/sathyam/media/media_files/WdXAG25xRolxJl5ulwfT.jpg)
രക്തത്തിലെ കൊളസ്ട്രോൾ നിരക്ക് നിശ്ചിത പരിധിയിലും കൂടുമ്പോൾ അതിറോസ്ക്ലിറോട്ടിക് പ്ലാക്ക് എന്ന വസ്തു രക്തക്കുഴലുകളിൽ അടിയാനിടയാക്കുന്നു. ഈ പ്ലാക്ക് വലുതായി പൊട്ടുമ്പോൾ അതിലേക്ക് രക്തകോശങ്ങളും കൂടിച്ചേർന്ന് ഒരു രക്തക്കട്ട രൂപപ്പെടുന്നു. ഈ രക്തക്കട്ട തങ്ങിനിന്നു ധമനികൾ അടയുന്നതോടെ ഹൃദയപേശികൾക്കു രക്തം ലഭിക്കാതെ വരുന്നു. ഇതാണ് ഹൃദയാഘാതത്തിലേക്കു നയിക്കുന്നത്.
സാന്ദ്രത കുറഞ്ഞ കൊളസ്ട്രോളായ എൽഡിഎൽ ആണ് ധമനികളിൽ പ്ലാക്ക് രൂപപ്പെടാൻ കാരണമാകുന്നത്. ഉയർന്ന സാന്ദ്രതയുള്ള കൊളസ്ട്രോളായ എച്ച്ഡിഎൽ പ്ലാക്ക് ഉണ്ടാക്കുന്നില്ല. പലപ്പോഴും എച്ച്ഡിഎൽ കൊളസ്ട്രോൾ രക്തത്തിലൂടെ സഞ്ചരിക്കുന്ന കൊളസ്ട്രോളിനെ തിരികെ കരളിലെത്തിച്ച് വിഘടിക്കാൻ സഹായിക്കുകയാണു ചെയ്യുന്നത്.പ്ലാക്ക് ഉണ്ടാകാൻ മറ്റു പല കാരണങ്ങളുമുണ്ട്. രക്തക്കുഴലിന്റെ സ്തരത്തിനു നാശം വരുത്തുന്ന പ്രമേഹം പോലെയുള്ള അസുഖങ്ങൾ, ഉയർന്ന രക്തസമ്മർദം, പുകവലിഇവയൊക്കെ പ്ലാക്ക് ഉണ്ടാകാനുള്ള കാരണങ്ങളാണ്. ഇത്തരത്തിലുള്ള എല്ലാ ആപത്ഘടകങ്ങളും ഒത്തുചേരുമ്പോൾ പ്ലാക്ക് രൂപപ്പെടാനുള്ള സാധ്യത വർധിക്കുന്നു.
17–18 വയസ്സുള്ള ചെറുപ്പക്കാർ മുതൽ പ്രായമായവരില്‍ വരെ പ്ലാക്ക് ഉണ്ടാകാം. വർഷം ചെല്ലുന്തോറും കൊഴുപ്പ് അടിഞ്ഞുകൂടി പ്ലാക്ക് വലുതാകുന്നു. ഒരു ഘട്ടമെത്തുമ്പോൾ ഇതു പൊട്ടി ഹൃദയധമനീരോഗങ്ങൾക്കും ഹൃദയാഘാതത്തിനും കാരണമാകുന്നു. ഹൃദ്രോഗമുണ്ടാക്കുന്ന വില്ലൻ എന്ന വിളിപ്പേരുണ്ടെങ്കിലും ശരീരത്തിന് ഏറെ ഉപകാരിയാണ് കൊളസ്ട്രോൾ. കോശസ്തര നിർമാണത്തിലും ഹോർമോൺ ഉൽപാദനത്തിനുമൊക്കെ ആവശ്യമുള്ള കൊളസ്ട്രോൾ നിർമിക്കുന്നത് കരളാണ്. രക്തത്തിലെ കൊളസ്ട്രോളിന്റെ മൂന്നിൽ രണ്ടു ഭാഗവും കരൾ നിർമിക്കുന്നതും ഒരു ഭാഗം ഭക്ഷണത്തിൽ നിന്നു ലഭിക്കുന്നതുമാണ്.