മുണ്ടക്കൈ – ചൂരൽമല ദുരിതബാധിതർക്കുള്ള ആശ്വാസ ധനസഹായം 9 മാസം കൂടി നീട്ടി സർക്കാർ ഉത്തരവ്

New Update
chooralmala neww

കൽപ്പറ്റ: വയനാട് മുണ്ടക്കൈ – ചൂരൽമല ദുരിതബാധിതർക്കുള്ള അടിയന്തര ആശ്വാസ ധനസഹായം നീട്ടി സർക്കാർ ഉത്തരവ്. 300 രൂപ വീതം 30 ദിവസത്തേക്കുള്ള സഹായം 9 മാസത്തേക്കു കൂടി നീട്ടിയാണ് ഉത്തരവ്. 

Advertisment

സഹായധനം നൽകുന്നതിന് ആവശ്യമായ എസ്ഡിആർഎഫ് ഫണ്ടിൽ നിന്നും സിഎംഡിആർഎഫ് ഫണ്ടിൽ നിന്നും വഹിക്കണമെന്നും ഉത്തരവ്.


അതേസമയം ദുരന്തബാധിതര്‍ക്കായുള്ള മാതൃകാ ടൗണ്‍ഷിപ്പിന്റെ നിര്‍മാണം ആരംഭിച്ചു. ഓരോ കുടുംബങ്ങൾക്കും ഏഴ്‌ സെന്റിൽ ആയിരം ചതുരശ്രയടി വീടാണ്‌ നിർമിച്ചുനൽകുന്നത്‌. 


രണ്ട് കിടപ്പുമുറി, പ്രധാന മുറി, സിറ്റൗട്ട്, ലിവിങ് റൂം, പഠനമുറി, ഡൈനിങ് ഹാൾ, അടുക്കള, സ്റ്റോർഏരിയ, ശുചിമുറി എന്നിവ വീടുകളിലുണ്ടാവും. 

ഭാവിയിൽ രണ്ടു നിലയാക്കാൻ കഴിയുന്ന നിലയിൽ പ്രകൃതിദുരന്തങ്ങളെ നേരിടാൻ ശേഷിയുള്ള അടിത്തറയാണ്‌ ഒരുക്കുക. മുകൾ നിലയിലേക്ക്‌ പടികളുമുണ്ടാകും.

ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്യൂണിറ്റി സെന്റർ, മൾട്ടി പർപ്പസ്‌ ഹാൾ, ലൈബ്രറി എന്നിവ ടൗൺഷിപ്പിലുണ്ടാകും. ആറുമാസംകൊണ്ട്‌ പ്രവൃത്തി പൂർത്തിയാക്കും. ടൗൺഷിപ്പിലേക്ക്‌ വരാത്ത കുടുംബങ്ങൾക്ക്‌ 15 ലക്ഷം രൂപവീതം നൽകും.