് കണ്ടു.
അതിനായി കുറച്ചു കാലം മുമ്പ് ഉണ്ടാക്കിയ സംവിധാനമാണ് വിദേശ സഹകരണം എന്ന ഡിവിഷൻ. സമീപ കാലം വരെ സംസ്ഥാന സർവീസിൽ ഉണ്ടായിരുന്ന പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയ്ക്കായിരുന്നു ഇതിന്റെ ചുമതല. അദ്ദേഹം കേന്ദ്ര സർവീസിലേക്ക് പോയപ്പോൾ വാസുകിക്ക് നൽകി. എന്താണ് ചെയ്യേണ്ടത് എന്നുള്ളത് ഉത്തരവിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്'' ചീഫ് സെക്രട്ടറി വി.വേണു വിശദീകരിച്ചു.
വാർത്ത തെറ്റാണെങ്കിൽ അതിനെ വിമർശിക്കാനും തിരുത്താനും വിശദീകരിക്കാനും സംസ്ഥാനത്തെ ഉദ്യോഗസ്ഥ തലവൻ എന്ന നിലയിൽ ചീഫ് സെക്രട്ടറിക്ക് അവകാശമുണ്ട്. എന്നാൽ അതിന് അദ്ദേഹം ഉപയോഗിച്ച ഭാഷ, ഉദ്യോഗസ്ഥ തലപ്പത്ത് നിന്ന് ഉപയോഗിക്കേണ്ടതല്ല എന്നാണ് പൊതുവേ ഉയരുന്ന വിമർശനം.
രാഷ്ട്രീയ- ഭരണ നേതൃത്വം ഉപയോഗിക്കുന്ന ഭാഷയിലാണ് ചീഫ് സെക്രട്ടറി പ്രതികരിച്ചത്. ഇതിനുളള ആത്മവിശ്വാസം മുഖ്യമന്ത്രിയുടെ പിന്തുണയിൽ നിന്ന് ലഭിക്കുന്നതാണെന്ന് വ്യക്തമാണ്. മുഖ്യമന്ത്രിക്ക് കീഴിലുളള പൊതുഭരണ വകുപ്പാണ് കെ. വാസുകിയെ വിദേശ ഏകോപനത്തിൻെറ ചുമതല നൽകി ഉത്തരവിറക്കിയത്.
മുഖ്യമന്ത്രിയോ അദ്ദേഹത്തിൻെറ ഓഫീസോ പ്രതികരിക്കേണ്ടതും പ്രതിരോധിക്കേണ്ടതുമായ വിഷയത്തിലാണ് അമിതാവേശം കാണിച്ച് ചീഫ് സെക്രട്ടറി നേരിട്ടിറങ്ങി പുറപ്പെട്ടിരിക്കുന്നത്.
ഓഗസ്റ്റ് 31ന് സർവീസിൽ നിന്ന് വിരമിക്കുന്ന ചീഫ് സെക്രട്ടറി വി.വേണു, പുതിയ നിയമനം ലക്ഷ്യം വെച്ചാണ് സർക്കാരിനെ പ്രതിരോധിക്കാൻ രംഗത്തിറങ്ങിയിരിക്കുന്നത് എന്ന് ആക്ഷേപമുണ്ട്. വി. വേണു ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കുമ്പോൾ ഭാര്യയും അഡീഷണൽ ചീഫ് സെക്രട്ടറിയുമായ ശാരദാ മുരളീധരനാണ് പകരക്കാരിയായി വരുന്നത്. ഇതും സർക്കാരിനെ പ്രതിരോധിക്കാൻ അമിതോൽസാഹം കാട്ടിയതെന്നും ആക്ഷേപമുണ്ട്.