കൊച്ചി: ചോറ്റാനിക്കരയിൽ ആൺസുഹൃത്തിൽ നിന്നും ക്രൂരപീഡനത്തിന് ഇരയായ പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. പെൺകുട്ടിയെ പ്രതി അനൂപ് അതിക്രൂരമായി ഉപദ്രവിച്ചെന്ന് പൊലീസ്. പെൺകുട്ടിയുടെ ശരീരത്ത് പലയിടത്തും ഇടിയേറ്റ പാടുകളുണ്ട്.
ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചത് അനൂപ് തന്നെയാണെന്ന് പൊലീസ് പറയുന്നു. പെൺകുട്ടി വെന്റിലേറ്ററിൽ തുടരുകയാണ്. തലയ്‌ക്കേറ്റ ക്ഷതമാണ് കൂടുതൽ ഗുരുതരമായിട്ടുള്ളത്. പെൺകുട്ടി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നാണ് ആശുപത്രി അധികൃതർ സൂചിപ്പിക്കുന്നത്.
പ്രതിയായ അനൂപ് സംശയരോഗിയാണെന്ന് പൊലീസ് പറയുന്നു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി കഴിഞ്ഞ ഒരു വർഷമായി അനൂപ് അടുപ്പത്തിലാണ്. മറ്റ് സുഹൃത്തുക്കളുമായി സംസാരിക്കുന്നത് അനൂപിന് ഇഷ്ടമായിരുന്നില്ല.
സംഭവത്തിൽ കസ്റ്റഡിയിലെടുത്ത പെൺകുട്ടിയുടെ സുഹൃത്തായ തലയോലപ്പറമ്പ് സ്വദേശി അനൂപിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. ബലാത്സംഗ കേസും ചുമത്തിയിട്ടുണ്ട്. അനൂപിനെ ഇന്ന് വീണ്ടും പൊലീസ് വിശദമായി ചോദ്യം ചെയ്യും.