ബി.ജെ.പിയുടെ പുതിയ നീക്കങ്ങളോട് അനുകൂലമായി പ്രതികരിച്ച് ക്രൈസ്തവ സഭകള്‍; മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചതും ജോര്‍ജ് കുര്യന്റെ മന്ത്രിസ്ഥാനവും ക്രൈസ്തവര്‍ക്കുള്ള അര്‍ഹിക്കുന്ന പരിഗണന; ആറു മാസത്തിനു ശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വീണ്ടും ബി.ജെ.പി മാജിക് ഉണ്ടാകുമോ ?

ബി.ജെ.പി.യുടെ ക്രിസ്ത്യന്‍ സൗഹൃദം കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ മുന്നേറിയെങ്കിലും മധ്യകേരളത്തില്‍ വേണ്ടത്ര ഫലം കണ്ടില്ലെന്ന വിലയിരുത്തലുകള്‍ ഉണ്ട്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
narendra modi francis marpapa-2

കോട്ടയം: ബി.ജെ.പി വിരിച്ച പരവതാനിയിലൂടെ നടന്നു കയറി ക്രൈസ്തവ വിഭാഗം. ജോര്‍ജ് കുര്യനെ കേന്ദ്ര മന്ത്രിയാക്കിയും മാർപാപ്പയെ ആശ്ലേഷിച്ചും ഇന്ത്യയിലേക്കു ക്ഷണിച്ചും ബി.ജെ.പി നേതൃത്വം ഇപ്പോള്‍ കേരളത്തില്‍ തങ്ങള്‍ക്കുണ്ടായ അനുകൂല സാഹചര്യം പരമാവധി ഉപയോഗപ്പെടുത്താനുള്ള നീക്കമാണു നടത്തുന്നത്. ബി.ജെ.പി.യുടെ ക്രിസ്ത്യന്‍ സൗഹൃദം കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ മുന്നേറിയെങ്കിലും മധ്യകേരളത്തില്‍ വേണ്ടത്ര ഫലം കണ്ടില്ലെന്ന വിലയിരുത്തലുകള്‍ ഉണ്ട്. യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ നേടിയ മികച്ച വിജയങ്ങള്‍ കാണിക്കുന്നതു സമുദായം കോണ്‍ഗ്രസിനെ വന്‍തോതില്‍ പിന്തുണച്ചിരുന്നു എന്നതാണ്.

Advertisment

പക്ഷേ, വരുന്ന അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇതില്‍ വലിയ മാറ്റമാണു ബി.ജെ.പി. പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷങ്ങളായ മാര്‍പാപ്പയെ ഇന്ത്യയിലേക്കു ക്ഷണിക്കമന്നെ അവശ്യം പരിഗണിക്കാതിരുന്ന ബി.ജെ.പി അധികാരമേറ്റു ദിവസങ്ങള്‍ക്കകം മാര്‍പാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ചതും ശ്രദ്ധേയമാണ്.

പരമ്പരാഗതമായി, 23.46 ലക്ഷം വരുന്ന സീറോ മലബാര്‍ വിഭാഗം കോണ്‍ഗ്രസിനോട് അനുഭാവമുള്ളവരാണ്. കഴിഞ്ഞ കാലങ്ങളില്‍ ചില പരസ്യമായ പ്രസ്താവനകളും സഭാ തലവന്മാര്‍ ബി.ജെ.പി നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചകളും ഉണ്ടായിട്ടുണ്ടെങ്കിലും, ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂർ ഒഴികെ കോണ്‍ഗ്രസ് വോട്ട് ബാങ്കില്‍ ആശങ്കാജനകമായ ഇടിവുണ്ടായിട്ടില്ലെന്നാണു കേരളത്തിലെ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.


ഇതോടെയാണു ക്രൈസ്തവ ബന്ധം ബലപ്പെടുത്താൻ പാലാ രൂപതാംഗമായ ജോര്‍ജ് കുര്യനു കേന്ദ്ര മന്ത്രി സ്ഥാനം നല്‍കിയതും മാര്‍പാപ്പയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയതും ഇന്ത്യയിലേക്കു ക്ഷണിക്കുകയും ചെയ്തത്.


