തിരുവനന്തപുരം: കന്യാകുമാരിയിൽ നിന്നും കാണാതായ 7 വയസ്സുകാരിയെ നെയ്യാറ്റിൻകര ബസ്റ്റാൻഡിൽ നിന്നും കണ്ടെത്തി. കഴിഞ്ഞദിവസം വൈകിട്ട് കന്യാകുമാരി കടൽത്തീരത്ത് കളിപ്പാട്ടങ്ങൾ വിൽപ്പന നടത്തിവന്നിരുന്ന ആന്ധ്ര സ്വദേശിയുടെ മകളായ സംഗീതയെ (7) ഇന്നലെ വൈകിട്ട് മുതൽ കാണാനില്ലായിരുന്നു.
രക്ഷിതാക്കൾ പല സ്ഥലങ്ങളും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് കന്യാകുമാരി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇന്ന് രാവിലെ നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിനുള്ളിൽ ഒരു പെൺകുട്ടി കരയുന്നത് ശ്രദ്ധയിൽപ്പെട്ട ബസ് യാത്രികരാണ് നെയ്യാറ്റിൻകര പൊലീസിനെ വിവരം അറിയിച്ചത്.
തുടർന്ന് പൊലീസ് എത്തി കുഞ്ഞിനെ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞിനോട് വിവരം ചോദിച്ചറിഞ്ഞതിനു ശേഷം കന്യാകുമാരി എന്ന് കുഞ്ഞു അറിയിച്ചതിനെ തുടർന്ന് കന്യാകുമാരി പൊലീസുമായി ബന്ധപ്പെടുകയായിരുന്നു. കന്യാകുമാരി പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ കൈമാറുന്ന നടപടിക്രമങ്ങൾ നടത്തി വരുന്നു