/sathyam/media/media_files/2025/10/05/hand-2025-10-05-15-44-52.jpg)
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്ലാസ്റ്റര്‍ ഇട്ട ഒന്‍പത് വയസുകാരിയുടെ കൈമുറിച്ചു മാറ്റേണ്ടി വന്നതില്‍ ചികിത്സാ പിഴവ് ഇല്ലെന്ന് ആവര്‍ത്തിച്ച് അധികൃതര്‍.
കൈക്ക് നിറവ്യത്യാസമോ വേദനയോ ഉണ്ടെങ്കില്‍ ആശുപത്രിയില്‍ എത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നീര് കൂടിയ ഉടന്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് ഡിഎംഒ ടി വി റോഷ് പറഞ്ഞു.
മുറിവിന് ശാസ്ത്രീയമായ ചികിത്സ നല്‍കി. ഇതിന് രേഖകളുണ്ട്. വേദന ഉണ്ടെങ്കില്‍ വരണം എന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ 30ാം തിയതിയാണ് വേദനയെ തുടര്‍ന്ന് കുട്ടി വരുന്നത്. ഉടന്‍ തന്നെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. നീര് കണ്ട ഉടനെ കുട്ടി വന്നിരുന്നെങ്കില്‍ രക്ഷിക്കാമായിരുന്നു – അധികൃതര്‍ പറഞ്ഞു.
അപൂര്‍വമായി കോംപ്ലിക്കേഷനാണ് കുട്ടിക്ക് ഉണ്ടായിരിക്കുന്നത്. അത് പ്ലാസ്റ്റര്‍ കാരണമല്ല. കുട്ടിക്ക് പൂര്‍ണമായും പ്ലാസ്റ്റര്‍ ഇട്ടിരുന്നില്ല. അതുകൊണ്ട് തന്നെ പ്ലാസ്റ്ററിന്റെ പ്രശ്‌നം അല്ല ഉണ്ടായത്. നിലത്ത് വീണ് ഉരഞ്ഞ് ഉണ്ടായ മുറിവായിരുന്നു. അതിന് കെയര്‍ കൊടുത്തിട്ടുണ്ട്. കുട്ടിക്ക് വേണ്ടി നമ്മുടെ ഭാഗത്ത് നിന്ന് ചെയ്യേണ്ടതെല്ലാം പ്രോട്ടോക്കോള്‍ പ്രകാരം ചെയ്തിട്ടുണ്ട് – അധികൃതര്‍ വ്യക്തമാക്കി.
ഒന്‍പതു വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയതില്‍ ആശുപത്രിക്കോ ഡോക്ടറുമാര്‍ക്കോ വീഴ്ച ഉണ്ടായിട്ടില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. സെപ്തംബര്‍ 24ന് കൈയ്ക്ക് പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ എക്‌സ്‌റേ പരിശോധിച്ച് ചികിത്സ നല്‍കി.
പ്ലാസ്റ്റര്‍ ഇട്ടതിന് ശേഷം കയ്യില്‍ രക്തയോട്ടമുണ്ടെന്ന് ഉറപ്പു വരുത്തി. വേദനയുണ്ടെങ്കില്‍ ഉടന്‍ ആശുപത്രിയെ സമീപിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയതുമായാണ് ഓര്‍ത്തോ ഡോക്ടര്‍മാരായ ഡോക്ടര്‍ സിജു കെ എം, ഡോക്ടര്‍ ജൗഹര്‍ കെ ടി എന്നിവര്‍ ഡി എം ഓക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.