 ക്രൈസ്തവ വിഭാഗത്തിന്റെ പിന്തുണ കൂടി ഉറപ്പാക്കിയാല്‍ കേരള ഭരണം മരീചികയല്ലെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. ജോര്‍ജ് കുര്യനെ മന്ത്രിയാക്കിയതിനെ സ്വാഗതം ചെയ്തു സീറോ മലബാര്‍ സഭ ഉള്‍പ്പടെ വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ രംഗത്ത് വന്നതും അനുകൂലമായി കാണുന്നു.

തൃശൂര്‍ മണ്ഡലത്തില്‍ വിജയം നേടാനായതു ക്രൈസ്തവരുടെ വലിയ പിന്തുണ കൂടി ലഭിച്ചതിനാലാണെന്നാണു പാര്‍ട്ടിയുടെ വിലയിരുത്തല്‍. തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങളില്‍ ഗുരുവായൂര്‍ ഒഴികെ എല്ലായിടത്തും ബി.ജെ.പിക്കാണു ലീഡ്. ക്രൈസ്തവ വിഭാഗങ്ങള്‍ ഏറെയുള്ള ഇരിങ്ങാലക്കുട, തൃശൂര്‍, ഒല്ലൂര്‍ എന്നിവടങ്ങളില്‍ വലിയ ഭൂരിപക്ഷമാണു സുരേഷ് ഗോപിക്ക് ലഭിച്ചത്.

തിരുവനന്തപുരം, ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലങ്ങളുടെ പരിധിയിലുള്ള നേമം, വട്ടിയൂര്‍കാവ്, കഴക്കൂട്ടം, കാട്ടാക്കട, ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലങ്ങളിലും ബി.ജെ.പി. ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ക്രൈസ്തവ വിഭാഗങ്ങള്‍ താരതമ്യേന കുറവുള്ള ഈ മണ്ഡലങ്ങളിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ക്രൈസ്തവ പിന്തുണ കൂടി അനിവാര്യമാണെന്നാണു പാര്‍ട്ടിയുടെ വിലയിരുത്തല്‍.

മുന്‍പ് ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ ലക്ഷ്യമാക്കി അല്‍ഫോന്‍സ് കണ്ണന്താനം, എ.പി അബ്ദുള്ളക്കുട്ടി, അനില്‍ ആന്റണി, ടോം വടക്കന്‍ എന്നിവരെയെല്ലാം പരീക്ഷിച്ചെങ്കിലും കാര്യമായ പ്രയോജനം ബി.ജെ.പിക്കു കിട്ടിയില്ല. ഇതോടെയാണു ജോര്‍ജ് കുര്യനെ ഉള്‍പ്പെടുത്തി പുതിയ നീക്കങ്ങള്‍ക്കു തുടക്കമിട്ടത്.


ഇതിനിടെയാണു തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തില്‍ ക്രൈസ്തവ വോട്ടുകളും കാരണമായെന്നു ഫരീദാബാദ് രൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങരയുടെ പ്രസ്താവന പുറത്തുവന്നത്.


 സിറോ മലബാര്‍ സഭയിലെ ഒരംഗം കേന്ദ്രമന്ത്രിസഭയില്‍ ഉള്ളത് ബി.ജെ.പിക്ക് കേരളത്തിലെ സ്വാധീനം വര്‍ധിപ്പിക്കും. ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ വിജയം പ്രതിഫലിക്കും.  മാര്‍പാപ്പ  മോഡി കൂടിക്കാഴ്ച പ്രോത്സാഹനജനകമാണെന്നും അദ്ദേഹം പറഞ്ഞു. മാര്‍പാപ്പയുടെ ഇന്ത്യ സന്ദര്‍ശനത്തിനായി കാത്തിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മണിപ്പൂര്‍ വിഷയത്തില്‍ അദ്ദേഹം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നു വായിച്ചെടുക്കാനാവുന്നത് ബി.ജെ.പിയുടെ പുതിയ നീക്കങ്ങളോടുള്ള യോജിപ്പാണ്.

Advertisment